Wednesday, October 2, 2024
Homeകഥ/കവിതമാവേലിയും മാതേവനും (നർമ്മകഥ) ✍സതി സുധാകരൻ പൊന്നുരുന്നി

മാവേലിയും മാതേവനും (നർമ്മകഥ) ✍സതി സുധാകരൻ പൊന്നുരുന്നി

സതി സുധാകരൻ പൊന്നുരുന്നി

“പ്രഭോ ഞാനൊന്നു മലയാള നാട്ടിൽ പോയി വരട്ടെ ! ഓണം അടുക്കാറായല്ലൊ അവർ എന്നെ കാണാതെ സങ്കടപ്പെട്ടിരിക്കയായിരിക്കും. ഞാൻ പോയിട്ട് മക്കളെ കണ്ടിട്ട് വേഗം വരാം പ്രഭോ ”

മാവേലി പാതാള രാജാവിനോട് അനുവാദം ചോദിച്ചു.

“ശരി അങ്ങനെയാകട്ടെ പെട്ടെന്നു വന്നില്ലെങ്കിൽ നിന്റെ സ്ഥാനവും, സപ്രമഞ്ജ കട്ടിലും കൂടി യമദേവൻ കയ്യടക്കുമെന്നോർത്തോ ? കാലനാണെങ്കിൽ ആളുകളെ ഓടിച്ചിട്ടു പിടിക്കാൻ നടക്കുകയാണ്. ക്ഷീണിച്ച് വരുമ്പോൾ നിന്റെ മുറികൂടി സ്വന്തമാക്കുമെന്ന് തീർച്ചയാണ് .അതു കൊണ്ട്
“ഓണം കഴിഞ്ഞ് പിറ്റേദിവസം ഇങ്ങു വന്നേക്കണം. ”
പാതാള രാജാവ് കല്പിച്ചു.

“ശരി പ്രഭോ ഞാൻ വരാം.”

മഹാബലി വലിയ സന്തോഷത്തിൽ തന്റെ സ്വന്തം നാടുകാണാൻ പാതാളത്തിൽ നിന്നും പല്ലക്കേറി പുറപ്പെട്ടു. പല്ലക്കിൽ നിന്നും സ്വന്തം നാട്ടിലേക്കിറങ്ങി. പല്ലക്കു തിരിച്ചു വിടുന്നതിനു മുൻപ് തന്റെ ആടയാഭരണങ്ങളും കിരീടവും പല്ലക്കിൽ തിരിച്ചയച്ചു .ഒരു മു
ണ്ടുടുത്ത് രണ്ടാം മുണ്ടും പുതച്ച് ഓലക്കുടയും ചൂടി പൂണൂലുമിട്ട് , മലയാള മക്കളെ കാണാമല്ലോ എന്ന സന്തോഷത്താൽ സ്വന്തം നാട്ടിലേയ്ക്കെത്തി.

കുറച്ചു ദൂരം നടന്നപ്പോൾ മരത്തിന്റെ ചുവട്ടിൽ ഒരാൾ താടിയ്ക്കു കൈയ്യും കൊടുത്തിരിക്കുന്നതു കണ്ടു. മാവേലി അടുത്തു ചെന്നു ചോദിച്ചു

” മകനെ നീ എന്തേ വിഷമിച്ചിരിക്കുന്നത് ”

അയാൾ പറഞ്ഞു

“തിരുമേനി ഓണമായില്ലെ എനിയ്ക്കു പണിയൊന്നും ഇല്ല വീട്ടിലാണെങ്കിൽ ഭാര്യയും മക്കളും ഉണ്ട് ഞാനെന്തെങ്കിലും കൊണ്ടുചെല്ലുമെന്നോർത്ത് അവർ എന്നെയും നോക്കി ഇരിയ്ക്കയായിരിക്കും. പണിയൊന്നും ഇതുവരെ കിട്ടിയില്ല എന്തു ചെയ്യുമെന്നാലോചിച്ച് ഇവിടെ കുത്തിയിരുന്നു പോയി .”

മകനെ നിന്റെ പേരെന്താ ?

“എന്റെ പേര് മാതേവൻ എന്നാണ്.”

ശരി
“നിന്റെ ചെലവിനുളള കാശ് ഞാൻ തരാം നമുക്ക് ഈ നാടൊന്നു ചുറ്റിക്കാണാൻ പോകാം നീ എന്റെ കൂടെ ഒന്നു വന്നാൽ മതി “.

” എനിയ്ക്കു കിട്ടുന്നതിന്റെ ഒരോഹരി ഞാൻ നിനക്കു തരാം. നിന്റെ കുടുംബത്തിന്റെ ചിലവിനുള്ളത് ഞാൻ തന്നു കൊളളാം.”

“ശരി ഞാൻ വരാം ”

ഈ സ്വർണ്ണ നിറമുള്ള മനുഷ്യൻ ആരായിരിക്കുമോ ? നമ്പൂതിരിയേപ്പോലിരിക്കുന്നു. മാതേവൻ കൈകൂപ്പി തൊഴുതു നിന്നു.

മാവേലിയും മാതേവനും കൂടി നാടുചുറ്റിക്കാണാൻ നടന്നു.

“നാടാകെ മാറിയിരിക്കണു നമ്മുടെ കാലത്ത് എവിടേയും ഗ്രാമീണാന്തരീക്ഷമായിരുന്നു ഇപ്പോൾ എല്ലായിടവും എന്തൊരു തിരക്കാണ്. വസ്ത്രധാരണവും മാറിയിട്ടുണ്ടല്ലോ?
മുണ്ടുടുക്കലില്ലേ ഇവിടെ ” ?

ഇങ്ങനെ മനസ്സിൽ ഓരോന്നാലോചിച്ച് കാഴ്ചകളും കണ്ടു നടന്നു.

ഒരാൾക്കൂട്ടം കണ്ട് മാവേലി ചോദിച്ചു ?

“അവിടെയെന്താ ഒരു തിക്കും തിരക്കും

“അത് ഓണത്തിനു പച്ചക്കറിച്ചന്ത തുടങ്ങിയതാ തിരുമേനി ”

“പച്ചക്കറിയ്ക്ക് തീപിടിച്ച വിലയല്ലേ? ആളുകൾ പണിയൊന്നും ചെയ്യാതെ കാശു കൊടുത്തു വാങ്ങിക്കാനുള്ള തിരക്കാണ് ”

“എല്ലാം വിഷമാന്നേ.”

അന്യനാട്ടിൽ നിന്നു വരുന്നതല്ലേ ?
ചീത്തയാകാതിരിക്കാൻ വേണ്ടി കുറെ വിഷമടിച്ച് ഇങ്ങോട്ടു കയറ്റിവിടും അത് , നമ്മുടെ നാട്ടിലെ ആളുകൾ വാങ്ങിത്തിന്നും “പണിയൊന്നും ചെയ്യാതെ കാശു കൊടുത്തു വാങ്ങിച്ചാൽ പോരെ എന്ന ചിന്തയാണ് നമ്മുടെ ആളുകൾക്ക് ”

. ഈ വിഷം തിന്നു ,തിന്ന് ഒക്കേത്തിനും സൂക്കേടാ തിരുമേനി. . നമ്മുടെ നാട്ടിലെ ആൾക്കാരു മരിച്ചാൽ അന്യ നാട്ടുകാർക്കൊന്നുമില്ലല്ലൊ?

“നമ്മുടെ നാട്ടിലെ ആളുകൾക്ക് പൂത്ത കാശല്യോ തിരുമേനി ”

” അപ്പോൾ ഇവിടെ കൃഷിയൊന്നും ചെയ്യണില്ലേ മാതേവ ”

“ഇല്ല തിരുമേനി . അന്യ നാട്ടിൽ നിന്നും ,എല്ലാം വരുന്നതും നോക്കി ഇരിപ്പാണ്

“കാലിൽ മണ്ണാകും. പിന്നെ വിയർപ്പിന്റെ നാറ്റമുണ്ടാകുമത്രേ ” അതുകൊണ്ട് മണ്ണിലിറങ്ങി ആരും പണിയൊന്നും ചെയ്യില്ല. ”

വെള്ളപ്പൊക്കം വന്ന് കൃഷിയെല്ലാം നശിച്ചു പോയിരുന്നു. തക്കാളിയ്ക്ക് തീപിടിച്ച വിലയല്ലായിരുന്നോ ? തക്കാളിയുടെ കാര്യം പറഞ്ഞ് ,പെണ്ണുങ്ങൾ കുടുംബകലഹം ഉണ്ടാക്കി, വീട്ടിൽ നിന്നും വഴക്കിട്ടു പോയീന്നു പറയുന്ന കേട്ടു. ”

കുറച്ചു നടന്നപ്പോൾ വേറൊരു സ്ഥലഞ്ഞ് കുറെ ആളുകൾ മിണ്ടാതെ ക്യൂ നിൽക്കുന്നതു കണ്ടു.

“മാതേവ, ഇതെന്താ ഇവിടെയൊരു നീണ്ട നിര “സിനിമാ തീയേറ്റർ വല്ലതുമാണോ ” ?

“അയ്യോ, തീരുമേനീ അതു സിനിമാതീയേറ്ററല്ല മദ്യവില്പനശാലയാണ് ആളുകൾക്ക് മദ്യമില്ലാതെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. പണിയെടുത്തു കിട്ടുന്ന കാശിന് മദ്യവും വാങ്ങിക്കുടിച്ച് വീട്ടിൽ ചെന്ന് ചട്ടിം കലോം തല്ലി ഭാര്യമാരേം തല്ലി നടക്കാലോ ഇവറ്റകൾക്ക് .
ഓണത്തിനു മുടക്കമല്ലേ നേരത്തെ വാങ്ങി വയ്ക്കാം എന്നു വിചാരിച്ച് വന്നതാണ്. ”

“ഓണം ആഘോഷിക്കണ്ടെ തീരുമേനീ?
മദ്യമില്ലെങ്കിലെന്തോണം. ”

“പിള്ളേരാണെങ്കിൽ മയക്കുമരുന്നിന്റെ അടിമകളും . കള്ളും കഞ്ചാവും ഒക്കെ പോയി തിരുമേനി .

ഇപ്പോൾ എന്തോ ഒരു പൊടിയാണ് തിന്നുന്നതെന്നു പറഞ്ഞു കേട്ടു. അതു നാക്കിലൊന്നു തൊട്ടാ മതീത്രേ, പതിനാലു ലോകവും കാണുമെന്ന് !.

അതു ഉള്ളിൽ ചെന്നാൽ പിന്നെ അമ്മയേയും, പെങ്ങളേയും, മക്കളേയും തിരിച്ചറിയില്ല. അവർക്ക് ഉന്മാദ ലഹരിയാണെന്ന് !.

കൊച്ചുകുഞ്ഞുങ്ങളെപ്പോലും അവർ വെറുതെ വിടുന്നില്ല.
പിടിച്ചു കൊണ്ടുപോയി പീഢിപ്പിച്ചു കൊല്ലും. പെണ്ണുങ്ങൾക്കും കൂട്ടികൾക്കും പേടിച്ചു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ”
“ഇതെന്താ മാതേവ”

“ഇതു റേഷൻ കടയാണ് ആളുകൾ അരി വാങ്ങാൻ വന്നതാണ് ”

” അപ്പോൾ നമ്മുടെ പാടങ്ങൾ കൊയ്യാറായില്ലെ മാതേവ” ?
പിന്നെന്തിനാണ് ഇവിടെ
വന്ന് കഷ്ടപ്പെടുന്നത് ?

എന്റെ തിരുമേനീ , പാടവും തോടും കുളവും, മലയും എല്ലാം ഇടിച്ചു നിരത്തി മണിമാളികകൾ പണിതു. ഞങ്ങളെപ്പോലെയുള്ളവർക്ക് എന്നും കഷ്ടപ്പാടാണ് . ”

“ഈ റേഷൻ കിട്ടുന്നതു കൊണ്ടാണ് ഞങ്ങൾ കഞ്ഞിവച്ചു കുടിക്കുന്നത്. പാവപ്പെട്ടവർക്ക് കാശു കൊടുക്കാതെ അരി കിട്ടും തിരുമേനി ” .

എന്തൊരു തിരക്കാണ് ആളുകളെ മുട്ടാതെ നടക്കാൻ വയ്യ .തിക്കും തിരക്കും കണ്ട് മടുത്തു. എന്തൊരു ഒച്ചപ്പാടും ബഹളവുമാണ്. “നമുക്ക് നാട്ടിൻപുറം ഒന്നു നടന്നു കണ്ടാലോ മാതേവ. ഈ തിരക്കിൽ നിന്നും രക്ഷപെടാമായിരുന്നു “.

രണ്ടു പേരും കൂടി നാട്ടിൻപുറം കാണാനായി പുറപ്പെട്ടു.

” അയ്യോ മാതേവ, നമ്മുടെ കുന്നുകളെല്ലാം എവിടെ പോയി.? ”

“അതു ബുൾഡോസർകൊണ്ട് ഇടിച്ചു നിരത്തി മണ്ണു വിറ്റു കാശാക്കി. ”

“അയ്യോ നമ്മുടെ വനങ്ങളോ ? ”

അതൊക്കെ വെട്ടിവിറ്റു കാശാക്കിയില്ലേ ? തടിക്കൊക്കെ എന്താ വില .തടിവിറ്റ് എല്ലാരും വലിയ മുതലാളികളായില്ലേ ? കോടികൾ വിലയുള്ള കാറും, , വലിയ വീടും വച്ച് , പുറം രാജ്യങ്ങളിൽ മക്കളെ കോടികൾ മുടക്കി ഡാക്കിട്ടറാക്കാൻ പഠിപ്പിക്കാൻ വിട്ടിരിക്കയല്ലേ ? അല്ലെങ്കിൽ ഇവർക്ക് എവിടുന്നാ ഇത്രയും കാശ് ?. ”
” കോരന്ന് ഇന്നും കഞ്ഞി തന്നെയാണ് തിരുമേനി . ”

അടിയങ്ങളെയൊന്നും ആ വീടുകളിലൊന്നും കയറ്റില്ല . ഞങ്ങൾക്ക് ആയിത്തമുണ്ടെന്ന് ,! ഞങ്ങൾ നിറം കുറഞ്ഞവരാണെന്ന് ! ഞങ്ങൾക്ക് പഠിപ്പില്ലാത്തവരെന്നാ പറയുന്നെ … ഞങ്ങൾ എങ്ങനെ പഠിക്കാനാ തീരുമേനി കാശു വേണ്ടേ ? “കൂലീം വേലേം ഇല്ലാത്ത ഞങ്ങള് എങ്ങനെ മക്കളെ പഠിപ്പിക്കാന… ”
“ഞങ്ങളെപ്പോലെയുള്ള പാവങ്ങൾ ഇല്ലെങ്കിൽ മുതലാളിമാരുടെ പണി ആരെടുക്കും അത് അവർ ആലോചിച്ചിട്ടുണ്ടോ ? തിരുമേനി.

പണിയെടുത്താൽ കൂലിപോലും മര്യാദയ്ക്കു തരില്ല. ഞങ്ങൾക്കുമില്ലേ കുഞ്ഞുമക്കളും കുടുംബവും ? അവർക്ക് എന്തെങ്കിലും തിന്നാൻ കൊടുക്കണ്ടേ തിരുമേനി.

മാവേലി ഇതെല്ലാം കേട്ടു മിണ്ടാതെ നടന്നു.

“ഇവിടെ ഓണക്കളികളും , തുമ്പിതുള്ളലും ഒന്നും ഇല്ലേ?”

അതിനിവിടെ ആർക്കാ നേരം
” കൊച്ചുകുട്ടികൾ മുതൽ വലിയവർ വരെ മൊബൈലും നോക്കിയിരിപ്പല്ലേ?”

” അപ്പോ മാതേവ, അവർക്ക് ഭക്ഷണമൊന്നും കഴിക്കണ്ടേ ? ”

“എല്ലാടവും ഭക്ഷണ ശാലകൾ എന്നെഴുതി വച്ചിരിക്കുന്നത് തിരുമേനി കണ്ടില്ലേ?”

“മൊബൈലിൽ കുത്തിയാൽ എല്ലാം വീട്ടിൽ വരും. പാത്രം കഴുകാനൊന്നും ആർക്കും നേരമില്ല “.

” മാതേവാ ,ഇവിടെ പിന്നെ എന്താ ഒരു കുറവ്. , ”
കാലം പോയൊരു പോക്കേ ” !.

മാവേലി മൂക്കത്തു വിരലും വച്ചു നിന്നു.

പണ്ടൊക്കെ എവിടെ ചെന്നാലും പൂവടയും, പായസവും വറു ത്തുപ്പേരിയും കിട്ടുമായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ലേ?

“അതിനു ഇപ്പോൾ സദ്യ ആർക്കുംവേണ്ട തിരുമേനി ” .

മലയാളിക്ക് ചിക്കൻ ബിരിയാണി മതീന്ന്. അന്യ നാട്ടിലുള്ളത്‌ വാങ്ങി കഴിക്കുമ്പോൾ അതിനൊരു ഗമ വേറെയാണെന്ന പറയുന്നേ “….

“കാലം പോയൊരു പോക്കേ ”

!. എല്ലാം കണ്ടും കേട്ടും മാവേലിയുടെ തല തരിച്ചു പോയി.

മാതേവ, നമ്മൾ ഇത്രയും നടന്നില്ലേ നമുക്കൊന്നു കുളിക്കണമെന്നുണ്ട് പുഴയിലൊന്നു പോകാം ”
അയ്യോ വേണ്ട തീരുമേനി .അവിടെ മുഴുവൻ കുഴികളാണ് മുങ്ങിച്ചത്തുപോകും. മണലെല്ലാം വാരിയെടുത്ത് ,പുഴയിലേ വെള്ളോം വറ്റി കുഴികളും ആയി കിടക്കയാണ്. ”

എന്നാ നമുക്ക് കുളത്തിലേക്കു പോകാം മാതേവ .

”അയ്യോ, കുളം മുഴുവനും മാലിന്യക്കൂമ്പാരങ്ങളല്ലേ? അതിലെങ്ങാനും കുളിച്ചാൽ ചൊറിച്ചിലായിരിക്കും കൂത്താടികളുടെ കൂത്താടല്ലേ ?അവിടെ കുളിക്കണ്ട തിരുമേനി. ”

ആ കാണുന്ന വീട്ടിലൊരു പൈപ്പുണ്ട് അവരോടു ചോദിച്ചിട്ട് അവിടെ കുളിക്കാം ”

“മുങ്ങിക്കുളിക്കുന്ന ഞാൻ , പൈപ്പിൽ കുളിക്കാനോ ” ? എന്തായീപ്പറയണേ മാതേവ” .

പൈപ്പിൽ കുളിക്കാനായി ചെന്നപ്പോഴാണ് ഒരു പയ്യൻ അവന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുന്നതു കണ്ടത്.

” മാതേവ, ഇവന്റെ മൂടിയെന്താ ഇങ്ങനെ മരത്തിന്റെ വേരു കെട്ടുപിണഞ്ഞിരിക്കുന്നതു പോലെ !
അവന്റെ ജീൻസൊക്കെ. കീറിത്തുന്നി വച്ചിരിക്കുന്നു .ഇത്രയും വലിയവീട്ടിലെ പയ്യന് നല്ല ഉടുപ്പുകളൊന്നുമില്ലേ മാതേവ?”
തലയിലാണെങ്കിൽ എണ്ണ കണ്ടിട്ട് നാളുകൾ ഏറെ ആയി എന്നു തോന്നണു. എന്തൊരു കോലമാ കുട്ടികളുടെ ? എന്തു ഭംഗിയായി നടന്ന കുട്ടികളാ , കാലം പോയൊരു പോക്കേ “…

തീരുമേനി കാശില്ലാഞ്ഞിട്ടല്ല അത് ഇപ്പോഴത്തെ ഫാഷനാ കുട്ടികൾ പണ്ടത്തെ ഓർമ്മകൾ പുതുക്കുന്നതാ, പെൺകുട്ടികൾക്കാണെങ്കിൽ തുണി വേണ്ട. പേരിനു നാണം മറയ്ക്കുന്നു എന്നു മാത്രം.
ഇതാണ് ഇപ്പോഴത്തെ ഫാഷൻ .

പണ്ട് ആദവും ,ഹവ്വയും തുണിയില്ലാതെയല്ലേ ജീവിച്ചത് ഇനി അതുപോലെയൊക്കെ വരും തിരുമേനി. ”

“മാതേവ, എനിക്കിനി കേരളത്തിൽ നില്ക്കണ്ട . കള്ളവും ചതിയുമില്ലാതെ എല്ലാവരും ഒരുപോലെ വാണ നാടല്ലായിരുന്നോ ? ഇന്ന് നാടിന്റെ അവസ്ഥ കണ്ടിട്ട് എനിയ്ക്കു സങ്കടം വരുന്നു.

എന്നെ ആരും ഓർക്കുന്നു പോലുമില്ല. എല്ലാരും എന്റെ പേരും പറഞ്ഞ് ആഘോഷത്തിമിർപ്പിലാണ്.

“നിനക്ക് കഴിയാനുളള വക ഞാൻ തന്നു കൊള്ളാം. മാതേവ, ഞാൻ പാതാളത്തിലേയ്ക്കു പോവുകയാണ്. എന്നെ അറിയുന്നവർ ആരും ഇല്ല. ”

“മാതേവ എന്റെ ഓലക്കുടയും പട്ടും വളയും നിനക്കിരിക്കട്ടെ ” !

” അടുത്ത കൊല്ലം വരാമെന്നു പറഞ്ഞ് തീരുമേനി തിരിച്ച് പാതാളത്തിലേയ്ക്കു പോയി.
മാതേവൻ അണ്ടി കളഞ്ഞ അണ്ണാനേ പ്പോലെ എന്തു ചെയ്യണമെന്നറിയാതെ നോക്കി നിന്നു.

✍സതി സുധാകരൻ പൊന്നുരുന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments