ആദ്യ ടെസ്റ്റ് അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ 295 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്സിൽ 534 റൺസായിരുന്നു ഒസ്ട്രേലിയയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാൽ 58.4 ഓവറിൽ 238 റൺസിന് ഓസീസ് കൂടാരം കേറുകയായിരുന്നു. സ്കോർ ഇന്ത്യ:150, 487-6, ഓസ്ട്രേലിയ:104, 238.
കളിയുടെ എല്ലാ മേഖലയിലും ഇന്ത്യ ആധിപത്യം പുലർത്തി. ന്യൂസിലാൻഡി നെതിരെ സ്വന്തം മണ്ണിൽ നടന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ് പെർത്തിലെ ഈ മിന്നുന്ന ജയം.ബോളിങ്ങിൽ ക്യാപ്റ്റൻ ബുംറയും മുഹമ്മദ് സിറാജും മുന്നിൽ നിന്ന് നയിച്ചതോടെ ഓസീസ് ബാറ്റ്സ്മാൻമാർക്ക് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ട്രാവിസ് ഹെഡ്, മിച്ചൽ മാർച്ച് എന്നിവരുടെ ഇന്നിംസുകൾ ഓസീസിന് പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ പരാജയം രുചിക്കുകയായിരുന്നു.
12ന് മൂന്ന് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ആദ്യം തന്നെ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് നഷ്ടമായി. പിന്നാലെ സ്റ്റീവൻ സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും 17 റൺസ് എടുത്ത സ്റ്റീവൻ സ്മിത്തിനെ സിറാജ് പുറത്താക്കിയതോടെ ഓസീസ് വീണ്ടും പ്രതിരോധത്തിലായി, 79ന് 5 എന്ന നിലയിലേക്ക് നിലംപതിച്ചു.
ശ്രദ്ധയോടെ ബാറ്റേന്തിയ ട്രാവൽസ് ഹെഡ് മിച്ചൽ മാർഷുമായി ചേർന്ന് ആറാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി സ്കോർ 150 കടത്തി. എന്നാൽ ടീം സ്കോർ 161ൽ നിൽക്കെ ക്യാപ്റ്റൻ ബുംറ 89 റൺസ് എടുത്ത ട്രാവിസ് ഹെഡിനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ 47 റൺസ് എടുത്ത മിച്ചൽ മാർഷിനെ നിതീഷ് റെഡ്ഡി പുറത്താക്കിയതോടെ ഓസീസ് തോൽവി ഉറപ്പിച്ചു. ഹർഷത് റാണയുടെ പന്തിൽ അലക്സ് കാരി ക്ലീൻ ബൗൾ ആയതോടെ ഇന്ത്യയുടെ ജയം പൂർണ്ണമാവുകയായിരുന്നു.