ജോൺസാറും ജെയിനമ്മ ടീച്ചറും മാതൃകാ അദ്ധ്യാപകർ മാത്രമല്ല മാതൃകാദമ്പതികളും ആണ്. അദ്ധ്യാപക വൃത്തി ഒക്കെ കഴിഞ്ഞ് കിട്ടുന്ന പെൻഷനും വാങ്ങി സ്വസ്ഥം ഗൃഹഭരണമായി ജീവിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു ദുരന്തം അവരെ തേടി എത്തിയത്. ജോൺ സാറിന് സ്ട്രോക്ക് വന്നു. ജെയിനമ്മയും മക്കളും മരുമക്കളുമൊക്കെ ചേർന്ന് പെട്ടെന്ന് തന്നെ സാറിനെ ആശുപത്രിയിൽ എത്തിച്ചു. അവർ അദ്ദേഹത്തെ ഐ സി യുവിൽ കയറ്റി.
ഐ സി യു വിന്റെ ഗ്ലാസ്സ് കണ്ണാടിയിലൂടെ ജെയിനമ്മ ഭർത്താവിനെ നോക്കി ദുഃഖാർത്തയായി നിന്നു. അപ്പോഴാണ് അവർ ആ കാഴ്ച കാണുന്നത്. ജോൺ സാർ കയ്യുയർത്തി മൂന്ന് വിരൽ നിവർത്തി ജെയിനമ്മയെ കാണിക്കുന്നു. 👌 സാർ എന്താണ് ഉദ്ദേശിച്ചതെന്ന് അവർക്ക് മനസ്സിലായില്ല. കുറേ നേരം ആലോചിച്ചപ്പോൾ ഭക്ഷണം കഴിക്കാതെ ജോലി ചെയ്തു നടക്കുന്ന ശീലം ജെയിനമ്മക്കുണ്ട്. സാറ് അതിനെ എപ്പോഴും വഴക്ക് പറയാറുമുണ്ട്. മൂന്ന് നേരവും ഭക്ഷണം കഴിക്കണം എന്ന് അദ്ദേഹം തന്നെ ഓർമ്മിപ്പിച്ചതായിരിക്കും. ജെയിനമ്മ കരുതി. കുറേ കഴിഞ്ഞപ്പോൾ മുറിയിലിരുന്ന ജെയിനമ്മയുടെ അടുത്തേക്ക് മക്കളും മരുമക്കളും എത്തി. മമ്മി , പപ്പ എന്തോ പറയാൻ ശ്രമിക്കുന്ന പോലെ. ഞങ്ങളൊക്കെ ചെല്ലുമ്പോൾ കയ്യുയർത്തി മൂന്ന് എന്ന് കാണിക്കുന്നു. എന്തായിരിക്കും?. ഇത് കേട്ടതും സാറിനെ കാണാൻ എത്തിയ ബന്ധുക്കളും ചർച്ചയായി. ഓരോരുത്തരും ഓരോ വഴിക്ക് തല പുകച്ചു.
