Saturday, January 11, 2025
Homeകഥ/കവിതതിരിച്ചറിവുകൾ (നീണ്ടകഥ - ഭാഗം 5️⃣) 'തുടക്കവും ഒടുക്കവും' ✍ സുദർശൻ കുറ്റിപ്പുറം

തിരിച്ചറിവുകൾ (നീണ്ടകഥ – ഭാഗം 5️⃣) ‘തുടക്കവും ഒടുക്കവും’ ✍ സുദർശൻ കുറ്റിപ്പുറം

സുദർശൻ കുറ്റിപ്പുറം

ഗ്രീഷ്മത്തിലെ ഒരു വരണ്ട രാത്രി … അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ച് 45 മുതൽ 48 ഡിഗ്രി വരെ എത്തി നിൽക്കുന്നു – AC യുടെ മൂളൽ മാത്രം ചെവിയിൽ മുഴങ്ങിക്കേൾക്കാം … രാജീവ് തന്റെ ഓഫീസ് ബംഗ്ലാവിൽ അങ്ങോട്ടും ഇങ്ങോട്ടും ഉറക്കം വരാതെ ഉലാത്തുന്നു .. സന്ധ്യക്ക് ശേഷം രണ്ടു പ്രാവശ്യമെങ്കിലും മേൽ കഴുകിയിട്ടുണ്ടാകും …

ഇന്ന് പകൽ ലൂ (ഉഷ്ണക്കാലത്ത് വീശുന്ന ഒരു കാറ്റാണ് ലൂ) വീശിയടിക്കുന്നുണ്ടായിരുന്നു ..

ഉറങ്ങിയല്ലേ പറ്റൂ … രാജീവ് കട്ടിലിലിൽ കയറി കിടന്നു.. ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും… കണ്ണടച്ചും കാലാട്ടിയും ഒക്കെ നോക്കി … നിദ്രാദേവി പിണങ്ങിയ പോലെ ഒരു പ്രതീതി… .

1 – 2 മാസക്കാലം ഇത്തരം കഷ്ടപ്പാടുണ്ടാകും …

എന്നാലും ഉത്തരേന്ത്യയിലെ ജീവിതം അത്ര നരക പൂർണ്ണമല്ല …. മറിച്ച് സ്വന്തം നാടല്ല എന്നതൊഴിച്ച് എല്ലാ അർത്ഥത്തിലും സുഖകരമാണ് … ജീവിതച്ചെലവും മറ്റും നോക്കുമ്പോൾ കേരളത്തെ അപേക്ഷിച്ച് വളരെ മെച്ചവും.

നാട്ടിലായിരുന്നെങ്കിൽ … രാജീവ് ഓർത്തു… മാങ്ങയുടെയും, ചക്കയുടെയും കാലമായതു കൊണ്ട് അതിന്റെ വിഭവങ്ങൾ കഴിച്ച് മടുക്കാൻ തുടങ്ങും …

ഉച്ചയ്ക്കുണ്ണാൻ ഇരുന്നാൽ ചോറിന്നൊപ്പം ഒരു ദിവസം മാമ്പഴ പുളിശ്ശേരി എങ്കിൽ, മറ്റൊരു ദിവസം ചക്കക്കുരുവും മാങ്ങയും ചേർത്തുണ്ടാക്കുന്ന കറി, വെള്ളരിക്കയും മാങ്ങയുമാകാം അടുത്ത ദിവസം… ഉമ്മറക്കോലായിൽ നിന്നും നോക്കിയാൽ പല തരത്തിലുള്ള മാവുകൾ … പ്ലാവുകളും ഉണ്ട് … എല്ലാം നിറച്ച് കായ്ച്ചു കിടക്കുന്നുണ്ടാകും…

നാട്ടിലും ഇക്കാലം വളരെ നല്ലതാണ് … ഇങ്ങനെ ഓരോന്നോരോന്ന് ഓർത്തു കുറച്ചേറെ പരിശ്രമങ്ങൾക്കു ശേഷം എപ്പോഴോ ഒന്നു മയങ്ങി …

ഉത്തിഷ്ടതാ, ജാഗ്രതാ …. തുടർച്ചയായ സ്വരം കേട്ടുകൊണ്ടാണ് അയാൾ രാവിലെ ഉണർന്നത് … മൊബൈലിൽ നിന്നാണ് …. കുറച്ചേറെ അടിച്ചെന്നു കരുതുന്നു, സംഗീതം നിലച്ചു….

അയാൾ ഫോണെടുത്തു നോക്കി, അമ്മയാണ് …

എന്താണീ നേരത്ത്….?? അയാൾക്കാധിയായി ….

വീട്ടിലെന്തെങ്കിലും അത്യാഹിതം ….?? ഇന്നലെ വിളിക്കുമ്പോൾ പ്രത്യേകിച്ച് യാതൊന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ ….??

പിന്നെയെന്താണിപ്പോൾ പറ്റിയതാവോ …. അയാൾക്കാധിയായി ….

പ്രായമായ മാതാപിതാക്കളെ നാട്ടിൽ വിട്ട് അന്യനാട്ടിൽ കഴിയുന്നവർക്കുണ്ടായേക്കാവുന്ന തികച്ചും സ്വാഭാവികമായ ഒരു കാര്യമാണിത്…

അയാൾ സമയം നോക്കി …. നേരത്തെ ഒന്നുമല്ല.. 7 മണിയാകാറായിരിക്കുന്നു ….

ഫോണെടുത്ത് അമ്മയെ തിരിച്ചു വിളിച്ചു …. അയാളുടെ മനസ്സ് ആശങ്കാകുലമായിരുന്നു.

ഒന്നുരണ്ടു റിങ്ങുകൾക്ക് ശേഷം മറുപുറത്ത് ഫോണെടുത്തു ….

ഒരു സെക്കന്റിൽ താഴെ മാത്രമേ മറുതലയ്ക്കൽ ഫോൺ എടുക്കുന്നതിന് സമയമെടുത്തുള്ളൂ എങ്കിലും അയാൾക്കത് ഒരു യുഗത്തിന്റെ ദൈർഘ്യം പോലെ തോന്നി …

ഹലോ … ഹലോ … അയാളുടെ സ്വരം ആധിയാൽ ഇടറിയിരുന്നു ….

ഹലോ … മറുതലയ്ക്കൽ നിന്ന് അമ്മയുടെ സ്വരം കേട്ടപ്പോൾ അയാൾക്ക് ശ്വാസം നേരെ വീണു …

ഇനി അച്ഛനെന്തെങ്കിലും …. ?? അയാൾ വീണ്ടും ചിന്താമഗ്നനായി..

“ഹലോ … രാജൂ … ഞാനിന്നത്തെ പത്രത്തിൽ ഒരു പരസ്യം കണ്ടു..”

“ഇവിടെ അടുത്തുള്ള ഗവണ്മെന്റ് സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടത്രേ ….”

“എന്തോ HR മാനേജർ എന്നോ മറ്റോ പറഞ്ഞ് … ”

അമ്മ പറഞ്ഞു തുടങ്ങി ….

അയാൾക്ക് ആശ്വാസമായി….

“മോനേ, നിനക്ക് നല്ല വിദ്യാഭ്യാസമാെക്കെയുള്ളതല്ലേ ….”

“അമ്മ വിചാരിച്ചു ചിലപ്പോൾ മോന് അത് കിട്ടിയാൽ നന്നായിരിക്കുമെന്ന് ….”

അപ്പോൾ അതാണ് കാര്യം …. അയാൾ ഒരു ദീർഘ നിശ്വാസമെടുത്തു …. അങ്കലാപ്പെല്ലാം കളഞ്ഞ് അമ്മയോട് വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി …

അമ്മ കരുതിയ പോലെത്തന്നെ അയാൾ ആ ജോലിക്ക് അപേക്ഷിക്കാൻ യോഗ്യൻ തന്നെ ആയിരുന്നു …. കൂടാതെ പ്രവൃത്തി പരിചയം കുറച്ചു കൂടുതലും….

നാട്ടിലെത്തിയാൽ തനിക്ക് വീട്ടിൽ നിന്ന് ജോലിക്ക് പോകാൻ കഴിയാവുന്നത്ര ദൂരം – …

ശമ്പളം കുറച്ച് കുറവാണെങ്കിലും അയാൾ ആ ജോലിക്ക് അപേക്ഷ സമർപ്പിക്കാമെന്ന് അമ്മയ്ക്കുറപ്പു കൊടുത്തു ….

ഇന്നത്തെ കാലത്ത് സർക്കാർ ജോലി കിട്ടുന്നത് മഹാഭാഗ്യമാണ് … അതും സ്വന്തം വീടിനടുത്ത് …. ആരാണ് ഒരു സർക്കാർ ജോലിക്ക് കൊതിക്കാത്തത് …?? അയാളുടെ ചിന്തയും തെല്ലൊന്ന് ആ വഴിക്ക് പോയി എന്നു പറയാതെ വയ്യ …

അമ്മ മറ്റൊരു കാര്യം കൂടി ഇതിനിടയിൽ പറഞ്ഞു …. അയാൾക്കിപ്പോൾ വിവാഹത്തിന് അനുയോജ്യമായ സമയമാണെന്നും കഴിഞ്ഞ ദിവസം 3.4 കൂട്ടരുടെ ജാതകവും ഫോട്ടോയും കിട്ടിയതായും … എല്ലാം അന്നു തന്നെ അയയ്ക്കാമെന്നും …
അയാൾ ഫോൺ കട്ടു ചെയ്തു …. എഴുന്നേറ്റു ….

ജനൽ വഴി പുറത്തേക്ക് നോക്കിയപ്പോൾ മനസ്സിന് കുളിർമ്മയേകിയ കാഴ്ചയാണ് കണ്ടത് … കഴിഞ്ഞ രാത്രി … മഴ പെയ്തിരിക്കുന്നു … AC യിൽ ആയതിനാൽ അയാൾ അറിഞ്ഞില്ലെന്ന് മാത്രം ….

അയാൾ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു … വാതിൽ തുറന്നു പുറത്തേക്ക് വന്നു …. ഹാ… പുതുമഴയുടെ ഗന്ധം ….

വൃക്ഷത്തലപ്പുകളിൽ നിന്ന് വെള്ളത്തുള്ളികൾ ഒറ്റിയൊറ്റി വീഴുന്നു … ഇളം കാറ്റ് വീശുന്നുമുണ്ട് …. ആകാശത്തിൽ മഴവില്ലുദിച്ച പ്രതീതി പോലെ പ്രഭാത സൂര്യനും …. പ്രകൃതിദേവിയും ആ മഴയിൽ മതി മറന്ന പോലെ …

അവധി ദിവസമായതിനാൽ അന്നയാൾക്ക് പുറത്തെങ്ങും പോകാനുണ്ടായിരുന്നില്ല…. പ്രഭാതകൃത്യങ്ങൾ എല്ലാം വേഗം നടത്തി, അമ്മ പറഞ്ഞ സ്ഥാപനത്തിലേക്കുള്ള അപേക്ഷ തയ്യാറാക്കി…. മടക്കി കവറിലിട്ടു … ഒട്ടിച്ചു മേൽ വിലാസമെഴുതി അടുത്തു തന്നെയുണ്ടായിരുന്ന Courier മുഖേന അയയ്ക്കുകയും ചെയ്തു …

ശുഭസ്യ ശീഘ്രം എന്നാണല്ലോ പ്രമാണം ….

അവധി ദിവസമായതിനാൽത്തന്നെ പകൽ സമയം തള്ളിനീക്കാൻ നന്നെ ബുദ്ധിമുട്ടി….

വൈകുന്നേരം നിഹാലിന്റെ വീട്ടിൽ പോയി ….

അവർ ഒരു സിനിമയ്ക്കു പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ….അയാൾ യാത്ര പറഞ്ഞ് തിരികെ പോരാൻ തുടങ്ങി …

“സാബ്, ആപ് ഭീ ആയേംഗെ തൊ ബഹുത്ത് മജാ ആയേഗാ..” നിഹാൽ പറഞ്ഞു.

നിഹാലിന്റെ ഭാര്യയും “ആയിയേ നാ ” എന്നു പറഞ്ഞു നിർബന്ധിച്ചു ….

മുമ്പ് പല തവണ ഓരോരോ കാര്യങ്ങൾക്കായി നിഹാൽ വിളിക്കുമ്പോൾ അയാൾ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. ഇന്നൊരു വ്യത്യസ്തതയാകട്ടെ … അയാൾ ഓർത്തു … അവരുടെ കൂടെ പോകുകയും ചെയ്തു …

അമിതാഭ് ബച്ചൻ, ഗോവിന്ദ എന്നിവർ അഭിനയിച്ച ഒരു തമാശപ്പടമായിരുന്നു അന്നവർ കണ്ടത് … ബഡെ മിയാ ഛോട്ടെ മിയ… ചിത്രം

അവരെപ്പോലെത്തന്നെ അയാളും സിനിമ നല്ല പോലെ ആസ്വദിച്ചു …. ഒരു പാട് നാളുകൾക്ക് ശേഷം മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചു ….

മടക്കത്തിൽ നിഹാലിന്റെ വീട്ടിൽക്കയറി … അത്താഴം അവിടെ നിന്നാക്കി….

അത്താഴം കഴിക്കുന്നതിനിടയിൽ നിഹാലിന്റെ അച്ഛനെയും അമ്മയെയും പരിചയപ്പെട്ടു … നല്ല സ്നേഹമുള്ള മാതാപിതാക്കൾ …

അവർക്ക് നിഹാലിനെപ്പോലെ ആത്മാർത്ഥതയുള്ള മകനെയും, അവന്റെ ഭാര്യയെ പോലുള്ള മരുമകളേയും ലഭിച്ചതിൽ അവർ വളരെ ഭാഗ്യശാലികളാണെന്ന് അയാൾക്ക് തോന്നി. നല്ല ഐശ്വര്യമുള്ള കുടുംബം ….

അയാളെക്കാളേറെ സന്തോഷം നിഹാലിനായിരുന്നു …

ഒരു പക്ഷേ അയാളെപ്പോലെ ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾ അവരുടെ കൂടെ സിനിമയ്ക്ക് പോയി, ഭക്ഷണം കഴിച്ചു എന്നൊക്കെയുള്ള ചിന്തയാലാവാം … പാവം ….

ഭക്ഷണ ശേഷം കുറച്ച് നേരം കൂടി അവിടെത്തന്നെ വർത്തമാനം പറഞ്ഞിരുന്നു..

അവരോടെല്ലാം യാത്ര പറഞ്ഞ് തിരിച്ചു ബംഗ്ലാവിൽ വന്ന ശേഷം AC ഓണാക്കി കട്ടിലിൽ കയറിക്കിടന്നു … മഴ പെയ്തതിനാലാകണം ഇന്ന് അന്തരീക്ഷത്തിൽ കുളിർമ്മ തങ്ങി നില്പുണ്ട്. അതൊരനുഗ്രഹമായിരുന്നു..

“തുംകൊ ദേഖാ തൊ യെ ഖയാൽ ആയാ ..” ജഗ്ജീത് സിംഗ് – ചിത്രാ സിംഗ് ജോഡിയുടെ ഒരു ഹിറ്റ് ഗസൽ സ്റ്റീരിയോയിലൂടെ ഒഴുകിക്കൊണ്ടിരുന്നു ….

AC യുടെ മുരളലും ഗസലിന്റെ മനോഹര സംഗീതവും തമ്മിൽ വലിയ ചേർച്ചയൊന്നുമില്ലായിരുന്നു എങ്കിലും, കുളിർമ്മയേറിയ ആ അന്തരീക്ഷത്തിൽ ഗാനത്തിൽ ലയിച്ച് അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു…

തുടർന്നുള്ള 2-3 ആഴ്ചകൾ പ്രത്യേകിച്ച് തിരക്കുകളൊന്നും ഇല്ലാതെത്തന്നെ കടന്നുപോയി …

അതിനു ശേഷം പുതിയ ശാഖകളിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളിൽ അയാൾക്ക് ഇടപെടേണ്ടി വന്നു.

ഉദ്യോഗാർത്ഥികളുമായുള്ള കൂടിക്കാഴ്ചയിൽ നിഹാലിന്റെ സേവനം അയാൾ പരമാവധി ഉപയോഗപ്പെടുത്തി …

പുതിയ ശാഖകളിൽ ഓരോന്നിലും 3 ൽ കൂടുതൽ ജീവനക്കാരെ വെച്ചില്ല. മൈക്രോ ഓഫീസ് എന്ന നിലയിൽ പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശിച്ചത്…

ബോസിന് വലിയ ഓഫീസുകൾ തുറക്കുന്നതിനായിരുന്നു താല്പര്യമെങ്കിലും അയാളുടെ അഭിപ്രായപ്രകാരമാണ് മൈക്രോ ഓഫീസ് എന്ന നിലയിലേക്ക് മതി എന്ന തീരുമാനത്തിലേക്കെത്തിയത്.

കമ്പനി അതിന്റെ ആദ്യ 3 പാദങ്ങളിൽ നല്ല വളർച്ച രേഖപ്പെടുത്തി … മൈക്രോ ഓഫീസുകൾകൂടി വന്നതോടെ സമീപപ്രദേശങ്ങളിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി ആ കമ്പനി മാറി …. അതിൽ കമ്പനി മുതലാളിക്കും (അയാളുടെ ബോസ് ) അയാൾക്കും നല്ല സന്തോഷം ആയിരുന്നു….

ആ വർഷം ജീവനക്കാർക്ക് വളരെ മെച്ചപ്പെട്ട രീതിയിൽ ബോണസ് നൽകുന്നതിന് അയാൾ ശുപാർശ ചെയ്തു.

നല്ല തൊഴിലാളികൾ ആണ് നല്ല ഒരു കമ്പനിയുടെ മുതൽക്കൂട്ട്. അതിനാൽത്തന്നെ അവർ എല്ലായ്പോഴും സന്തുഷ്ടരായിരിക്കണം എങ്കിലേ നല്ല ഉത്പാദന വർദ്ധന ലഭിക്കൂ… ഇതായിരുന്നു അയാളുടെ തിയറി ….

ആയിടയ്ക്ക് നാട്ടിൽ നിന്നും വന്ന അമ്മയുടെ കത്തുകളിൽ മരുമകളാകാൻ യോഗ്യരായവരുടെ ഫോട്ടോകളും, മറ്റു വിവരങ്ങളും അടങ്ങിയിരുന്നു ..

എല്ലാം നല്ല കുട്ടികൾ …. അടുത്ത അവസരത്തിൽ നാട്ടിൽച്ചെല്ലുമ്പോൾ അവരെ കാണാം എന്ന് അമ്മയ്ക്കയാൾ മറുപടി അയച്ചു ….

നാട്ടിൽ പോകാനുള്ള അവസരം ആ മാസം അവസാനം തന്നെ അയാൾക്ക് ലഭിച്ചു….

കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തിൽ അയാൾ അച്ഛനെ സ്വപ്നത്തിൽ കാണാനിടയായി …

അച്ഛനെയും അമ്മയെയും ഒന്ന് കണ്ട് വരണമെന്നയാൾക്ക് തോന്നി …..അയാൾ നാട്ടിൽ പോയിട്ട് ഒരു വർഷത്തിലധികമായിരുന്നു താനും, കൂടാതെ ഉഷ്ണകാലവുമല്ലേ …

അയാൾ ബോസിനോട് അനുമതി ചോദിച്ചു …

അനുമതി കിട്ടിയതിനാൽ അടുത്ത ദിവസം തന്നെ നാട്ടിൽ പോകാൻ അയാൾ തീരുമാനിച്ചു. തൽക്കാലം വീട്ടിൽ പറയേണ്ട അയാൾ മനസ്സിൽ കരുതി..

ഏറ്റവും അടുത്ത ഫ്‌ളൈറ്റിൽത്തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിച്ചു….
മറ്റൊരു തുടക്കത്തിലേക്കുള്ള പ്രയാണമാണതെന്ന് അപ്പോൾ അയാൾക്കറിയില്ലായിരുന്നു…

(തുടരും ….)

 

✍ സുദർശൻ കുറ്റിപ്പുറം

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments