Thursday, January 2, 2025
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ... " അസാധ്യം - 2 " ഉല്ലാസ തീരം

റെക്സ് റോയിയുടെ നോവൽ… ” അസാധ്യം – 2 ” ഉല്ലാസ തീരം

റെക്സ് റോയി

ഉല്ലാസ തീരം

ചോള പട്ടണം ബീച്ചിൽ കാതടിപ്പിക്കുന്ന ഡിജെ മ്യൂസിക് മുഴങ്ങി കേൾക്കുന്നു. എങ്ങും വർണ്ണവിളക്കുകൾ കൊണ്ടുള്ള ദീപാലങ്കാരം. മ്യൂസിക്കിനനുസരിച്ച് അത് മിന്നുകയും കെടുകയും ചെയ്യുന്നു. ഏകദേശം ഒന്നര ലക്ഷം പേരെങ്കിലും തിങ്ങി കൂടിയിട്ടുണ്ടാകും ആ ബീച്ചിൽ. എല്ലാ ശനിയാഴ്ചത്തെയും പതിവ് കാഴ്ച. ജനങ്ങൾ ആവേശത്തിലാണ്. മ്യൂസിക്കിന്റെ താളത്തിനൊത്ത് വളരെ ആവേശത്തോടെ നൃത്തം ചെയ്യുന്നു. ചിക്കനും മീനും മട്ടനുമെല്ലാം പൊരിക്കുന്ന മണം അന്തരീക്ഷം ആകെ വ്യാപിച്ചിരിക്കുന്നു. ഇത് ചോളപ്പട്ടണം ബീച്ച് ഡിജെ. സാറ്റർഡേ ഡിജെ എന്നും അറിയപ്പെടുന്നു. എല്ലാ ശനിയാഴ്ചയും വൈകുന്നേരം ഏഴു മുതൽ രാത്രി 10 മണി വരെ നടത്തപ്പെടുന്ന ഈ ഡിജെ പാർട്ടിയിൽ തമിഴ്നാട്ടിൽ നിന്ന് മാത്രമല്ല ലോകത്ത് പലയിടത്തുനിന്നുമുള്ള ടൂറിസ്റ്റുകളും പങ്കെടുക്കുന്നു. പാട്ടും ഡാൻസും നല്ല അടിപൊളി ഭക്ഷണവും ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന ലോകത്തെ ഒരേ ഒരു ഇടം. തുച്ഛ വരുമാനക്കാർക്കും കോടീശ്വരന്മാർക്കും തങ്ങളുടെ വാരാന്ത്യം അടിച്ചു പൊളിച്ച് ചിലവാക്കാൻ പറ്റുന്നയിടം.

ഓരോരുത്തർക്കും തൻ്റെ കൈയിലുള്ള പണത്തിന്റെ തോത് അനുസരിച്ച് ആഘോഷിക്കാം. ഡിജെ ഫ്രീയാണ്. ഭക്ഷണത്തിനും മദ്യത്തിനും പിന്നെ കൂടിയ ലഹരികൾക്കും ആണ് ചിലവ് വരുന്നത്. വെറും പത്തു രൂപയ്ക്ക് ഒരു പീസ് പൊരിച്ച കോഴിയോ മീനോ മട്ടനോ ലഭിക്കും. പെഗ്ഗിന് പത്തു രൂപ വിലയുള്ള നാടൻ മദ്യം മുതൽ പെഗ്ഗിന് ആയിരങ്ങൾ വില വരുന്ന വിദേശ മദ്യങ്ങൾ വരെ ലഭിക്കും. രാസലഹരികൾ പോലും പത്തു രൂപയിൽ തുടങ്ങി ആയിരങ്ങൾ വിലവരുന്നതുണ്ട്. അനുഭവപരിചിതരായ ഏജൻ്റ്മാർക്ക് ഒറ്റനോട്ടത്തിൽ തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാവുകയും നിങ്ങൾക്ക് താങ്ങാവുന്ന വിലയിലുള്ള വസ്തുക്കൾ പ്രമോട്ട് ചെയ്യുകയും ചെയ്യും. നിങ്ങൾ ഒരു സെലിബ്രിറ്റി ആണെങ്കിൽ നിങ്ങളെ ആരും തിരിച്ചറിയാതിരിക്കാനുള്ള മുഖംമൂടികളും പ്രത്യേക മേക്കപ്പ് കിറ്റുകളും മേക്കപ്പ് മാൻമാരുടെ സേവനവുമൊക്കെ ലഭ്യമാണ്.

