Monday, December 23, 2024
HomeUncategorizedഉറുമാമ്പഴത്തിന്റെ മണമുള്ള പെൺകുട്ടി, (കഥ) കെ.കെ.സിദ്ധിക്ക്

ഉറുമാമ്പഴത്തിന്റെ മണമുള്ള പെൺകുട്ടി, (കഥ) കെ.കെ.സിദ്ധിക്ക്

എന്റെ പ്രണയിനികളിൽ ഏറ്റവും സുന്ദരി ലീലാമ്മയായിരുന്നു..രാജാക്കൻമാരുടെ തിരുനാളിലായിരുന്നു അവളെ ആദ്യംകാണുന്നത്.. മുട്ടിനു താഴെയിറക്കുള്ളപാവാടയിൽ ഒളിപ്പിച്ചുവച്ച പ്രൗഡമായ പിൻഭാഗം കുലുക്കിപറിച്ചാണ് നടത്തം.ആൺകുട്ടികൾഇടുന്ന ഷർട്ടായിരുന്നു വേഷം. തിരുനാളിന് പ്രദക്ഷിണം വലിയ പള്ളീന്നിറങ്ങി കുരിശിൻ തൊട്ടിക്കയറി വലിയ കപ്പേളയിലെത്തിയപ്പോഴാണ് ആ കണ്ണുകളിലുടക്കിയത്. കനം കുറഞ്ഞനേര്യത് പുതച്ചിട്ടുണ്ട്.കണ്ണുകളിൽ പ്രണയത്തിന്റെ പരൽമീനുകൾ ഞെളിപിരികൊള്ളുന്നുണ്ട്.പിന്നാലെകൂടി…പുണ്യാളൻമാരെ തോളിലേറ്റി പ്രദുസേന്തിമാരുടെ പിറകിലായി നടന്നു നീങ്ങുന്ന രൂപംതാങ്ങിമാരുടെ കൂടെയങ്ങുചേർന്നു. പ്രദക്ഷിണം ചെറിയ പള്ളിയിലവസാനിച്ചപ്പോൾ പിൻഭാഗത്തു നിന്നവർ പള്ളിമുറ്റം കാണാതെപിരിഞ്ഞു.അക്കൂട്ടത്തിൽ അവളുമുണ്ടായിരുന്നു.അവളുടെ പിന്നാലെ കൂടി..കാലിലെ വെള്ളിക്കുൽസിന്റെ മണി പേരു വിളിച്ചുകൊണ്ട് മുന്നെ നടന്നു…
“എന്താടാചെറുക്കാ എന്റെപിന്നാലെ..നിനക്കിതെന്തിന്റെ കേടാ… ”
എനിക്കിയാളെയിഷ്ടായി… എന്റെ കൂടെ പേരുന്നോ?
ഒരുളുപ്പുമില്ലാതയാചോദ്യം..
അയ്യടാ ഇച്ചിരി പുളിക്കും.. എനിയ്ക്ക് ചോദിക്കാനും പറയാനും ആളുകളുണ്ട്..
അവൾ ഒന്നു വിരട്ടി നോക്കി..
എവിടാ അവര് ഞാനവരോട് ചോദിച്ചോളാം..
കൂസാതെ മറുപടി പറഞ്ഞു…
കൂടെ വന്നാ താൻ എന്തുതരും.. അവളുചോദിച്ചു..
ഒന്നും ആലോചിച്ചില്ല ..
ഉടൻ മറുപടികൊടുത്തു.
“കെട്ടിപ്പിടിച്ച് ഉമ്മ തരും”
അപ്പോൾഅവളുടെമുഖം ചുമക്കുന്നത് കാണാൻ നല്ല ചന്തമായിരുന്നു.
പ്രദക്ഷിണത്തെ തുടർന്ന് കോഴിപ്പുരയച്ഛന്റെ ദിവ്യഘോഷ പ്രഭാഷണം..പള്ളിയിൽ പൊടി പൊടിച്ചു നടക്കുന്നസമയം.. നടയിറങ്ങി അവൾ മാർസ്ലീവാസ്കൂളിന്റെ വശത്തുള്ളഇടവഴിയിലേയ്ക്ക് കയറി.. നേരം സന്ധ്യയായി.ഇടവഴിയിൽ വെട്ടോം വെളിച്ചവുമില്ല.. മാനും കൂടുമില്ല. ഇടത്തൊണ്ട് പകുതി കടന്നപ്പോൾ സത്യം പറയാമല്ലോ. എനിക്കു തടുക്കാൻ പറ്റിയില്ല ഞാനവളെ പിറകിൽനിന്നും കൈവട്ടമിട്ട് കൂടണച്ച്‌ പിടിച്ചു… ആകവിളിൽ ആക്രാന്തിച്ച് ഒരുഉമ്മ വെച്ചു കൊടുത്തു…പഴുത്ത ഉറുമാൻ പഴത്തിന്റെ മണമാണവൾക്ക്..എന്തായിരുന്നുസുഖം ..പഞ്ഞി കെട്ട് അമരുന്നപോലെ …നെഞ്ചി ലമർന്നുനിന്നു.
മാന്തും,കടിയും, പ്രതീക്ഷിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല..
ചെറുക്കാ.. ഇതെന്റെ നാടാ.. ആരെങ്കിലും കാണും..
എന്നു മാത്രം പറഞ്ഞു..
അപ്പോൾഒരു കാര്യം ഉറപ്പിച്ചു..
ആരും കണ്ടില്ലങ്കിൽ പരാതിയില്ല.. ഇടവഴിയിൽ കാൽ പെരുമാറ്റം കേട്ടപ്പോൾ കെട്ടുവിട്ടു..ചരടഴിഞ്ഞ പട്ടം പോലെ ആ വാനമ്പാടി ഓടി മാറി …
തിരിച്ചുപോരാൻതോന്നിയില്ല ..പെരുന്നാൾ മൂന്നു ദിവസമാണ്. രാവിലെ അവളുപള്ളീവരും.. തീർച്ച..
തിരിച്ചു പള്ളി മുറ്റത്ത് എത്തി. കോഴിപ്പുരയച്ഛൻ കത്തിക്കയറുകയാണ്..
അച്ഛനും പ്രണയത്തെകുറിച്ചാണ് പറയുന്നത്.യാക്കോബിന്റെയും റാഹേലിന്റെയും പ്രണയവും, റാഹേലിന്റെ പിതാവ് മൂത്ത മകളെ റാഹേലിനു പകരമായി കല്യാണം ചെയ്തുകൊടുത്തതും. പിന്നെ റാഹേലിനെ വേണമെങ്കിൽ ഏഴു വർഷം അവിടെ പണിയെടുക്കണമെന്നുപറഞ്ഞതും പ്രണയാതുരനായ യാക്കോബ് എല്ലാം സഹിച്ച് റാഹേലിനെ കൂടി സ്വന്തമാക്കിയതുമൊക്കെ അൽമായരായ സുന്ദരികളെ ഇക്കിളിപ്പെടുത്തുമാറ് അവതരിപ്പിക്കുന്നുണ്ട്.
ഉൽപത്തി പുസ്തകത്തിലെ രണ്ടാം അദ്ധ്യായം പതിനാലാം വാക്യം:
“അനന്തരം യഹോവായായദൈവം മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല,ഞാനവന് തക്കതായ ഒരിണയെ ഉണ്ടാക്കി കൊടുക്കും എന്നരുളിചെയ്തു”
കോഴിപ്പുരപ്പിതാവ് തുടർന്നു..
” അതിനാൽ പുരുഷൻ അപ്പനേയും അമ്മയേയും വിട്ടു പിരിഞ്ഞു. ഭാര്യയോട് പറ്റിച്ചേരും അവർ ഏക ദേഹമായിതീരും” (ഉൽപത്തി: 24)
യാക്കോബിന്റെയും, റാഹേലിന്റെയും പ്രണയപരവശതയും,ദിവ്യ പ്രേമവും കോഴിപ്പുരയച്ഛൻ പറഞ്ഞൊപ്പിച്ചപ്പോൾ പുളകിതനായികേട്ടിരുന്നു…ഓ ഈ അച്ചന്മാരുടെ ഒരു വാഗ്വിലാസമേ…വിശുദ്ധപുസ്തകത്തിൽപ്രണയവുമുണ്ടോ. യേശുവിശിഹാ.. പ്രണയിച്ചിരുന്നോ? അയ്യോ..ഇനി അത് പറഞ്ഞ് തല്ലു കൊളളണ്ട പണ്ടേതോആന്റണി മഗ്ദലനയിലെമേരിയെകൂട്ടി കർത്താവ്തമ്പുരാനെചേർത്തെഴുതിവലിയ പുകിലായതാ..
തന്നെ കുറിച്ചാകുമോ കോഴിപ്പുര പറയുന്നത്.. താൻ യാക്കോബും, അവൾ റാഹെലും..തങ്ങളിപ്പോൾ ജറുസലേമിലെ പദ്ദൽ ആരാമിലെ തന്റെ അമ്മാവനായ ലാബാന്റെ വീട്ടിലാണോ?
കോഴിപ്പുരയച്ഛൻ തന്റെ പ്രണയത്തിന്റെ താപം കൂട്ടിക്കൊണ്ടിരുന്നു..അന്നുറങ്ങാതെ പള്ളിമിറ്റത്തെകൊടി മരച്ചുവട്ടിൽകൂടി.. പെരുന്നാളിന് കൊഴുപ്പുകൂട്ടാൻ വന്നിട്ടുള്ള മരണക്കിണറും,കമ്പനിനാടകവും,തൊട്ടിലാട്ടവും കണ്ട് നേരം വെളുപ്പിക്കാൻ തീരുമാനിച്ചു…പെരുന്നാൾ കുർബ്ബാന കഴിഞ്ഞ് വെടിമരുന്നുപ്രയോഗംതുടങ്ങിയതോടെ ഉള്ളിൽ പ്രണയത്തിന്റെ കതിന കൾ നിരത്തിവച്ച് പെട്ടിക്കാൻ തുടങ്ങി.അവളുസമ്മാനിച്ച മധുരാലിംഗനം ഇന്നത്തേയ്ക്കുള്ളമരുന്നായി..ചുമ്മാ പള്ളിപ്പറമ്പിലൂടെ കിനാവുകണ്ടുനടക്കാൻതുടങ്ങി..എന്നാലും എങ്ങും മനസ്സ് ഉറച്ചുനിൽക്കുന്നില്ല ..കിട്ടിയസമയംകൊണ്ട് വീട് ചോദിച്ചറിഞ്ഞിരുന്നെങ്കിൽ അവളുടെ വീട്ടു പടിക്കെപോയി കുത്തിരിക്കാമായിരുന്നു. അതെങ്ങിനാ ആ സമയത്ത് വേണ്ടാതീനമാ തികട്ടി വന്നത്..
നേരം വെളുക്കാൻഇനിയും എത്ര നാഴികകഴിയണം..കപ്യാര് ലോറൻസിന് സമയം തെറ്റിമണിയടിക്കാൻകഴിഞ്ഞെങ്കിൽനേരം വെളുത്തേനെ. കുശിനിക്കാരൻ വെച്ചു വേവിച്ച ചിക്കൻ കറിയും, ചപ്പാത്തീം കഴിച്ച് കോഴിപ്പുരയച്ഛൻ പള്ളി മേടയിലെ വിളക്കണച്ച കിടന്നു. സ്റ്റേജിന്റ യടുത്ത് ലൈറ്റ് ആന്റ് സൗണ്ടുകാരൻ ജനറേറ്റർ ഓഫ് ചെയ്ത് പടം മടക്കി പോയി… കൊടിമരത്തിലെ കൊതച്ച്തൈച്ച മഞ്ഞക്കൊടിയിലെ കുരിശ് തന്നെ ഒളിഞ്ഞുനോക്കുന്നുണ്ട്. വിശപ്പും ദാഹവും ഒന്നുമറിയാതെ സ്റ്റേജിൽ വിരിച്ച കയറ്റുപായയിൽ കയറിക്കിടന്നു. ഉറക്കം തീരെ വരുന്നില്ല..കണ്ണടച്ചുപോയാൽ അവളാ.. ഇനി കണ്ണുതുറന്നാലോ അവളാ.. ഓ.. ഈ പ്രണയത്തിന്റെ ഒരു കാര്യം..
തന്റെ റാഹേൽ ഉറങ്ങി ക്കാണുമോ.. അതാ.. എന്നെപ്പോലെ ഉണർന്നിരിന്നു. കനവുകാണുകയാണോ…യാക്കോബിനോട് ഏഴു വർഷമാണ് കാലാവധി പറഞ്ഞത്.. എനിയ്ക്ക് 7 ദിവസം കാത്തിരിക്കാനാവില്ല… പക്ഷെ ചതിയനായ അമ്മാവൻ മൂത്തവൾ ലേയയെ ആണല്ലോ യാക്കോബിനുകൊടുത്തത് ഒടുവിൽ റാഹേലിനെ സ്വന്തമാക്കാൻ എന്തൊക്കെ ത്യാഗം പാവം.. യാക്കോബ്..
കോഴിപ്പുറത്തച്ഛന്റെവിവരണം ചെവിയിൽനിന്നിനിയും ഇറങ്ങിപ്പോയിട്ടില്ല…
നേരമൊന്നുവെളുത്തു കിട്ടിയാൽ മതിയായികുന്നു..
സ്റ്റേജിൽനിന്നും കൊതുകുകൾ ഉടലോടെപൊക്കിക്കൊണ്ടുപോകുമെന്നുതോന്നി..ഒന്നിനെയും കൊന്നില്ല.. അവളുടെനാട്ടിലെ കൊതുകല്ലേ… അവളെ കടിച്ചിട്ടാണ് ഇവിടെ വരുന്നതെങ്കിലോഅല്ലങ്കിൽ ഇവിടെ കടിച്ചശേഷംഅവിടെ പോയാലോ..
തെക്കോട്ടുള്ള ബസ്ന്റെ ഡ്രൈവർ കട്ടൻ കുടിയ്ക്കാൻ വന്നപ്പഴാണ ഒരാശ്വാസമായത്.. ഇനിയിപ്പോൾ വെളുപ്പിനുള്ള കുർബാനയ്ക്ക് അവൾ വരുമോ…ആവോ..
ഏതായാലും സൂര്യൻകിഴക്കുനിന്ന് മലമുകളിലൂടെ വലിയപള്ളിയെ പുതപ്പിക്കുവാൻ ഇറങ്ങിവന്നു.പള്ളിയുടെ പ്രധാനകവാടം തുറന്നു..അൾത്താരയിൽ നിന്നും പെട്ടിപ്പാട്ട് കേട്ടുതുടങ്ങി..
” എൻ ജീവിതമാം ഈ മരക്കൊമ്പിൽ നിന്റെ വരവിനായി കാത്തിരിപ്പു… ” അർഥസന്പൂർണ്ണമായപാട്ട്… ഒറ്റയ്ക്കും പെട്ടയ്ക്കും സ്ത്രീകൾ മൂടിപ്പുതച്ചുപളളിയിലെയ്ക്കു ഒഴുകിയെത്തുന്നുണ്ട്. ആരെയും കണ്ടാൽ തിരിച്ചറിയില്ല… ഏതായാലും പ്രധാന കവാടത്തിൽ തന്നെ തന്പടിച്ചു… ഒരുനോക്കെ കണ്ടുള്ളുവെങ്കിലും പെട്ടന്ന് തിരിച്ചറിയാനാവും. നല്ല പഴുത്ത ഉറുമാൻ പഴത്തിന്റെമണമാണവൾക്ക് ..അടുത്തുള്ളമഠത്തിലെ കർത്താവിന്റെമണവാട്ടിമാർ കൂട്ടത്തോടെ എത്തിക്കൊണ്ടിരുന്നു..പുകമഞ്ഞിന് പള്ളിപ്പറമ്പിൽനിന്നും ഇറങ്ങിപ്പോകാൻ ഒട്ടും മനസ്സില്ല.. ഇളം വെയിലേറ്റാൽ വാടുന്ന തളിരില പോലയാണ് പള്ളിയിലേയ്ക്ക് എത്തുന്ന തരുണികളുടെമുഖഭാവം..പിടക്കോഴികൂട്ടിൽ കയറിയശേഷം പാലം താഴെപോയത് കണ്ട് മണ്ടി നടക്കുന്നപൂവൻ കോഴിയെ പോലയാണ് ഇപ്പോഴത്തെ അവസ്ഥ. എങ്കിലും അവളെ കണ്ട് പിടിച്ചേഅടങ്ങൂഎന്ന വാശിയിലാണ് താൻ .. കിഴക്കിന്റെ തമ്പുരാൻ പള്ളിപ്പറമ്പിലെ പുൽനാമ്പുകളിൽ വർണ്ണപ്പൂക്കൾ വിരിയിക്കുന്നുണ്ട്. എന്നിട്ടും അവളു മാത്രം വരുന്നില്ല…ബലൂൺ കച്ചവടക്കാരും,തോടവും,അലുവായുംപൊരിയും വിൽക്കുന്നവരും തട്ടുനിരത്തി സജീവമായിതുടങ്ങി…ഇടവക വികാരിതുരുത്തേലച്ചൻ മേലങ്കിയണിഞ്ഞ് അൾത്താരയിലെത്തി. കുന്തിരിക്കം പുകച്ചു കൊണ്ട് കപ്യാര് തിരുകർമ്മങ്ങൾക്കു കോപ്പുകൂട്ടി.. പെട്ടി പാട്ട് നിന്നു…
പളളിയ്ക്കകത്ത് പൂപ്പാടങ്ങളിൽ പൂവിരിഞ്ഞുനിൽക്കുന്നതുപോലെ വിവിധവർണ്ണങ്ങൾ നിര നിരയായി നിന്നു..തന്റെ റാഹേൽഇനിയും വന്നില്ലല്ലോ.നിരാശ തേൻ പറ്റിയ മേനിയിൽ ഉറുമ്പ് പരതുമ്പോലെ മേലാകെ കയറിക്കൂടി ..
അപ്പോഴാണ് തുരുത്തേലച്ഛന്റെ മുന്നറിയിപ്പുവന്നതു..
“ഇന്നലെ ദിവ്യ നഗരിക്കാണിക്കലിൽ പങ്കെടുത്തുതിരിച്ചു പോയ മരോട്ടിക്കൂട്ടത്തിൽ ഔസഫിന്റെ പുത്രി സ്ലീബാസ്കൂളിന്റെ ഇടവഴിയിൽ വച്ച് സാത്താനെ ക്കണ്ട് പേടിച്ചു”
സാത്താൻമാരെ പുറത്ത് വിടാനുള്ള പ്രത്യേക മുട്ടി പ്രാർഥനയിന്നുണ്ടായിരിക്കുന്നതാണ്..
അറിയിപ്പുകേട്ടപ്പോൾ സാത്താന്റെ ഉള്ള് പിടയുന്നതിനുപകരം തന്റെ നെഞ്ചെന്ന് പതറി… കുർബ്ബാന മുഴുമിക്കും മുമ്പ് പുറത്തുകടക്കാം..
സാത്താനെ ഒഴിപ്പിങ്ങുന്ന മുട്ടി പ്രാർഥനയിൽ എന്തായിരിക്കും ശിക്ഷ വിധിക്കുക. വികൽപം പുറത്തുകാണിക്കാതെയിരുന്നു.
സാത്താനെ ഭൂതങ്ങളുടെ രാജാവെന്ന് മത്തായിയുടെ സുവിശേഷത്തിലും, ഇഹലോകത്തിന്റെനാഥനെന്ന്കോറിയാന്തരിലും വിശേഷിപ്പിച്ചിട്ടുണ്ട്.. വികാരിയച്ചൻ തുടങ്ങി..കറുത്ത കുർബ്ബാനചിലർ നടത്താറുണ്ട്. ഇപ്പോൾ ഇത് ചിലയിടങ്ങളിൽ നടക്കുന്നുണ്ട്.നമ്മൾ ഇന്ന് സാത്താനെ ഓടിക്കുന്നതിലേയ്ക്കായി കർത്താവുതമ്പുരാനെയും തമ്പുരാന്റെ അമ്മയേയും സാക്ഷിയാക്കി വിശുദ്ധകുർബ്ബാനക്കിടയിൽ തിരുഓസ്തി കത്തിക്കുന്നതായിരിക്കും.’
അച്ഛൻ ഒന്നു നിർത്തി.
ഒരു ഇരിയ്ക്ക പൊറുതി ഇല്ലായ്മ…പതിയെ സ്കൂട്ടാവുന്നതാണ് നല്ലത്.. അറിയാതെ തന്നെ പൊന്തിപ്പോയി.. ഈ സമയം അൾത്താരയിൽ നിന്നും പോ…സാത്താനേ.. പോ… എന്ന് എല്ലാവരുടെയും, കണ്ഠങ്ങളിൽ നിന്നും ഉതിർന്നുവീണുകൊണ്ടിരുന്നു..

കെ.കെ.സിദ്ധിക്ക്.
(മികച്ച രചന – സംസ്‌കൃതി & ആർഷഭാരതി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments