Thursday, November 14, 2024
Homeസ്പെഷ്യൽവയനാടും ചേലക്കരയും ഇന്ന് ബൂത്തിലേക്ക് ; ✍ ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

വയനാടും ചേലക്കരയും ഇന്ന് ബൂത്തിലേക്ക് ; ✍ ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

കൊഴിഞ്ഞു വീണ ഔദ്യോഗിക ജീവിതത്തിന്റെ മണിച്ചെപ്പ് തുറന്നപ്പോൾ മാറാല പിടിച്ചു കിടന്ന ചില പഴയ സംഭവങ്ങൾ ഓർമ്മയിലേക്ക് ഓടി വന്നു.

1957 ലെ കേരള തെരഞ്ഞെടുപ്പ്. ഇലക്ഷൻ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.കോട്ടയത്തു കളക്ടർ ആണ് റിട്ടേർണിംഗ് ഓഫീസർ.മൂന്നാറിലെ സൂപ്പറന്ണ്ടിങ് എഞ്ചിനീയർ ശ്രീരങ്കനാഥൻ അടക്കം മിക്കവാറും എല്ലാവർക്കും തെരഞ്ഞെടുപ്പു ചുമതല നൽകി. മററു ഓഫീസുകളിലെ എൻജിനിയർമാർക്കു ചുമതല കൊടുത്തുമില്ല. ഇതു ശ്രീരങ്കനാഥനു ക്ഷീണമായി. ശമ്പളക്കൂടുതൽ ഉണ്ടെങ്കിലും സാമാന്യ വിദ്യാഭ്യാസമില്ലാത്ത ചിലർക്കു പോളിങ് ഓഫീസറായിട്ടായിരുന്നു ചുമതല .അവരും അങ്കലാപ്പിലായി ശ്രീ രങ്കനാഥനെ ‘രക്ഷപ്പെടുത്താൻ’ ഒരു മാർഗ്ഗം കണ്ടുപിടിച്ചു. ആ ദൗത്യം എന്നെ ഏൽപിച്ചു. ഈച്ചക്കും പൂച്ചക്കും നായക്കും നസ്രാണിക്കും അശുദ്ധി ഇല്ല. എവിടെയും കയറി ചെല്ലാമെന്നാണല്ലോ വെപ്പ്. ഞാൻ ദേവികുളത്തെത്തി. അസിസ്റ്റൻഡ് റിട്ടേണിങ്ങ് ഓഫീസറെ കണ്ടു. പകരം ആൾക്കാരുടെ പേരു കൊടുത്തു. നിയമന ഉത്തരവുകളിൽ മാറ്റം വരുത്തിച്ചു. ഇലക്കും മുള്ളിനും കുഴപ്പമില്ലാതാക്കി.

മൂന്നാറിലെ തേയില എസ്റ്റേറ്റിൽ പോളിംഗ് ബൂത്ത് സ്ഥാപിക്കാറുണ്ട്. ഞാനായിരുന്നു അവിടത്തെ പ്രീസൈഡിങ് ഓഫീസർ.വോട്ടർപട്ടികയിൽ സ്ത്രീകളുടെ പേരിനൊടൊപ്പം ഭർത്താവിന്റെയും പേരുണ്ടാകും. പോളിങ് ഓഫീസർ നമ്പർ വിളിക്കുമ്പോൾ വോട്ടർ പേരും ഭർത്താവിന്റെ പേരും വിളിച്ചു പറയണം. ഇതായിരുന്നു അന്നത്തെ നടപടിക്രമം. ഞങ്ങൾ നമ്പർ വിളിച്ചു. ഒരു തമിഴ് സ്ത്രീ വന്നു. സ്വന്തം പേര് പറഞ്ഞു. ഭർത്താവിൻറെ പേര് ചോദിച്ചപ്പോൾ മിണ്ടുന്നില്ല. ചിരിച്ചു കാണിച്ചതേ ഉള്ളൂ. നിർബന്ധിച്ചപ്പോൾ ആറ് വിരലുകൾ ഉയർത്തി കാട്ടി. എന്നിട്ട് മുഖത്തിനു ചുറ്റും കൈ കറക്കി കാണിച്ചു. അറുമുഖം എന്ന പേരാണ് ഉദ്ദേശിക്കുന്നതെന്ന് ഓഫീസർക്ക് മനസ്സിലായി. ബാലറ്റ് പേപ്പർ കൊടുത്തു. കാരണമന്വേഷിച്ചപ്പോൾ തമിഴ് സ്ത്രീകൾ ഭർത്താക്കന്മാരുടെ പേര് മറ്റു പുരുഷന്മാരോട് പറയാറില്ല. അതാണ് ആംഗ്യഭാഷ ഉപയോഗിക്കുന്നത്. എല്ലാവരുടെയും പേര് ഇങ്ങനെ മനസ്സിലാക്കാൻ എളുപ്പമല്ലെന്ന് വന്നതോടെ ഞാനും അടുത്ത പോളിംഗ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസറുമായി ചേർന്ന് ആലോചിച്ച് ഒരു പരിഹാരം ഉണ്ടാക്കി. അത് ഇങ്ങനെ ആയിരുന്നു. ഒരു സ്ത്രീ അവരുടെ ഭർത്താവിൻറെ പേര് അടുത്തുനിൽക്കുന്ന സ്ത്രീയോട് പറയുക. അവരത് ഉറക്കെ പറയും. ഈ നിർദ്ദേശം എല്ലാവരും അംഗീകരിച്ചതോടെ പ്രശ്നം തീർന്നു.

വൈകുന്നേരമായി. വോട്ടിംഗ് സമയം കഴിഞ്ഞു. എല്ലാം കൂടി കെട്ടിപ്പെറുക്കുമ്പോഴേക്കും തിരികെ പോകാനുള്ള വാഹനം എത്തി. സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലാണ്. തണുപ്പേറിയ കാറ്റിന്റെയും മൂടൽമഞ്ഞിന്റെയും അകമ്പടിയോടെ ദേവികുളത്തേക്ക് തിരിച്ചു.തഹസിൽദാരുടെ ഓഫീസിൽ എത്തിയപ്പോൾ തന്നെ രാത്രി 11:00 മണി. എല്ലാം തിരിച്ചേൽപ്പിച്ച് ഇറങ്ങിയപ്പോഴേക്കും അന്നത്തെ ദിവസം കഴിഞ്ഞിരുന്നു. തിരികെ മൂന്നാറിലേക്ക് വരാൻ ഒരു തടി ലോറിയിൽ ലിഫ്റ്റ് കിട്ടി. വെളുക്കുന്നതിനു മുൻപേ വീട്ടിലെത്തി. പിറ്റേ ദിവസത്തെ പത്രത്തിൽ ഒരു ‘സ്കൂപ്പ്’. മറ്റ് ലേഖകന്മാർ അറിയാതെ ചൂഴ്ന്ന് എടുക്കുന്ന വാർത്തയാണ് സ്കൂപ്പ്. ബാലറ്റ് പെട്ടിക്ക് ഇരിഞ്ഞാലക്കുടയിൽ കരുവാനെ കൊണ്ട് കള്ളത്താക്കോൽ ഉണ്ടാക്കി എന്നായിരുന്നു ഈ വിചിത്ര വാർത്ത. അപ്പോൾ തന്നെ ഞാൻ ആ പത്രത്തിലേക്ക് ഒരു കത്തെഴുതി.

ബാലറ്റ് പെട്ടിയ്ക്ക് താക്കോൽ തന്നെ ഇല്ല. ഒരു ലിവർ (lever) ഒരു സ്ഥാനത്ത് ആയിരിക്കുമ്പോൾ പെട്ടി പൂട്ടിക്കിടക്കുന്നു. അത് തിരിക്കുമ്പോൾ പെട്ടി തുറക്കുന്നു. ഇതിന്റെ മേലെ ഒരു കടലാസും ഉറപ്പിച്ചു വയ്ക്കും. പ്രീസൈഡിങ് ഓഫീസിലെ സീലും ഓഫീസറുടെയും തെരഞ്ഞെടുപ്പ് ഏജൻറ് മാരുടെയും ഒപ്പ് ഉള്ളത് ആകും ഈ കടലാസ്. ഒരുതവണ പെട്ടി അടച്ചാൽ, ഈ കടലാസ് പൊട്ടിക്കാതെ, പെട്ടി തുറക്കാൻ കഴിയില്ല. പെട്ടി തുറന്ന് ബാലറ്റ് പേപ്പർ പുറത്തേക്ക് ഇടുമ്പോൾ ഈ കടലാസിന് കേട് പറ്റിയിരുന്നോ എന്ന് നോക്കേണ്ടത് തിരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെയും അല്ലെങ്കിൽ അവരുടെ ഏജൻറ്മാരുടെയും ഉത്തരവാദിത്വം ആണ്. എൻറെ കത്ത് പ്രസിദ്ധീകരിച്ച്‌ ആ പത്രം തടിയൂരി.ഈ തെരഞ്ഞെടുപ്പ് പരിചയം നല്ലൊരു പാഠമായിരുന്നു.

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments