അർജന്റീനയുടെ ദേശീയ ഫുട്‍ബോൾ ടീമിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രഖ്യാപനവുമായി എയ്ഞ്ചൽ ഡി മരിയ രംഗത്ത്. ഒരു വര്ഷം മുൻപ് മരിയ എടുത്ത അതേ തീരുമാനം തന്നെയാണ് കാനഡയ്ക്ക് എതിരെയുള്ള മത്സരത്തിന് ശേഷവും ഡി മരിയ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കോപ്പ അമേരിക്ക ഫൈനലിൽ എന്ത് തന്നെ സംഭവിച്ചാലും തനിക്ക് പടിയിറങ്ങാൻ സമയമായി എന്നാണ് മരിയ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഞാൻ എപ്പോഴും ഈ ജഴ്‌സിക്ക് വേണ്ടി എൻ്റെ ജീവൻ നൽകി. എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്. മുൻ തലമുറ എന്നെ പഠിപ്പിച്ചത് ത്യാഗത്തെക്കുറിച്ചും തളരാതെ ജീവിക്കാനുമാണ്. എനിക്ക് നഷ്ടപ്പെട്ടതെല്ലാം ഈ ജേഴ്‌സി എനിക്ക് തന്നു. എനിക്കറിയാം ഈ വിരമിക്കൽ വളരെ പ്രയാസപ്പെട്ടു ഒന്നാണെന്ന്. ആളുകൾ ഇത് പരിചിതമാണ്, പക്ഷേ ഇത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ദേശീയ ടീമുമായുള്ള അവസാന മത്സരത്തിന് ഞാൻ തയ്യാറല്ല, പക്ഷേ സമയമായി എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്’, കാനഡയുമായുള്ള സെമി ഫൈനൽ മത്സരത്തിന് ശേഷം ഡി മരിയ പറഞ്ഞു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അര്ജന്റീന കോപ്പ, ലോകകപ്പ് നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ അതിനെല്ലാം കാരണക്കാരനായ താരമാണ് എയ്ഞ്ചൽ ഡി മരിയ. ഖത്തർ ലോകകപ്പിൽ ഡി മരിയയുടെ പ്രകടനമാണ് ടീമിനെ രക്ഷിച്ചത്. പേര് പോലെ തന്നെ ടീമിന്റെ രക്ഷകനായി പലതവണ അവതരിച്ച താരം പടിയിറങ്ങുമ്പോൾ പകരക്കാരനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടേറിയ ജോലി ഇനി കോച്ച് സ്‌കലോണിക്ക് തന്നെയായിരിക്കും.