ടീമില്‍ സ്വന്തം സ്ഥാനം പോലും ഉറപ്പില്ലാത്ത വിധത്തില്‍ ഒരു ക്യാപ്റ്റന് ക്രീസിലെത്തേണ്ടി വരിക. ആറാമനായി ഇറങ്ങിയിട്ടും ഹിറ്റ്മാന്റെ നിഴല്‍ പോലും ആകാതെ തുച്ഛമായ റണ്‍സിന് പുറത്താകേണ്ടി വരിക. രോഹിത്ത് ശര്‍മ്മയുടെ കരിയറില്‍ അദ്ദേഹത്തിന് ഒരിക്കലും മറക്കാനാകാത്ത സംഭവവികാസങ്ങള്‍ വന്നുചേരുകയാണ്. ഒരു പ്രഫഷനല്‍ ടീമെന്നാല്‍ ക്യാപ്റ്റന് എല്ലാ കാര്യങ്ങളിലും മികച്ച ധാരണയുണ്ടായിരിക്കണം.
എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് ടെസ്റ്റ് കളിക്കാന്‍ പോയ ടീം ഇന്ത്യ ക്യാപ്റ്റന്റെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. ക്യാപ്റ്റന്‍ എന്നാല്‍ ബാറ്റ് ചെയ്യുകയോ നന്നായി ബൗള്‍ ചെയ്യുകയോ അല്ലാതെ തന്നെ ടീമിനെ നയിക്കുന്നതിലും തന്ത്രപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലുമെല്ലാം വലിയ റോള്‍ ഉള്ള ആളായിരിക്കണം. സുനില്‍ ഗാവസ്‌കര്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോനി തുടങ്ങിയ മുന്‍നായകര്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ പോലും വലിയ പങ്കു വഹിച്ച സ്ഥാനത്ത് ഇവിടെ രോഹിത്തിന് സ്വന്തം സ്ഥാനം പോലും ഉറപ്പില്ല എന്നതാണ് സ്ഥിതി.
ഈ സീസണില്‍ മൂന്ന് പരമ്പരയിലാണ് രോഹിത്ത് ഇറങ്ങിയത്. പതിനഞ്ച് ഇന്നിങ്സില്‍ നിന്ന് 164 റണ്‍സ എന്ന നിലയില്‍ 10.93 ആണ് ശരാശരി. മെല്‍ബണ്‍ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ രോഹിതിന്റെ ഈ പരമ്പരയിലെ ആവറേജ് 6.20 ആണ്, ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ എത്തിയ ഒരു വിദേശ ക്യാപ്റ്റന്റെ എക്കാലത്തെയും താഴ്ന്ന ശരാശരിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ ഓസ്‌ട്രേലിയയിലെ താരത്തിന്റെ പ്രകടനം ഒട്ടും നല്ലതായിരുന്നില്ല. നാലാം ടെസ്റ്റില്‍ രോഹിതിന്റെ ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു.