വിഷയം: അവൾ മൊബൈൽ ഫോണും എടുത്ത് ഉമ്മറത്തെ കസേരയിൽ ചാരിയിരുന്നു
ജൂൺ 1 സ്കൂളിലെ ആദ്യ ദിവസം. പൗർണമി വളരെ സന്തോഷത്തോടെ സ്കൂളിൽ പോവാൻ പുറപ്പെട്ടു…
പുത്തനുടുപ്പും പുതിയ ബാഗും കുടയും, വെള്ളക്കുപ്പിയും ചോറ്റു പാത്രവും പുതിയ നോട്ടു പുസ്തകത്തിന്റെ പുതു മണവും പൗർണമി യുടെ മനസ്സിൽ ഒരായിരം കനവുകൾ നെയ്തു. കൂട്ടുകാരികളോടൊത്തു കളിച്ചുല്ലസിയ്ക്കാൻ അവൾ കാത്തിരിയ്കുകയായിരുന്നു..
പക്ഷേ….
പുത്തനുടുപ്പും പുതിയ പാഠപുസ്തകവും നോട്ടു പുസ്തകവും വാങ്ങാൻ പൗർണമി യുടെ അച്ഛന്റെ കൈയിൽ പണമില്ലായിരുന്നു..
ഒരു നിർദ്ധന കുടുംബത്തിലെ മൂത്ത മകളാണ് പൗർണമി. പൗർണമി യുടെ ഇളയത് പഞ്ചമി. പൗർണമി ആറാം ക്ലാസ്സിലാണ് പഠിയ്ക്കുന്നത്.
പഞ്ചമി മൂന്നാം ക്ലാസ്സിലും.
പൗർണമിയുടെ അച്ഛൻ ഒരു കൂലിപ്പണിക്കാരനാണ്. അതുകൊണ്ടുതന്നെതാൻ മോഹിച്ചതൊന്നും വാങ്ങിത്തരാൻ അച്ഛന്റെ കൈയിൽ പണമില്ലയെന്ന്
പൗർണമി മനസിലാക്കിയിരുന്നു.പാവപ്പെട്ട കൂലിപ്പണികാരനായ പൗർണമിയുടെ അച്ഛന്റെ പേര് വേലായുധൻ എന്നാണ്. വേലായുധൻ പണി കഴിഞ്ഞുവരുമ്പോൾ കൊണ്ടുവരുന്ന പലഹാരപ്പൊതിയ്ക്കായി പൗർണമിയും പഞ്ചമിയും എന്നും കാത്തിരിക്കും..
പഠിയ്ക്കാൻ മിടുക്കിയായിരുന്നു പൗർണമി.പഠന മികവിൽ ഒന്നാമതാണ് പൗർണമിയെങ്കിൽ പഠിയ്ക്കാൻ വളരെ മോശമായിരുന്നു പഞ്ചമി. പഠിയ്ക്കാൻ മിടുക്കിയായതുകൊണ്ടുതന്നെ അച്ഛന്റെയും അമ്മയുടെയും
പുന്നാരക്കുട്ടിയായിരുന്നു പൗർണമി.
എന്നാൽ പഠിയ്ക്കാൻ മോശമായിരുന്നെങ്കിലും പഞ്ചമി കരകൗശല വിദ്യയിൽ സമർത്ഥയായിരുന്നു. കൂടാതെ ചിത്രം വരയ്ക്കാനും എഴുതാനും ഒരുപാട് കഴിവുകൾ ഉണ്ടായിരുന്നു.
പക്ഷേ….പഠനത്തിൽ മികവു പുലർത്താത്ത പഞ്ചമിയെ ചിത്രരചനയിലും എഴുത്തിലും കരകൗശല വിദ്യയിലും പ്രോത്സാഹിപ്പിയ്ക്കാനും പിന്തുണയ്ക്കാനും ആരും ഉണ്ടായിരുന്നില്ല.
വേലായുധന്റെയും ഭാര്യയുടെയും വിശ്വാസം പഠിച്ചു ജോലി നേടുകയെന്നതു മാത്രമാണ് മികവും പ്രധാനവും എന്നായിരുന്നു.
എന്നാൽ പഠിയ്ക്കുക എന്നതിലുപരി വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം വ്യക്തിത്വ വികസനവും അച്ചടക്കവും കൃത്യനിഷ്ഠയുമൊക്കയാണെന്ന് ആ അച്ഛനമ്മമാർ മനസിലാക്കിയില്ല.
പൗർണമി പഠിച്ചു വലിയ ജോലി നേടുന്നത് സ്വപ്നം കണ്ട ആ മാതാപിതാക്കൾക്ക് നേരിടേണ്ടി വന്നത് വലിയ പ്രശ്നങ്ങളാണ്. എല്ലാവരും സ്മാർട്ട്ഫോൺ ഉപയോഗിയ്ക്കുന്ന ഈ കാലഘട്ടത്തിൽ പൗർണമിയുടെ മനസിലും ഒരു ആഗ്രഹം ജനിയ്ക്കുന്നു..
ഒരു സ്മാർട്ട്‌ഫോൺ സ്വന്തമായി വാങ്ങണമെന്ന്.
നൂതന സാങ്കേതിക വിദ്യയുടെ അതിപ്രസരം നിത്യ ജീവിതത്തെ കാർന്നു തിന്നുന്ന
ഈ കലികാലത്തിൽ പൗർണമി എന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ ആഗ്രഹം മനസിലാക്കി, സ്വാർത്ഥ താല്പര്യത്തോടെ പൗർണമിയുടെ സ്കൂളിലെ അധ്യാപകൻ അവൾക്കൊരു മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നു..
എന്നാൽ സ്വന്തം വിദ്യാർത്ഥിനിയോടുള്ള ആത്മാർത്ഥതയുടെ നിഷ്കളങ്ക സ്നേഹമായിരുന്നില്ല അയാൾ പൗർണമിയോട് കാണിച്ചത്.അതിനപ്പുറം ഗൂഢമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു.
മൊബൈൽ ഫോൺ സമ്മാനമായി നൽകിയതോടെ പൗർണമിയുടെ മനസ്സിൽ നല്ലവൻ എന്ന സ്ഥാനം ഉറപ്പിയ്ക്കാനാണ് അയാൾ ശ്രമിച്ചത്… പുസ്തകവും
പേനയും പിടിയ്ക്കേണ്ട കൈകളിൽ അന്നു മുതൽ മൊബൈൽ ഫോണിന് പ്രാധാന്യം കൈവന്നു. പൗർണമി ക്ലാസ്സിൽ ശ്രദ്ധിയ്ക്കാതെ മൊബൈൽ ഫോണിന് അടിമയായി.
സ്കൂൾ വിട്ടു വന്നാൽ ഉമ്മറത്ത് കസേരയിൽ ചാരിയിരുന്ന് മൊബൈലിൽ വീഡിയോകൾ കാണുന്നത് പതിവായി. അങ്ങനെ പരീക്ഷയിൽ തോറ്റു.
അന്നുവരെ പഠിയ്ക്കാൻ മിടുക്കിയായിരുന്ന പൗർണമി പിന്നീട് പഠിത്തത്തിൽ മോശമായി. മൊബൈൽ ഇല്ലാതെ ജീവിയ്ക്കാൻ പറ്റില്ല എന്ന അവസ്ഥയിലായി അവൾ.
ആരോടും സംസാരിയ്ക്കാനും ഇടപഴകാനും അവൾ തയ്യാറായില്ല.
എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറി ഒറ്റയ്ക്കു മുറി അടച്ചിരിയ്ക്കുന്നത് പതിവായി.
അങ്ങനെ പലവട്ടം തുടന്നപ്പോൾ കാരണം അനേഷിച്ചു ചെന്ന മാതാപിതാക്കൾ തിരിച്ചറിഞ്ഞത് ഞെട്ടിയ്ക്കുന്ന ഒരു വാർത്തയായിരുന്നു… മാസങ്ങളായി അവളുടെ പ്രിയപ്പെട്ട അധ്യാപകൻ ഒരു വിദ്യാർത്ഥിയോടെന്ന പോലെയല്ല പൗർണമിയോട് പെരുമാറിയിരുന്നത്.
അയാളുടെ കാമദാഹം തീർക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു പൗർണമി. അതിനുവേണ്ടിയാണ് പൗർണമിയോട് അയാൾ സ്നേഹം നടിച്ചത്.
മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണാൻ തന്റെ പ്രിയ അധ്യാപകൻ നിർബന്ധിച്ചിരുന്നു.
എല്ലാം തിരിച്ചറിഞ്ഞപ്പോൾ ആ മാതാപിതാക്കളുടെ ചങ്കു തകർന്നു.
പൗർണമിയുടെ ജീവിതം തകർന്നു തകിടം മറിഞ്ഞപ്പോൾ,
പഠിയ്ക്കാൻ മോശമായിരുന്ന പഞ്ചമി ചിത്രകലയിലൂടെ നല്ലൊരു വരുമാനം നേടിയെടുത്തു.
ചിത്രകല അദ്ധ്യാപികയായ് തിളങ്ങി.
കവിതാരചനയിലും കഥാരചനയിലും അവൾ തിളങ്ങി. അങ്ങനെ അവളുടെ നേട്ടങ്ങളുടെ പട്ടികയിൽ പുരസ്‌കാര തിളക്കങ്ങൾക്കൂടി
വന്നെത്തി. പഞ്ചമി ഇന്ന് ലോകം അറിയപ്പെടുന്ന ഒരു വലിയ എഴുത്തുകാരിയായി മാറി.
കരകൗശല വിദ്യയിലൂടെയും പഞ്ചമിയുടെ ജീവിത നിലവാരം ഉയർത്താൻ അവൾക്ക് കഴിഞ്ഞു. പഞ്ചമിയ്ക്ക് കിട്ടിയ വരുമാനമെല്ലാം സ്വരൂപിച്ചു പഞ്ചമി വേലായുധന്റെ കൈയിൽ കൊടുത്തു. അപ്പോൾ വേലായുധന്റെ കണ്ണു നിറഞ്ഞു..
അയാൾ പഞ്ചമിയെ ചേർത്തു പിടിച്ചു… ഉറക്കെ പറഞ്ഞു
“മോളെ…നീയാണ് എന്റെ പൊന്നുമോൾ…
നീയായിരുന്നു ശരി…
നിന്നെ ഞങ്ങൾ ഒട്ടും ശ്രദ്ധിച്ചില്ല… അവളെ മാത്രം നോക്കി… എന്നിട്ട്… അവൾ….”
“സാരമില്ലച്ച… ചേച്ചിയേയും ഒന്നും പറയേണ്ട… പക്വതയില്ലാത്ത പ്രായത്തിൽ ആർക്കും സംഭവിച്ചുപോകാവുന്നതാണ് ഇതെല്ലാം… എന്റെ ചേച്ചിയും എനിക്ക് പ്രിയപ്പെട്ടതാണ്… ഞാൻ കൂടെ കൂട്ടി ചേച്ചിക്ക് ഒരു ജോലിയൊക്കെ ശരിയാക്കിക്കൊടുത്തു നോക്കിക്കൊള്ളാം…”
എല്ലാം കേട്ടുകൊണ്ട് പൗർണ്ണമി അകത്തു നിൽപ്പുണ്ടായിരുന്നു.
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്നു അനുജത്തിയെ ചേർത്തുപിടിച്ചു….
“എന്റെ… മോളെ.. നീയാണ് ശരി… ഈ ചേച്ചിക്ക് തെറ്റുപറ്റി.. ക്ഷമിക്കൂ മോളെ…”
“ഒന്നും സാരമില്ല ചേച്ചി… ഞാനില്ലേ കൂടെ… വിഷമം വേണ്ട..”
അവൾ ചേച്ചിയെ ആശ്വസിപ്പിച്ചു.
അതുകണ്ടുനിന്ന അവരുടെ മാതാപിതാക്കളുടെ കണ്ണുകളും ഈറനണിഞ്ഞു.