കഴിഞ്ഞ രണ്ടു മൂന്നു വർഷമായി മലയാളി മനസ്സിൻ്റെ സ്പെഷ്യൽ കോളങ്ങളിലൊന്നായ ‘യാത്രാവിവരണം’ എഴുതുന്ന റിറ്റയാണ് ഇന്നത്തെ നമ്മുടെ അതിഥി.
രാജസ്ഥാൻ, മധ്യപ്രദേശ്, അമേരിക്ക, കാനഡ, സൗത്ത് ഈസ്റ്റ് ഏഷ്യ, മുതലായ വിദേശ രാജ്യങ്ങളിലും ….. ഇന്ത്യക്ക് അകത്തും പുറത്തുമായ കാഴ്ചകളും അവിടുത്തെ അനുഭവങ്ങളും ഉൾപ്പെടുത്തിയുള്ള യാത്രാവിവരണങ്ങൾ എല്ലാവരെയും ഒന്ന് പിടിച്ചിരുത്തിയോ എന്ന സംശയം!
മ്മ്ടെ പൂരങ്ങളുടെ നാടായ തൃശൂർക്കാരിയാണെങ്കിലും റിറ്റ പഠിച്ചതും വളർന്നതും തിരുവനന്തപുരത്ത് ആയതുകൊണ്ട് തലസ്ഥാന നഗരിയോടും ഏറെ ഇഷ്ടമുണ്ടെന്നു പറയുന്നു.വിവാഹത്തോടെ വടക്കെ ഇന്ത്യയിലും പല വിദേശരാജ്യങ്ങളും താമസിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
നർമ്മത്തിൻ്റെ മേമ്പൊടിയോടെ നിത്യജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് എഴുതി കൊണ്ടായിരുന്നു എഴുത്ത് മേഖലയിലേക്കുള്ള വരവ്. പിന്നീട് നല്ല പാതിയുടെ കൂടെയുള്ള സൂപ്പർ ബൈക്കിലുള്ള യാത്രകളുടെ ഭാഗമായിട്ടാണ് യാത്രാവിവരണവും അതിനെ കുറിച്ചുള്ള അനുഭവങ്ങളും എഴുതാനായി പുറപ്പെടുന്നത്.
ആരോടും യാത്ര പറയാതെ പോയ അമ്മയുടെ വിയോഗം കുടുംബത്തിലെ എല്ലാവരേയും ഒന്ന് slow ആക്കിയോ എന്ന സംശയം. അത്തരമൊരു സാഹചര്യത്തിലാണ്, fb യിൽ ‘മലയാളി മനസ്സിൽ’ പോസ്റ്റ് ചെയ്യാം എന്ന ഒരു പോസ്റ്റ് കാണുന്നത്. അതെടുത്ത് ‘ എഴുത്തുകാരിയായ മേരി ജോസിയ്ക്ക് അയച്ചു കൊടുത്ത്, റിറ്റ വീണ്ടും തന്റെ കൊക്കൂൺ( cocoon) ലേക്ക് ഒതുങ്ങി. ഒരാൾ മറ്റൊരാൾക്ക് താങ്ങും തണലും ആകുന്നതു പോലെ, മേരി ജോസിയുടെയും ചീഫ് എഡിറ്റർ ശ്രീ രാജു ശങ്കരത്തിലിന്റെയും നിർദ്ദേശപ്രകാരമാണ് യാത്രാവിവരണം പരമ്പര പോലെ ഇവിടെ എഴുതി തുടങ്ങിയത്. പിന്നീട് ‘മലയാളി മനസ്സ്’ കുടുംബത്തിലുള്ള ഓരോരുത്തരുടെയും ഭാഗമാവുകയായിരുന്നു.
വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനായിരുന്നു പണ്ടേ റിറ്റയ്ക്ക് ഇഷ്ടം.
വ്യത്യസ്തമായ അനുഭവങ്ങൾ, പുതിയ വഴികൾ അവയിലൂടേയുള്ള സാഹസികതകളൊക്കെയായി യാത്രകളെ കൂടുതൽ ഇഷ്ടപ്പെടാൻ “മലയാളി മനസ്സ്” ഒരു നിമിത്തമായി. സാധാരണ ടൈം ടേബിളിൽ കടന്നുവരുന്ന ദിവസങ്ങളിൽ മറന്നു പോയ പലതിനേയും ഓർമ്മയിൽ കിളച്ചെടുത്ത് തന്നത്താൻ തിരക്കിലായി.
പല ഓൺലൈൻ മാധ്യമങ്ങൾക്കും രചനകൾ അയച്ചു കൊടുത്താലും പബ്ലിഷ് ചെയ്താൽ പോലും അവർ നമ്മളെ അറിയിക്കാറില്ല. അവിടെയാണ് “മലയാളി മനസ്സ്” മറ്റു ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത്. ആദ്യത്തെ രചന മുതൽ ഇന്നുവരെ എല്ലാ വെള്ളിയാഴ്ചയും രാവിലെ കണ്ണു തുറന്നു വരുമ്പോൾ അതിൻ്റെ ലിങ്ക് തന്നെ കാത്തു കിടപ്പുണ്ടാവും എന്ന വിവരം റിറ്റ സന്തോഷത്തോടെ എന്നോട് പങ്ക് വയ്ക്കുകയുണ്ടായി.
യാത്രാവിവരണങ്ങൾ എഴുതുമ്പോൾ വിവരണം മാത്രമല്ല ആ വിവരണത്തിൻ്റെ ഫോട്ടോകളും കാണാൻ വായനക്കാർക്ക് താല്‍പര്യമാണ്. അവിടെയും മറ്റു മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ ഓൺലൈൻ പത്രം. റിറ്റ തുടർന്നു.
മികച്ച ലേഖനത്തിനുള്ള ഒക്ടോബറിലെ ക്യാഷ് പ്രൈസും റിറ്റയെ തേടിയെത്തി.അതെല്ലാം അപ്രതീക്ഷിതമായി ജീവിതത്തിൽ തനിക്ക് ലഭിച്ച ബോണസ് ആയിട്ടാണ് കരുതുന്നത് എന്ന് സന്തോഷത്തോടെ വെളിപ്പെടുത്തി.
‘മനസ്സിനൊപ്പം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ മറ്റു പല മാഗസിനുകളിലും കഥകളും യാത്രാവിവരണങ്ങളും പബ്ലിഷ് ചെയ്യാൻ റിറ്റയ്ക്ക് സാധിച്ചിട്ടുണ്ട്.
ഭർത്താവിന്റെ ജോലിസ്ഥലമായ ഡൽഹിയിലാണ് സ്ഥിരതാമസം. രണ്ട് ആൺമക്കൾ ഉദ്യോഗസ്ഥർ ആയി വിദേശത്ത് ജോലി ചെയ്യുന്നു.അതാണ് റിറ്റയുടെ വീട്ടുവിശേഷം.
തുടർന്നും പുതിയ രചനകളും, യാത്രാവിവരണങ്ങളുമായി നമ്മുടെ മലയാളി മനസ്സിനെ സംപുഷ്ട്മാക്കാൻ റിറ്റയ്ക്ക് സാധിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.