അവസാനം അവർ ഒരു നിഗമനത്തിൽ എത്തി. സാർ ആർക്കോ പൈസ കൊടുക്കാനുണ്ട്. അതായിരിക്കും ഈ പറയുന്നത്. അത് കേട്ട് മക്കൾ പരസ്പരം ചോദിച്ചു. ആർക്കായിരിക്കും കൊടുക്കാനുള്ളത് ?. എത്രയായിരിക്കും ?. മൂന്നുറ് ആണോ, മൂവായിരമോ , ഇനിമുപ്പത്തിനായിരമാണോ?. ഇതൊക്ക കേട്ടതും ജെയിനമ്മക്ക് കലശലായ ദേഷ്യം വന്നു. പപ്പ ഇന്നുവരെ ആരോടും കടം വാങ്ങിയിട്ടില്ല. കിട്ടുന്ന ശമ്പളവും റബ്ബർ ഷീറ്റ് വിൽക്കുന്ന കാശും ചേർത്ത് വെച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നത്. ജെയിനമ്മയുടെ വിശദീ കരണം കേട്ടതും എല്ലാവരും വീണ്ടും ചിന്തയിലാണ്ടു. അപ്പോഴാണ് സാറിന്റെ ചേട്ടന്റെ മകൾ അദ്ദേഹത്തെ കാണാൻ എത്തിയത്. അവളെ കണ്ടപ്പോഴും സാർ കയ്യുയർത്തി മൂന്ന് എന്ന് കാണിച്ചു. നിങ്ങൾ പറയുന്നത് ഒന്നുമല്ല കാര്യം. സാറിന്റെ മൂത്തമകനെ ഗൾഫിൽ വിടാൻ മൂന്ന് ലക്ഷം രൂപ ആർക്കോ കൊടുത്തിരുന്നില്ലേ , അത് തിരിച്ചു വാങ്ങുന്ന കാര്യമാണ് അപ്പാപ്പൻ പറയുന്നത്. അത് കേട്ടതും മറ്റുള്ളവർക്കൊപ്പം ജെയിനമ്മയും അവളെ അത്ഭുതത്തോടെ നോക്കി. “ അമ്പടികേമി” ഇവള് കൊള്ളാമല്ലോ. ഇവൾക്കിത്രയും ബുദ്ധി യുണ്ടായിരുന്നോ. അവൾ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു. കാരണം കാശിന്റെ കാര്യത്തിലൊക്കെ സാർ വലിയ കണിശക്കാരനാണ്. പക്ഷേ ഈ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചുകൊണ്ടാണ് ജെയിനമ്മയുടെ മരുമകളുടെ ചേച്ചി വന്നത്. അവളെ കണ്ടപ്പോഴും സാർ കയ്യുയർത്തി മൂന്ന് എന്ന് കാണിച്ചുവത്രേ. അവൾ പറഞ്ഞു സാറിന് മൂന്ന്👌 മക്കളല്ലേ ഒരു പെണ്ണും രണ്ട് ആണും. സ്വത്തുവകകൾ ഒക്കെ മൂന്ന് പേർക്കും തുല്യമായി വീതം വെക്കണം എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. കേട്ടപ്പോൾ അതും ശരിയാകാം എന്ന് എല്ലാവർക്കും തോന്നി. അങ്ങനെ ചർച്ച കൂലംകഷമായി നടക്കുന്നതിനിടയിൽ വീട്ടിലെ റബ്ബർ വെട്ടുകാരൻ സാറിനെ കണ്ടിട്ട് അവരുടെ അടുത്തേക്ക് വരുന്നത്. ‘ ഓ സാറിനെ സമ്മതിക്കണം ‘. അസുഖമാണെങ്കിലെന്താ, ഐ സി യു വിലാ ണെങ്കിലെന്താ, സാറിന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല. നീ എന്തൊക്കെയാണ് ഈ പറയുന്നത്?.
എല്ലാവരും അവന്റെ ചുറ്റും കൂടി. സാർ എപ്പോഴും പറയുമായിരുന്നു , ആഴ്ചയിൽ മൂന്ന് 👌 ദിവസമേ റബ്ബർ വെട്ടാവൂ. അല്ലെങ്കിൽ മരം ചീത്തയാവും എന്ന്. ദാ ഇന്നും അതു തന്നെ പറഞ്ഞു. ഐ സി യു വിൽ കിടക്കുന്ന പപ്പ മൂന്ന് ദിവസമേ റബ്ബർ വെട്ടാവൂ എന്ന് നിന്നോട് പറഞ്ഞോ ?. അതെങ്ങനെ ?. മക്കൾ എല്ലാവരും ആശ്ചര്യത്തോടെ അവനോട് ചോദിച്ചു. അതെന്നേ !. സാർ എന്നെക്കണ്ടപ്പോൾ കൈ പൊക്കി മൂന്ന് വിരൽ ഉയർത്തി കാണിച്ചു. ” ശ്ശെടാ, ഇതെന്തൊരു പാട് “. പപ്പ പറയുന്നത് എന്താണെന്നു എങ്ങനെ അറിയും ?. ഐ സി യു വിൽ ഇടിച്ചു കേറി ചെന്ന് ചോദിക്കാൻ പറ്റില്ലല്ലോ. മാത്രവുമല്ല സ്ട്രോക്ക് വന്നതോടെ സാർ പറയുന്നത് ഡോക്ടർ മാർക്ക് പോലും മനസ്സിലാകുന്നില്ല.അടുത്ത ദിവസം സാറിന്റെ ഒരു പൂർവ്വവിദ്യാർത്ഥി സാറിനെ കാണാൻ എത്തി. വിദേശത്തുനിന്നും നാട്ടിൽ ലീവിന് എത്തിയ അവൻ സാർ ആശുപത്രിയിൽ ആണെന്നറിഞ്ഞു കാണാൻ വന്നതാണ്. സാറിനെ കണ്ടിറങ്ങിയ അവൻ കരഞ്ഞു കൊണ്ടാണ് ഭാര്യ യുടെയും മക്കളുടെയും അടുത്തേക്ക് ചെന്നത്. എന്തിനാണ് കരയുന്നത്. എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. എനിക്കറിയാമായിരുന്നു സാറിനെന്നെ മറക്കാൻ പറ്റില്ലെന്ന്. എന്നാലും ഇത്ര കാലം കഴിഞ്ഞിട്ടും സാറെന്നെ തിരിച്ചറിഞ്ഞല്ലോ. അവൻ വിങ്ങിപ്പൊട്ടി. സാറ് നിന്നെ തിരിച്ചറിഞ്ഞെന്നോ അതെങ്ങനെ നിനക്ക് മനസ്സിലായി. എന്നെ കണ്ടപ്പോൾ സാർ കൈ പൊക്കി മൂന്ന് വിരൽ ഉയർത്തി കാണിച്ചു.👌
എന്നെ മൂന്നാം ക്ലാസ്സിലാണ് സാർ പഠിപ്പിച്ചത്. കണ്ടോ, അതുവരെ സാർ ഓർത്തിരിക്കുന്നു. അത് കേട്ടതും എല്ലാവരും വീണ്ടും ധർമ്മസങ്കടത്തിലായി. എങ്ങനെ കണ്ടുപിടിക്കും മൂന്നിന്റെ രഹസ്യം. ജെയിനമ്മ മരിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ
കർത്താവിന്റെ തിരുഹൃദയരൂപത്തിനു മുൻപിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു. കർത്താവേ, പപ്പ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടുത്തി തരേണമേ. കർത്താവ് ദയനീയമായി ജെയിനമ്മയെ നോക്കി എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പ്രാർത്ഥനക്കിടയിൽ കണ്ണ് തുറന്ന് തിരുഹൃദയരൂപ ത്തിലേക്കു നോക്കിയ ജെയിനമ്മ ഞെട്ടി. കർത്താവും രണ്ട് വിരലുകൾ മടക്കി മൂന്ന് വിരലുകൾ നിവർത്തി ജെയിനമ്മയെ നോക്കുന്നു. ജെയിനമ്മ ആകെ കൺഫ്യൂഷനിൽ ആയി. ഇനി കർത്താവിനെപോലെ ജോൺ സാറും മൂന്നാം നാൾ……..അത്രക്കൊന്നും കാടുകയറേണ്ട. ജെയിനമ്മ സ്വയം ശാസിച്ചു. ഏതായാലും ജെയിനമ്മയുടെ പ്രാർത്ഥനയുടെ ഫലമാണോ , ഡോക്ടർ മാരുടെ മരുന്നിന്റെ ഗുണമാണോ എന്നറിയില്ല സാറിന്റെ സ്ഥിതി കുറച്ചു മെച്ചപ്പെട്ടു.കുറച്ചു ദിവസങ്ങൾക്കു ശേഷം സാറിനെ വീട്ടിലേക്കു കൊണ്ടുപോയി. പക്ഷേ സാറ് സംസാരിക്കുന്നതൊന്നും ആർക്കും മനസ്സിലാകാത്തതിനാൽ ആ മൂന്നിനെക്കുറിച്ചുള്ള സംശയം ആരും സാറിനോട് ചോദിച്ചില്ല. പക്ഷേ ഒരുപാട് കാലം സാറിന്റെ നിഴലായി ജീവിച്ച ജെയിനമ്മക്ക് സാർ പറയുന്നതൊക്കെ കുറേശ്ശേ കുറേശ്ശേ മനസ്സിലാവാൻ തുടങ്ങി. പണ്ടേ അങ്ങനെയാണ്. സാറിന്റെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും ജെയിനമ്മക്ക് മനസ്സിലാകുമായിരുന്നു.ഒരു ദിവസം മത്സരിച്ച് പപ്സും ചൂട് ചായയും കഴിച്ചുകൊണ്ടിരുന്ന മക്കളും മരുമക്കളും കൂടി ജെയിനമ്മയെ അടുത്തേക്ക് വിളിച്ചു. മരുമകൻ പറഞ്ഞു , പത്തിരുപതു നിലയുള്ള മരട് ഫ്ലാറ്റ് പൊളിച്ചിട്ട് ഇത്രയും പൊടി ഉണ്ടായിരുന്നില്ല. അതിലും കൂടുതൽ പൊടിയാണ് ഒരു പപ്സ് കഴിച്ചപ്പോൾ. 🥰😀 ജെയിനമ്മക്ക് ചിരി വന്നു. എന്തിനാണ് വിളിച്ചത്. മമ്മി, പപ്പയോട് ആ മൂന്ന് കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് ചോദിക്ക്. അവരുടെ നിർബന്ധം സഹിക്കാവയ്യാതെ ആയപ്പോൾ ജെയിനമ്മ ആ ദൗത്യം ഏറ്റെടുത്തു. ഭാര്യയുടെ ചോദ്യം കേട്ടതും കർത്താവ് നോക്കിയത്പോലെ തന്നെ ഒരു നോട്ടം സാറും നോക്കി. പിന്നെ പറഞ്ഞു. എന്റെ പൊന്നു ജെയിനമ്മേ, നിങ്ങളെ കണ്ടപ്പോൾ ഞാൻ കണ്ടു എന്ന് കാണിക്കാൻ കൈപൊക്കി കാണിച്ചതാണ് . എന്റെ മൂന്ന് വിരലേ നിവരുന്നുണ്ടായിരുന്നുള്ളു. രണ്ടെണ്ണം നിവർത്താൻ പറ്റുമായിരുന്നില്ല. സാറിന്റെ മറുപടി കേട്ടതും കാറ്റുപോയ ബലൂൺ പോലെയായി അവർ.🙆
സാറിന് സ്ട്രോക്ക് വന്നപ്പോൾ ഉണ്ടായതിനേക്കാളും നിരാശയാണ് അവർക്കനുഭവപ്പെട്ടത്. എത്ര ദിവസത്തെ ആലോചനയാണ് , എത്ര ചർച്ചകൾ നടന്നു, എന്തെല്ലാം കണ്ടുപിടുത്തങ്ങൾ ആയിരുന്നു. എല്ലാം പൊക. കരിഞ്ഞ മുഖവുമായി പുറത്തേക്ക് ഇറങ്ങി വന്ന ജെയിനമ്മക്ക് ചുറ്റും കൂടി എല്ലാവരും. പപ്പ എന്തുപറഞ്ഞു? ഒന്നും പറഞ്ഞില്ല. അവർ ദേഷ്യപ്പെട്ടു. മമ്മി ഇങ്ങോട്ടിരി. എന്നിട്ട് പറ. അവർ പറഞ്ഞ മറുപടി കേട്ടതും മക്കൾ മുഖാമുഖം നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. എന്തൊക്കെയായിരുന്നു , മലപ്പുറം കത്തി , എക്കെ-47 , മെഷീൻ ഗൺ, മൂന്ന് ലക്ഷം രൂപ ദേ കിടക്കുന്നു ചട്ടീം കലവും . മക്കളുടെ ചിരിക്ക് ആക്കം കൂടിയതും ജെയിനമ്മ രൂക്ഷമായി അവരെ നോക്കി. പപ്പ സുഖമില്ലാതെ കിടക്കുമ്പോഴാണോ നീയൊക്കെ ഇങ്ങനെ ചിരിക്കുന്നത്. അയ്യോ,
പപ്പക്ക് മരുന്ന് കൊടുക്കാൻ നേരമായി. കൃത്യമായി
“ 3 “ 👌നേരവും മരുന്ന് കൊടുക്കണമെന്നും, മുടക്കരുതെന്നും ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതും പറഞ്ഞ് ജെയിനമ്മ അകത്തേക്ക് പോയി. 🥰😀🙏