“അടുത്ത ആഴ്ച വിഷു ആയില്ലേ അമ്മേ? ഈ അച്ഛനെന്താ വരാത്തത്. സീനച്ചേച്ചിയും, കുട്ടേട്ടനും രാധച്ചേച്ചിയുമൊക്കെ പടക്കം പൊട്ടിക്കാൻ തുടങ്ങി. ഇവിടെ മാത്രം”. അമ്മു ചിണുങ്ങി.
“അച്ഛൻ വരും മോളെ, ധാരാളം സ്വീറ്റ്സും പടക്കവും ഉടുപ്പും ഒക്കെ കൊണ്ടുവരും. ഇപ്പോൾ മോൾ ഹാളിലിരുന്ന് ആ പടങ്ങളൊക്കെ കളറടിച്ച് അമ്മയെ കാണിക്കു” നന്ദിനി മകളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
നന്ദിനി കഴിഞ്ഞ കാര്യങ്ങൾ ഓരോന്ന് ആലോചിച്ചിരുന്നു.
മൂന്നുവർഷമായി ശിവകാശിയിലെ ഒരു പടക്കക്കമ്പനിയിലാണ് ജോസേട്ടൻ ജോലി ചെയ്യുന്നത്. ഓണത്തിനും വിഷുവിനും മാത്രമെ വീട്ടിൽ വരാറുള്ളു. വലിയ അദ്ധ്വാനമില്ലാത്ത ജോലിയാണത്രെ. ഇവിടെ മരം കയറി ചോലയടിക്കുന്നതിനും, കെട്ടിടം പണിക്കും എല്ലാം പോകുമായിരുന്നു.
തേക്കുംതൊടിയിലെ ക്ലാരച്ചേട്ടത്തിയുടെ മാവിൽ കയറി മാങ്ങ പറിക്കവെയാണ് പിടിവിട്ട് താഴെ വീണത്. ആശുപത്രിയിലെത്തിക്കാൻ അവർ സഹായിച്ചുവെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ല അവിടത്തെ പണികളെല്ലാം സ്ഥിരമായി ചെയ്തിരുന്നത് ജോസ് ആയിരുന്നു.
അപകടത്തെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ ക്ളാരച്ചേട്ടത്തി പറയുന്നതിങ്ങനെയാണ്.
“ഉയരത്തിൽ നിന്നാണ് പണിയെടുക്കുന്നതെന്ന ബോധം വേണ്ടേ. തീരെ ശ്രദ്ധിക്കാത്തത് കൊണ്ട് പറ്റിയതല്ലേ? അനുഭവിക്കട്ടെ. അല്ലാതെ ഞാനെന്നാ ചെയ്യാനാ? സ്ഥിരമായി പണിയെടുത്തിരുന്നു, അതിന് കൃത്യമായി കൂലിയും കൊടുത്തിരുന്നു”.
വിവരമറിയിച്ചവരോട് അമ്മയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
“അവൾ ഇതല്ല ഇതിനപ്പുറം അനുഭവിക്കാൻ കിടക്കുന്നതേയുള്ളു. അവൾ അത്രമാത്രം ഞങ്ങളുടെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ട്”.
അപ്പോൾ അങ്ങനെ പറഞ്ഞെങ്കിലും എല്ലാ ആഴ്ചയിലും പട്ടിണി കൂടാതെ കഴിയാനുള്ള അരിയും സാധനങ്ങളും ഓട്ടോയിൽ വീട്ടിലേക്ക് അയക്കുമായിരുന്നു.
ചെക്കപ്പിന് ഹോസ്പിറ്റലിൽ പോകുന്നതിന് സമയാസമയം വാഹനം അയച്ചു തന്നതും അച്ഛനായിരുന്നു.
സ്നേഹനിധികളായ – ആത്മാഭിമാനികളായ ആ അച്ഛനും അമ്മയും ഒരു വർഷം മുമ്പ്, മൈസൂരിലേക്കുള്ള വിനോദ യാത്രയിൽ അപകടത്തിൽപെട്ട് മരിക്കുകയാണുണ്ടായത്.
ഉള്ള വസ്തുവിൻ്റെ കുറെ ഭാഗം വിറ്റ് ചികിത്സ നടത്തി. ഒരു വിധത്തിൽ രക്ഷപ്പെട്ടുവെങ്കിലും കഠിനമായ ജോലികൾ ചെയ്യാൻ പാടില്ല – പറ്റില്ല – അതായിരുന്നു അവസ്ഥ.
മകൾ അമ്മുവിന് അന്ന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. വിഷമത്തോടെയാണെങ്കിലും തമിഴ്നാട്ടിലെ ഗണേഷ് അങ്കിളിൻ്റെ ശുപാർശ പ്രകാരമാണ് പടക്ക കമ്പനിയിലെ ജോലിക്കായി ശിവകാശിയിലേക്ക് പുറപ്പെട്ടത്. ലീവിന് വരുമ്പോൾ പ്രത്യേകിച്ച് വിഷുക്കാലത്ത് ധാരാളം പടക്കവും പൂത്തിരിയും ഒക്കെ കൊണ്ടുവരും.
അയൽപക്കത്തെ കുട്ടികൾക്കും കൊടുക്കും.
തൻ്റെ ആങ്ങളമാർക്ക് ഇഷ്ടമല്ലാത്ത സ്നേഹ വിവാഹമായതിനാൽ അവർ രണ്ടാളും അൽപ്പം അകൽച്ചയിലാണ്. ഇന്നലെ അവർ രണ്ടുപേരുംകൂടി അസാധാരണമായി ഇവിടെ വരികയുണ്ടായി. രാമദാസ് ആണ് തുടക്കമിട്ടത്. “നോക്ക് നന്ദിനി ഞങ്ങൾ ഒരു കാര്യം പറയാനാണ് ഇങ്ങോട്ട് വന്നത്. കരഞ്ഞുപിടിച്ചു ബഹളമുണ്ടാക്കരുത്. പറയുന്നത് ക്ഷമയോടെ കേൾക്കണം. നിൻ്റെ ജോസിന് ചെറിയൊരു അപകടം പറ്റി ആശുപത്രിയിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആകും. ഇപ്രാവശ്യം വിഷു ആയിട്ട് വരാൻ വൈകുന്നു എന്നോർത്ത് വിഷമിക്കേണ്ട. അവൻ വിഷുവിന് മുമ്പായിതന്നെ വരും”
ഞാൻ മൂന്നു ദിവസമായി ദിവസവും ജോസേട്ടനെ വിളിക്കാറുണ്ട്. ഫോൺ എടുക്കുന്നില്ല. ‘വിവരമറിയാതെ വിഷമിച്ചിരിക്കയായിരുന്നു. അപകടം ഗുരുതരമാണോ ? എന്നെ ഒന്നതുവരെ കൊണ്ടുപോകുമോ”?
നന്ദിനി ഏട്ടന്മാരോട് കെഞ്ചി.
“നീ വിഷമിക്കണ്ട. രണ്ടു ദിവസത്തിനുള്ളിൽ അവനെ ഇവിടെ കൊണ്ടുവരാം.
മറ്റു ചില തിരക്കുകളുണ്ട്.
ഞങ്ങൾ പോകുന്നു”.
രാമദാസ് പറഞ്ഞു. അവർ രണ്ടുപേരും പുറത്തിറങ്ങി നടന്നകന്നു.
“””””””””””””””””””””””
“അമ്മേ, നാളെയാണ് വിഷു എന്ന് അപ്പറത്തെ വീട്ടിലെ ചേച്ചി പറഞ്ഞല്ലോ. അവരുടെ അച്ഛൻ കുറെ പടക്കമൊക്കെ വാങ്ങിയത്രെ. രാവിലെ അവളുടെ അമ്മ കണി ഒരുക്കി കാണിക്കുമത്രെ. നമുക്കും കണി ഒരുക്കണ്ടേ? അച്ഛനെന്താ വരാത്തത്?
നന്ദിനി മകളെ ചേർത്തുപിടിച്ചു. സങ്കടം ഒതുക്കിപ്പറഞ്ഞു. “വരും മോളെ, അച്ഛൻ വരും. നമുക്കും കണി കാണാം. മോൾ ഇപ്പോൾ ഉറങ്ങിക്കോ. നേരം വളരെ വൈകിയില്ലേ? അമ്മ ‘ രാവിലെ വിളിച്ചുണർത്തി കണി കാണിക്കാം”.
നന്ദിനി മകളോടൊപ്പം കിടന്നെങ്കിലും അവൾക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. കണ്ണുനീർ കൊണ്ട് തലയിണ നനഞ്ഞു കുതിർന്നു.
വെളുപ്പിന് നാലുമണിക്കുതന്നെ അയൽവക്കത്തു നിന്നെല്ലാം പടക്കം പൊട്ടിക്കുന്ന ശബ്ദം കേൾക്കായി. പൂത്തിരിയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം ജനാലയിലൂടെ ഉള്ളിലേക്ക് കടന്നുവന്നു.
പെട്ടെന്നാണ് നന്ദിനിയുടെ മൊബൈൽ അടിക്കുന്നത് കേട്ടത്. ആരെങ്കിലും വിഷു ആശംസകൾ അറിയിക്കാൻ വിളിക്കുകയാണെന്ന് കരുതി ഫോൺ എടുക്കാൻ മടിച്ചു. തുടർച്ചയായി അടിച്ചു കൊണ്ടിരുന്നപ്പോൾ മൊബെെൽ എടുത്തു ആരാണെന്ന് നോക്കി.
കൃഷ്ണരാജ് ആണ്.
“എന്താ ഏട്ടാ, പറയൂ. ജോസേട്ടനെ ഡിസ്ചാർജ് ചെയ്തില്ലേ”?
“ഞങ്ങൾ അങ്ങോട്ട് വന്നു കൊണ്ടിരിക്കയാണ്. രാമേട്ടനും കൂടെയുണ്ട്. നീ ജോസിനെ കിടത്താൻ ഒരു മുറി ഒരുക്കി വെക്കണം. ഞങ്ങൾ ഉടനെ എത്തും. ബാക്കിയെല്ലാം വന്നിട്ട് പറയാം”.
ഫോൺ കട്ട് ചെയ്തു.
നന്ദിനി ആലോചിച്ചു. ദൈവമേ എന്തൊരു പരീക്ഷണമാണ്. പരിക്കുകൾ ഗുരുതരമാകുമോ? ആലോചിച്ചിരിക്കാൻ സമയമില്ല. അവൾ വേഗം തന്നെ മുറിയെല്ലാം അടിച്ചു വൃത്തിയാക്കി, ബെഡ് ഷീറ്റ് മാറ്റി വിരിച്ചു.
അപ്പോഴേക്കും ഒരു ആംബുലൻസ് മുറ്റത്തെത്തി. രാമദാസും, കൃഷ്ണരാജും ചേർന്ന് ജോസിനെ പുറത്തിറക്കി. സ്ട്രെച്ചറിൽ തന്നെ മുറിയിലേക്ക് കൊണ്ടുവന്നു കിടത്തി.
തൻ്റെ മാറിൽ ഏങ്ങലടിച്ചു കരയുന്ന നന്ദിനിയുടെ കണ്ണുനീർ വലതു കൈയുടെ ചൂണ്ടുവിരൽകൊണ്ട് തുടച്ച് ജോസ് പറഞ്ഞു.
“വലിയൊരു
അപകടം തന്നെ ആയിരുന്നു. മൂന്നു പേർ മരണപ്പെട്ടു. സ്ഫോടനത്തിൽ തെറിച്ചുവന്ന ഒരു ബീമിൻ്റെ കഷ്ണം അടിച്ച് ഇടതുകാൽ തകർന്നു പോയെന്ന് ‘ മാത്രം. സാരമില്ല കുറച്ചു ദിവസം നടക്കാൻ പ്രയാസമുണ്ടാകും.
എന്നുമുതൽ ജോലിക്ക് പോകാൻ കഴിയുമെന്നതിന് ഒരു ഊഹവുമില്ല. അതുവരെ എങ്ങനെ കഴിയും. തുടർ ചികിത്സയും വീട്ടുചെലവും എങ്ങനെ നടത്തുമെന്നതിലാണ് ഇപ്പോഴത്തെ എൻ്റെ ആശങ്ക”.
“അതേക്കുറിച്ച് ഓർത്ത് ജോസേട്ടൻ വിഷമിക്കേണ്ട. നമുക്ക് മുൻ അനുഭവം ഉള്ളതല്ലേ? ആർക്കായാലും സഹായിക്കുന്നതിൽ ഒരു പരിധിയുണ്ട്. അതുകൊണ്ടുതന്നെ ഇതുപോലുള്ള അവസരങ്ങളിൽ ഉപകാരമാകുന്ന കുടുംബ ജനറൽ ഇൻഷൂൻസ് ‘പോളിസി ഞാൻ എടുത്തിട്ടുണ്ട്. ഇൻഷൂറൻസ് ഏജൻ്റ് നന്ദൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്ന് ചേർത്തിയതാണ്. കൃത്യമായി അടക്കുന്നുമുണ്ട്. ഈ അവസരത്തിൽ നന്ദനോടൊന്ന് വരാൻ പറയാം ബാക്കിയെല്ലാം അയാൾ നോക്കിക്കൊള്ളും.
ജോലിക്ക് ഇറങ്ങാൻ കഴിയുന്നതുവരെ ആഴ്ചതോറും ഒരു നിശ്ചിത തുക നമുക്ക് കിട്ടും. വാഹനത്തിൽ പോയി വരുന്നതടക്കമുള്ള ആശുപത്രിച്ചെലവും തിരികെ കിട്ടും. നമ്പർ തന്നിട്ടുണ്ട്”.
എല്ലാം കേട്ടപ്പോൾ ജോസ് പറഞ്ഞു.
“ശരി, നല്ല കാര്യം. നീ മോളെ വിളിക്ക്, എനിക്ക് കാണാൻ – കണികാണാൻ – വൈകി”.
“ഞാനിപ്പോൾ കൊണ്ടുവരാം”. നന്ദിനി അപ്പുറത്തെ മുറിയിലേക്ക് കടന്ന് അമ്മുവിനെ വിളിച്ചുണർത്തി.
“എന്താ അമ്മേ, കണി കാണാൻ സമയമായോ”?
നന്ദിനി ഒന്നും പറയാതെ മകളെക്കൂട്ടി ജോസിൻ്റെ മുറിയിലേക്ക് നടന്നു.
“ഹായ് അച്ഛൻ, അച്ഛനെക്കാണാതെ ഇന്നലെ അമ്മു കുറെ കരഞ്ഞു. അച്ഛനെന്താ പറ്റിയത്?. എന്താ കിടക്കുന്നത്? എഴുന്നേൽക്കു”.
അമ്മു ചിണുങ്ങി.
ജോസ് മകളെ അടുത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.
എല്ലാം കണ്ടുനിന്ന അമ്മുവിൻ്റെ അമ്മാവന്മാരുടേയും കണ്ണുകൾ ഈറനണിഞ്ഞു.
അവർ അമ്മുവിനെ അരികിൽ പിടിച്ചുനിർത്തി.
“മോൾക്ക് വിഷു കൈനീട്ടം തരാം ട്ടോ.
അവർ അമ്മുവിൻ്റെ കയ്യിൽ വിഷുക്കൈനീട്ടവും ഒപ്പം ഒരു പുത്തനുടുപ്പും വെച്ചുകൊടുത്തു.
അമ്മുവിന് സന്തോഷമായി.
“നന്ദിനിയോടായി അവർ പറഞ്ഞു. ഇപ്പോൾ ഞങ്ങൾ പോകുന്നു. അടുത്ത ആഴ്ച പരിശോധനക്ക് കൊണ്ടുപോകണം.. ഞങ്ങൾ വന്ന് കൊണ്ടുപോയ്ക്കൊള്ളാം. അധികം കട്ടിയുള്ള ആഹാരമൊന്നും അതുവരെ കൊടുക്കേണ്ട. അതുമല്ല ടൗണിലെ സാന്ത്വനം ആശുപത്രിയിൽ തുടർ ചികിത്സ ലഭിക്കുമോ എന്നും അന്വേഷിക്കട്ടെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം.
മോളെ, പോയിട്ട് പിന്നെ വരാം, ട്ടോ”. അമ്മുവിൻ്റെ കവിളിൽ തട്ടി
അവർ യാത്ര പറഞ്ഞിറങ്ങി.
അപ്പോഴും ചുറ്റുപാടും, അയൽക്കാരും പടക്കവും കമ്പിത്തിരിയും പൂക്കുറ്റിയും കത്തിച്ച് വിഷു ആഘോഷിക്കുകയായിരുന്നു.