ചോള പട്ടണം ബീച്ച് ഡിജെയും അവിടുത്തെ ടൂറിസം പ്രമോഷനും നിയന്ത്രിക്കുന്നത് ചോള പട്ടണം ബീച്ച് സൊസൈറ്റി എന്നു പറയുന്ന സൊസൈറ്റി ആണ്. ചോള പട്ടണം ബീച്ചിൽ താമസിച്ചിരുന്ന ഇരുന്നൂറ്റിമുപ്പതു മുക്കുവ കുടുംബങ്ങൾ ഒന്നിച്ചു ചേർന്നുണ്ടാക്കിയതാണ് ഈ ചോള പട്ടണം ബീച്ച് സൊസൈറ്റി. സൊസൈറ്റി മെമ്പേഴ്സ്
അല്ലാത്തവർക്ക് ആ ബീച്ചിൽ യാതൊരു കച്ചവടവും ചെയ്യാൻ അനുവാദമില്ല. എല്ലാവർക്കും വന്ന് അവിടുത്തെ സൗകര്യങ്ങളൊക്കെ ആസ്വദിച്ചും സാധനങ്ങൾ വാങ്ങിയും പോകാം. വിൽപ്പന അനുവദിക്കില്ല.

സൊസൈറ്റിയിലെ കടലിൽ പോകാൻ പ്രാപ്തിയുള്ളവർ ആഴ്ചയിൽ ആറു ദിവസം കടലിൽ പോയി മീൻ പിടിച്ചു കൊണ്ടു വരുന്നു. പശു , കോഴി, ആടുവളർത്തൽ തുടങ്ങിയവ ചെയ്യുന്നവരുമുണ്ട്. ഇവർ ഉത്പാദിപ്പിക്കുന്ന മാംസം ,മുട്ട , പാൽ , മീൻ എന്നിവ ഭക്ഷ്യയോഗ്യമാക്കി ബീച്ചിലെ കടകൾ വഴി വിപണനം ചെയ്യുന്നു. എല്ലാം സൊസൈറ്റി മെമ്പേഴ്സ് തന്നെയാണ് ചെയ്യുന്നത്. കിട്ടുന്ന പണം മുഴുവൻ സൊസൈറ്റിയുടെ അക്കൗണ്ടിലേക്കാണ് ചെല്ലുന്നത്. സൊസൈറ്റിയുടെ ചെലവുവന്ന തുക കഴിച്ചിട്ട് ബാക്കി തുല്യമായി സൊസൈറ്റി മെമ്പേഴ്സിന് വീതിക്കുന്നു. കൊടിയ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ആ മുക്കുവ കുടുംബങ്ങൾ ഇന്ന് ലക്ഷപ്രഭുക്കളാണ്.

ബീച്ചിലെ ഡിജെ മ്യൂസിക് മുറുകുന്നത് അനുസരിച്ച് നന്ദകിഷോറിന്റെ ആവേശവും കൂടിക്കൂടി വന്നു. കിട്ടാൻ പോകുന്നത് കോടികളാണ്. ഇതുവരെ കിട്ടിയിരുന്നതൊക്കെ പത്തോ പതിനഞ്ചോ ലക്ഷം രൂപ കിട്ടുന്ന ക്വോട്ടേഷനുകൾ ആയിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയൊരു തുകയുടെ ക്വോട്ടേഷൻ കിട്ടുന്നത്. ഒരാളെ കൊല്ലാൻ വേണ്ടി ഇത്രയും വലിയൊരു തുക ! നന്ദനു ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്താണ് ഈ ഇമ്മാനുവേലിന്റെ പ്രത്യേകത ? എന്തിനാണ് ആ അഞ്ച് ശതകോടിശ്വരന്മാർ ഇത്രയും വലിയൊരു തുക ഓഫർ ചെയ്തിരിക്കുന്നത് ? തൻ്റെ ലിസ്റ്റിലുള്ള നാല് ടോപ് മോസ്റ്റ് ഹിറ്റ്മാൻമാരുമായാണ് നന്ദൻ ബീച്ചിലെത്തിയത്. ഈ നാലു പേരെയും ഒത്തൊരുമിപ്പിച്ചുള്ള ഒരു ഓപ്പറേഷൻ ആദ്യമായിട്ടാണ്. ഓരോരുത്തരെയായി ഉപയോഗിച്ച് ഒരുപാട് ക്വോട്ടേഷൻ ജോലികൾ ചെയ്തിരിക്കുന്നു. പരസ്പരം യാതൊരു പരിചയം ഇല്ലാത്ത രീതിയിൽ ബീച്ചിൽ പലഭാഗത്തായി നിന്നു നൃത്തം ചെയ്യുന്ന ആ നാല് പേരെയും നന്ദൻ മാറിമാറി ഒന്നു നോക്കി.

” മുത്തു …മുത്തു … മുത്തു …” ജനക്കൂട്ടം സ്റ്റേജിലേക്ക് നോക്കി ആർത്തു വിളിക്കുന്നു. നന്ദനും കൂടെയുള്ള നാല് പ്രൊഫഷണൽ കില്ലേഴ്സ്സും ജാഗരൂകരായി. നന്ദൻ ഡിജെ നിൽക്കുന്ന സ്റ്റേജിലേക്ക് സൂക്ഷിച്ചു നോക്കി. നന്ദൻ നിൽക്കുന്നിടത്തുനിന്ന് ഒരു നൂറ് മീറ്റെങ്കിലും അകലെയാണ് സ്റ്റേജ്.

മുത്തു രാജ്. വമ്പൻ കോപ്പറേറ്റുകളുടെ ഇടയിൽ അവൻ പണ്ട് അറിയപ്പെട്ടിരുന്നത് ഇൻഫോമർ എന്നാണ്. അതെ, ഇമ്മാനുവൽ ജോൺ എന്ന ഇൻഡസ്ട്രിയൽ ചാരൻ ഇപ്പോൾ അറിയപ്പെടുന്നത് ഡിജെ മുത്തു രാജ് എന്നാണ്. അനേകം പ്രൈവറ്റ് ഡിക്ടറ്റീവുകളുടെ സഹായത്തോടെ വളരെ നാളത്തെ അന്വേഷണത്തിനു ശേഷമാണ് മുത്തുരാജ് എന്നറിയപ്പെടുന്ന ഇമ്മാനുവേലിനെ ആ ശതകോടീശ്വരന്മാർ കണ്ടെത്തിയത്. തന്നെ അന്വേഷിച്ച് ഒരുപാട് സംഘങ്ങൾ നടക്കുന്നുണ്ടെന്ന് മനസ്സിലായ ഇമാനുവൽ ചാരപ്രവർത്തനങ്ങൾ നിർത്തിവെച്ച് മുങ്ങുകയായിരുന്നു. എങ്ങനെയോ ചോള പട്ടണം ബീച്ചിലെത്തി, ഇവിടുത്തുകാരുടെ ആളായി മുത്തുരാജ് എന്ന പേര് സ്വീകരിച്ച് ഡിജെ നടത്തിവരികയായിരുന്നു. നല്ല ഗോതമ്പിന്റെ നിറം ഉണ്ടായിരുന്ന ഇമാനുവൽ ശരീരം ടാൻ ചെയ്തു നല്ല കറുത്ത നിറമാക്കി മാറ്റി. ശസ്ത്രക്രിയയിലൂടെ മുഖവും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആക്കി.
തന്നെ അന്വേഷിച്ചു നടക്കുന്നവരുടെ നീക്കങ്ങൾ ഇമ്മാനുവൽ തന്റെ നെറ്റ്‌വർക്കിലൂടെ അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു. പക്ഷേ ആ അഞ്ചു പേർ ഒറ്റക്കെട്ടായി നടത്തിയ നീക്കങ്ങൾ ഇതുവരെയും ഇമ്മാനുവേലിന്റെ ചെവിയിൽ എത്തിയില്ല.

” എവരിബഡി ഡാൻസ് വിത്ത് മീ. വൺ ടു ത്രീ ഫോർ.” നൃത്തച്ചുവടുകൾ കാണിച്ചുകൊണ്ട് മുത്തുരാജ് അലറി വിളിച്ചു. കാണികൾ ആവേശത്തിലായി. അവർ മുത്തുരാജ് കാണിച്ചുകൊടുത്ത ചുവടുകൾക്കനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി. വളരെ ഉച്ചത്തിലുള്ള ചടുല താളങ്ങൾ ഉള്ള മ്യൂസിക് സ്പീക്കറിലൂടെ മുഴങ്ങുന്നു.

നന്ദൻ്റെ കൂടെ വന്ന നാലുപേരും നൃത്തം ചെയ്യുന്നുണ്ട്. പക്ഷേ അവരുടെ കണ്ണുകൾ മുത്തുരാജിൽ തന്നെ ജാഗ്രതയോടെ പതിഞ്ഞിരിക്കുന്നു.

നന്ദന് അല്പം ടെൻഷൻ തോന്നി. എന്തെങ്കിലും പാളിച്ചകൾ പറ്റിയാൽ ! ഹേയ് അങ്ങനെയൊന്നും സംഭവിക്കില്ല. ഇവരിൽ ഒരാൾ മതിയല്ലോ ഇവനെ തീർക്കാൻ. പിന്നെ മുതലാളിമാർക്ക് കാശിനു ചെലവില്ലാത്തതുകൊണ്ട് അവർ നാലു പേരെയും ഇറക്കിയെന്നേയുള്ളു. ഒരു കുഴപ്പവും വരില്ല. ഇവന്മാർ തീർത്തോളും. എന്തൊക്കെ പ്ലാനുകൾ ആവുമോ ഇവന്മാരുടെ മനസ്സിൽ ഇപ്പോൾ ഉള്ളത്.

(തുടരും)

റെക്സ് റോയി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments