ഇടവഴിയുടെ രണ്ടു വശവും ഇല്ലിമുളം കാടുകളാണ്. ആകാശത്തെ എത്തിപ്പിടിക്കാനാണോ എന്നു തോന്നുമാറ് മാനം മുട്ടെ വളർന്നു നില്ക്കുന്ന ഇല്ലിമുളം കൂട്ടം. മഞ്ഞക്കസവണിഞ്ഞ് നാണം കുണുങ്ങി കാറ്റിലാടിക്കളിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
വർഷങ്ങൾ ഓരോന്നു കടന്നു പോയി. മുപ്പത്താറു കൊല്ലം കഴിയേണ്ടേ പൂവും കായും കാണാൻ. കാത്തിരിപ്പിന് ഫലമുണ്ടായി.ഇല്ലി പൂത്തു എത്ര സുന്ദരമായ കതിർക്കുലകൾ. സ്വർണ്ണം വാരിപ്പൂശിയതുപോലെ!
തൊട്ടടുത്തു തന്നെയാണ് കാളിയമ്മയുടെ വീട് .അവർക്ക് ഇല്ലി പൂത്തതു കണ്ടിട്ട് ഭയങ്ക സന്തോഷം
അവർ വിളിച്ചു പറഞ്ഞു.
“കൊച്ചണ്ടാത്തിയേ ഇല്ലി പൂത്തതു കണ്ടില്ലേ?”
ഇക്കൊല്ലം കുട്ടികൾക്ക് മഴക്കാലത്ത് ഇച്ചിരി കഞ്ഞീം കുടിച്ചു കിടക്കാം… ഇല്ലിനെല്ല് കിട്ടുമല്ലോ! എന്തായാലും ഇല്ലി കനിഞ്ഞല്ലോ !
കാളിയമ്മ ഇടയ്ക്ക് വീട്ടിൽ വരും വലിയ കരിയിലക്കൊട്ടയോ, ചാണക ക്കൊട്ടയോ നെയ്ത് വീടിൻ്റെ മുറ്റത്തിനു പുറമെ വന്നു നില്ക്കും.
പണ്ടൊക്കെേ വേനൽക്കാലമായാൽ പറമ്പു മുഴുവനും അടിച്ചു വൃത്തിയാക്കി തീയിടും. കരിയിലവാരാൻ വേണ്ടിയാണ് കരിയിലക്കൊട്ട. പറമ്പിൽ നിറയെ വൃക്ഷങ്ങമാണ് അപ്പോൾ കരിയിലകളും ഉണ്ടാകും
കാളിയമ്മയെ കാണുമ്പോൾ രാമായണ കഥയിലെ ശൂർപ്പണഖയാണോ എന്നു തോന്നിയിട്ടുണ്ട്. കാതും നീട്ടി വളർത്തി മുറുക്കി ച്ചുവപ്പിച്ച് കറുത്ത് കരിവീട്ടിപോലെ ഇരിക്കുന്നവർ കണ്ടാൽത്തന്നെ പേടി തോന്നും. എന്തായാലും ഒരു നീല റൗക്കയിട്ട് മാറ് മറച്ചിട്ടുണ്ട്. മുട്ടോളം വരുന്നൊരു കള്ളിമുണ്ട്, നാല്പതു വയസ്സിനോടടുത്ത് പ്രായം വരും മുടിയെല്ലാം ചുരുണ്ട് ആകെ കണ്ടാൽ പേടിപ്പെടുത്തുന്നൊരു രൂപം.ആണുങ്ങളുടെ പോലെ പണിയെടുക്കും. എന്തെങ്കിലും ഭക്ഷണം കൊടുത്താൽ മതി. കാണാൻ പേടി തോന്നുമെങ്കിലും ആളൊരു പാവമാണ്. ചെറുപ്പത്തിൽ നല്ല സുന്ദരിതന്നെയായിരിക്കണം.കാതിൽ വലിയൊരു,ഓല കൊണ്ടൊരു തോടയുമിട്ട് ഒറ്റമുണ്ടും ഉടുത്ത് വരും.
പണ്ടൊക്കെ കൂലിയായി നെല്ലോ അരിയോ ഒക്കെയാണല്ലോ കൊടുക്കുന്നത്. കൊയ്യാനും തെങ്ങിൻ തടമെടുക്കാനും സ മർദ്ധതന്നെ !വയർ നിറയെ ഭക്ഷണം കിട്ടിയാൽ മതി. അവർ കഴിച്ച് ബാക്കിയുള്ളത് തലയിൽ കിടക്കുന്ന തുണിയിൽ ഇലവച്ചിട്ട് ചോറും കറികളും ഇലയിലിട്ട് പൊതിഞ്ഞു കെട്ടി അവരുടെ കുട്ടികൾക്കു കൊണ്ടു ക്കൊടുക്കും ഇതാണ് പതിവ്.
ഇല്ലിപ്പൂവിന് കായ് വന്നു നെന്മണി പോലെ മൂത്തു പഴുത്ത് സ്വർണ്ണക്കതിരായി.
കാളിയമ്മ ഇടവഴിയെല്ലാം അടിച്ചു നല്ല തിണ്ണ പോലെയാക്കിയിടും .വേനൽക്കാലമായതുകൊണ്ട് മഴയില്ല. അതു കൊണ്ട് എല്ലാടവും അടിച്ചു വൃത്തിയാക്കിയിടാം. പാകമായ ഇല്ലി നെല്ല് എല്ലാം താഴെ വീഴും അടിച്ചു വാരിയെടുക്കാൻ അടുത്തുള്ളവർ എല്ലാവരും കൂടും കൂട്ടത്തിൽ കുട്ടികളും ! കൂടാതെ അടുത്ത വീട്ടിലെ കുട്ടി വലിയമ്മയും ഉണ്ടാകും. കുട്ടി വല്യമ്മ,പാടത്തും പറമ്പിലും പണിക്കു വരുന്നതാണ്.
ആളൊരു പാവമാണ് കണ്ടാൽ ആരും ഒന്നു നോക്കിപ്പോവും. മുട്ടുവരെയുള്ള ഒരു കുറിയ മുണ്ടുടുത്ത്, മുടി മുകളിൽ കെട്ടി വച്ച് കഴുത്തിൽ ചരടിൽ കോർത്തൊരു താലിയും ,വിരിഞ്ഞ മാറിൽ മറയൊന്നുമില്ലാതെ കൊഴുത്തുരുണ്ട് നീണ്ടു കിടക്കുന്ന രണ്ടു മുലകളും! വലിയമ്മയ്ക്ക് തുണി ഇല്ലെങ്കിലും കുഴപ്പമില്ല. ഉണ്ടായാലാണ് കുഴപ്പം എവിടേയെങ്കിലും പോവുകയാണെങ്കിൽ ഒരു മുണ്ടു പൂതയ്ക്കുo.
വീട്ടിലേയ്ക്ക് തിരിച്ചു വന്നാൽ മേൽമുണ്ട് അഴിച്ച് ഒരേറാണ് പാമ്പിനെ എടുത്തെറിയുന്നതുപോലെ അത്ര ദേഷ്യമാണ് മാറുമറയ്ക്കുന്നത്.
ചിലപ്പോൾ മുലക്കരം കൊടുക്കണം എന്നു വിചാരിച്ചായിരിക്കും മാറു മറക്കാത്തത്.”
പണ്ട് മാറു മറച്ചാൽ മുലക്കരം കൊടുക്കണമായിരുന്നല്ലൊ ! മേലാളന്മാർക്ക് കണ്ട് ആസ്വദിക്കാനായിരിക്കും ഇങ്ങനെ ഒരു നിയമം ഉണ്ടാക്കി വച്ചത് .പാവങ്ങൾ ഇതു വല്ലതും അറിയുന്നുണ്ടോ?
പണ്ടൊക്കെ നെല്ലു കുത്തുന്നത് നാലു പേർ കൂടിയിട്ടാണ് നെല്ലുകുത്താൻ പ്രത്യേക സ്ഥലo താഴെ ഒരുക്കിയിട്ടുണ്ട്ഓരോരുത്തർ വട്ടത്തിൽ നിന്ന് നെല്ലുകുത്തി അരിയാക്കി എടുക്കും മറ്റുള്ളവർ റൗക്ക ഇട്ടിട്ടുണ്ട് കുട്ടി വല്യമ്മയ്ക്ക് റൗക്ക ഇല്ലാത്തതു കാരണം നിയന്ത്രണമില്ലാതെ താളത്തിനൊത്ത് യഥേഷ്ടം അങ്ങോട്ടും ഇങ്ങോട്ടും മുലകൾ രണ്ടും ആടിക്കൊണ്ടിരിക്കും. വല്യമ്മയുടെ നെല്ലുകുത്തു കാണാൻ വേണ്ടി കുട്ടികൾ നോക്കി നില്ക്കും കുട്ടികൾക്ക് ഒരു രസം അവർ തമ്മിൽ പറഞ്ഞു ചിരിക്കും. ഇങ്ങനെ ഒരു വസ്തു നെഞ്ചിലുണ്ടെന്നു പോലും അവർക്കറിയില്ല. പണ്ടുള്ള ആളുകൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. എപ്പോഴും കാണുന്നതല്ലേ!
എന്തെങ്കിലും കൊടുത്താൽ വല്യമ്മ കഴിയ്ക്കും ആരോടും ഒരു പരിഭവമില്ല, ഒരു ശുദ്ധഗതിക്കാരി .
മഴക്കാലത്തെ വറുതിമാറ്റാൻ. കുട്ടിവലിയമ്മ പാടത്തും പറമ്പിലും പണിയെടുക്കും കുട്ടി വലിയമ്മയ്ക്ക് അഞ്ചു മക്കളുണ്ട് ഇവരെ പോറ്റി വളർത്തണ്ടെ!വല്യപ്പനാണെങ്കിൽ വല്ലപ്പോഴും കിട്ടുന്ന പണി അതുകൊണ്ട് എന്താവാനാ! വല്യമ്മ ആറാമതും ഗർഭിണിയായി. വല്യമ്മ പറയുന്നത് ദൈവം തന്നതല്ലേ കൈ നീട്ടി വാങ്ങിക്കാം അല്ലാതെ എന്തുചെയ്യും. ഗർഭിണിയാണെങ്കിലും അവർ നിത്യവും പണിക്കു പോകും . മറ്റുള്ള കുട്ടികൾക്ക് എന്തെങ്കിലും തിന്നാൻ കൊടുക്കേണ്ടേ മാസങ്ങൾ ഓരോന്നു കടന്നു പോയി കുട്ടി വല്യമ്മയ്ക്ക് പ്രസവം അടുത്തു. മിധുനമാസം കാലം,ഞാറുനടുന്ന സമമായി.വല്യമ്മയുടെ വീട്ടിലാണെങ്കിൻ കഷ്ടപ്പാടും ദുരിതവും !പേറടുത്തു എന്നു പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? കുട്ടികൾക്ക് ഒരു നേരമെങ്കിലും വിശപ്പിനു കൊടുക്കണ്ടെ !അവർക്ക് ആധിയായി. അവർ പാടത്തു പണിയ്ക്കു പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ തുടങ്ങി വല്യമ്മക്കൊരു വയറു വേദന ! ദൈവം ഒരു തരത്തിലും ജീവിയ്ക്കാൻ സമ്മതിക്കില്ല എന്നു വിചാരിച്ച് വേദന കടിച്ചമർത്തി നിന്നെങ്കിലും നില്ക്കാൻ പറ്റാത്ത അവസ്ഥയായി.
അടുത്തു നിന്നവരോട് വിവരം പറഞ്ഞു “വേദന സഹിക്കാൻ പറ്റുന്നില്ല. രണ്ടു പേർ അവരെ പിടിച്ച് വീട്ടിൽ കൊണ്ടു ചെല്ലേണ്ട താമസം അവരുടെ പേറും കഴിഞ്ഞു നല്ലൊരാൺകുട്ടി.
പ്രസവ രക്ഷയൊക്കെ വല്യപ്പൻ നോക്കിക്കൊള്ളും. ഭക്ഷണപ്രിയയായ വല്യമ്മ, ഇടങ്ങഴി അരിയുടെ ചോറുണ്ണും. അടുത്തുള്ളവർ കൊണ്ടു കൊടുക്കുന്ന ഭക്ഷണം കഴിച്ച് അവർ കൊഴുത്തുരുണ്ടു. ആകെ കിട്ടുന്നതൊരു പ്രസവ രക്ഷ മാത്രം. അതും ചോറു മാത്രമാണ്
മാസം ഒന്നു കഴിഞ്ഞു .മൂത്ത കുട്ടികളുടെ അടുത്ത് കുഞ്ഞിനെ ഏല്പിച്ച് അവർ വീണ്ടും പണിയ്ക്കു പോയിത്തുടങ്ങി.
മാസങ്ങൾ ഓരോന്നു കടന്നു പോയി കുട്ടിയ്ക്ക് രണ്ടു വയസ്സായി അവൻ നടന്നു തുടങ്ങി അവന് (അപ്പു )എന്നു പേരിട്ടു.
ഒരു ദിവസം വല്യമ്മ പണിയും കഴിഞ്ഞു വന്നപ്പോൾ മൂത്ത കുട്ടികളെല്ലാം കളിക്കാൻ പോയി .ഇളയ കുട്ടിയായ അപ്പു മാത്രം ബാക്കിയായി. ക്ഷീണം കൊണ്ട് വല്യമ്മ തിണ്ണയിലിരുന്ന് ഒന്നു മയങ്ങി പോയി.
അമ്മയെ കണ്ട സന്തോഷത്തിൽ അപ്പു മടിയിലിരുന്ന് പാലുകുടിക്കാൻ തുടങ്ങി .വല്ലപ്പോഴും കിട്ടുന്ന പാലമൃതല്ലേ വല്യമ്മയാണെങ്കിൽ കുഞ്ഞു വന്നിരുന്ന് പാലു കുടിച്ചതറിഞ്ഞില്ല. കണ്ണുതുറന്നപ്പോഴാണ് കുട്ടിയുടെ കാര്യ മോർത്തത്.
കുട്ടിയെ എളിയിലിരുത്തി “അപ്പുവേ “എന്നു നീട്ടി വിളിച്ച് പാഞ്ഞു നടന്നു. അവനുണ്ടോ മിണ്ടുന്നു.
വല്ലപ്പോഴും കിട്ടുന്ന മുലപ്പാലല്ലെ… അവൻ എളിയിലിരുന്ന് പാലുകുടിക്കുന്നതോ ഒന്നും വലിയമ്മ അറിഞ്ഞിട്ടില്ല. മകനെ കാണാത്ത വിഷമത്തിൽ വല്യമ്മ അപ്പുവേ എന്നും വിളിച്ച് പാഞ്ഞു നടന്നു. കുട്ടിയെ കാണാത്ത വിഷമത്തിൽ വല്യമ്മ ബോധം കെട്ടുവീണു .
അമ്മ വീണതോടു കൂടി കുട്ടിയും തെറിച്ചു വീണു .പാലു കിട്ടാതായതോടു കൂടി അവൻ വലിയ വായിൽ കരയാൻ തുടങ്ങി.
കുട്ടിയുടെ കരച്ചിൽ കേട്ട് അടുത്തുള്ളവർ ഓടി വന്നു നോക്കിയപ്പോൾ അവൻ പിച്ച വച്ച് നടന്ന് അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കാൻ കരഞ്ഞു കൊണ്ടു വരുന്നതാണു കണ്ടത്. എന്താണു കാര്യമെന്ന് ആർക്കും മനസ്സിലായില്ല.
കുട്ടിയുടെ കരച്ചിൽ കേട്ട് വല്യമ്മ വെപ്രാളപ്പെട്ട് എഴുന്നേറ്റു കുട്ടിയെ അന്വേഷിച്ചു. അവൻ അമ്മയുടെ ‘ഓരത്ത് ചേർന്നിരിക്കുന്ന കാഴ്ചയാണ് കണ്ടത്.കുട്ടിയെ കണ്ട സന്തോഷത്തിൻ അവനെ എടുത്തു വാരിപ്പുണർന്നു പാലു കൊടുത്തു. അമ്മയ്ക്കും കുട്ടിയ്ക്കും സന്തോഷമായി. അടുത്തുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കഥയായി.തോർത്തും തോളിലിട്ട് തോർത്തന്വേഷിച്ചു.നടക്കുന്ന പോലെയായി എന്നു പറഞ്ഞാൽ മതിയല്ലോ! പാവം വല്യമ്മയുടെ ഒരു കാര്യം .