Thursday, December 26, 2024
Homeസ്പെഷ്യൽഎന്റെ കുട്ടിക്കാലം (ഓർമ്മക്കുറിപ്പ്) ✍ സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

എന്റെ കുട്ടിക്കാലം (ഓർമ്മക്കുറിപ്പ്) ✍ സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

പുത്തന്‍ പള്ളിയുടെ മുന്നിലുള്ള ഞങ്ങളുടെ വീട്ടില്‍ വെച്ചാണ് ഞാന്‍ ജനിച്ചത്. വീടിന്റെ മുന്നിലും പിന്നിലും റോഡുകളാണ്. വീട്ടില്‍ നിന്ന് കാല് എടുത്തു വയ്ക്കുന്നത് റോഡിലേയ്ക്കാണ്. കുട്ടികളുമായി കളിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കളി സ്ഥലം പുത്തന്‍ പള്ളിയുടെ വലതു ഭാഗത്തെ പറമ്പിലായി. ഞായറാഴ്ചയും, മുടക്കുള്ള ദിവസങ്ങളിലും അവിടെ കളിയ്ക്കും. ആ കാലത്ത് രാവിലെ ഉണ്ടായിരുന്ന രണ്ടു കുര്‍ബ്ബാനയ്ക്കു മാത്രമെ ആളുകളുണ്ടാകു. ഗോലി കളി ,പമ്പരം കൊത്തുകളി എന്നിവയായിരുന്നു പ്രധാന കളികൾ. ഞയറാഴ്ച ഉച്ചതിരിഞ്ഞ് തുണി പന്തും കളിയ്ക്കും. ഗോലി കളിച്ച് തോല്‍ക്കുമ്പോള്‍ ജയിച്ചവന്‍ ഗോലികൊണ്ട് ചുരുട്ടി പിടിച്ച കയ്യിലേക്ക് ഒരു എറ്റ് തരും. കുറച്ച് എറ്റ് എനിയ്ക്കും കിട്ടിയിട്ടുങ്. പമ്പരം കളിച്ച് തോല്‍ക്കുമ്പോള്‍ ജയിച്ചവന്‍ കളത്തില്‍ വെച്ച പമ്പരത്തിലേയ്ക്ക് പമ്പരംകൊണ്ട് ആഞ്ഞ് കൊത്തും.ഒരു തവണ ഞാൻ തോറ്റപ്പോൾ എൻറ പമ്പരത്തിൽ ആഞ്ഞു കൊത്തി പമ്പരം രണ്ടായി പിളർന്നു. പള്ളിയ്ക്കു ചുറ്റുമാണ് എന്റെ കൂട്ടുകാരുടെ വീടുകൾ അവിടെ പോയിരുന്നത് വട്ട് ഉരുട്ടിയിട്ടായിരുന്നു. വായകൊണ്ട് കാറിന്റെ ശബ്ദവും കൂടെ ഹോണും അടിച്ചിട്ടാണ് ഓട്ടം.

ചെറുപ്പത്തില്‍ അവധിവരാന്‍ ഞങ്ങൾ കാത്തിരിയ്ക്കും. കാരണം ഒന്നു ഓടികളിയ്ക്കാനുള്ള കൊതിതന്നെ.

ആ കാലത്ത് വെട്ടുവഴികളെല്ലാം മണ്ണും കരിങ്കല്ലും ഇട്ടതാണ്. ഒരു ചെറിയ കാറ്റ് വീശിയാൽ വീടിന്റെ അകം മുഴുവൻ മണ്ണും പൊടിയും നിറയും.

രാത്രി ഉറങ്ങുന്നതിനിടക്ക് കാളവണ്ടികളുടെ കിട കെട ശബ്ദവും, രാത്രിവരുന്ന പച്ചകറി സാധനങ്ങളും മറ്റും ഇറക്കുന്ന ജോലി കാരുടെ സംസാരവും, ചിരിയൊക്കയായി ആകെ ബഹളമയമാണ്. ഇതിൽനിന്നെല്ലാം കുറച്ച് ദിവസത്തേയ്ക്ക് മാറി നില്‍ക്കാനുള്ള അവസരമായിരുന്നു. അവധികാലം . കുന്ദംകുളത്തിനടുത്ത് അകതിയൂര്‍ എന്ന ഗ്രാമത്തിലായാണ് ഞങ്ങളുടെ അമ്മയുടെ വീട് .അവധികളിൽ അങ്ങോട്ട് പോകാനാണ് ഞങ്ങൾക്ക് താൽപര്യം .പതിവുപോലെ ഒരു അവധിയ്ക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോകാന്‍ അപാപ്പന്‍ വന്നു . കുറച്ചുദിവസത്തേയ്ക്കുള്ള വസ്ത്രങ്ങള്‍ അമ്മ തയ്യാറാക്കി വെച്ചതുമായി വൈകുനേരത്തെ കാപ്പിയും കുടിച്ച് ബസില്‍ യാത്രയായി. രാത്രിയായി അവിടെയെത്തുമ്പോള്‍. ബസ് ഇറങ്ങി കുറച്ച് ഉള്ളിലോട്ടു പോകണം വീട്ടിലേയ്ക്ക്. ബസ് ഇറങ്ങുന്നിടത്തെ ഒരു വീട്ടില്‍ നിന്ന് അപാപ്പന്‍ ചൂട്ട് മേടിച്ചത് കത്തിച്ച് ഒരാള്‍ മുന്നേ നടന്നു .അന്ന് ആനാട്ടിലേയ്ക്ക് വൈദ്യുതി എത്തിയിരുനില്ല. വീട്ടിലെത്തി യാത്രഷീണം കാരണം ഭക്ഷണം കഴിച്ച ഉടനെ പായയിലേക്ക് ഒറ്റ വീഴ്ച അത്രതന്നെ.


പിറ്റേന്ന് നന്നെ വെളുപ്പിനു ഉറക്കമുണര്‍ന്നു. പ്രഭാതത്തിലെ തണുത്തകാറ്റ് അതോടൊപ്പം പഴുത്ത ചക്കയുടേയും,മാമ്പഴത്തിന്റേയും മണം. കിളികളുടെ കല പിലയും,വീട്ടിലെ പശുവിന്റേയും, പോത്തുങ്ങളുടേയും ശബ്ദങ്ങളുമായി തനി ഗ്രാമ അന്തരീക്ഷം. നേരെ പറമ്പിലേയ്ക്ക് ഓടി. അവിടെ കോരപ്പാപ്പൻ പോത്തുങ്ങളുമായി പറമ്പ് നനയ്ക്കാന്‍ തേവുന്നു. തേവുന്നതിനോടൊപ്പം പാട്ടും പാടുന്നു. ഓടുന്നതിനിടയ്ക്ക് കിട്ടിയ നല്ല പഴുത്ത കോല്‍ പുളിയില്‍ നിന്നാണ് എന്റ തീറ്റയുടെ തുടക്കം. പുളിയും,മധുരവുമായി നല്ല രസമുണ്ട്. അമ്മാമ്മ ഉമികരിയുമായി പല്ലു തേയ്ക്കാന്‍ വിളിയോട് വിളി. പല്ല് തേപ്പ് കഴിഞ്ഞ് ചായകുടി കഴിഞ്ഞതും ഞാന്‍ പറമ്പിലേയ്ക്ക് ഓടി. പറമ്പില്‍ ഒരു മൂലയില്‍ കാറ്റ് കൊണ്ടിരുന്ന് കാര്യം നടത്തി. ആ സുഖം അനുഭവിച്ചു തന്നെ അറിയണം.

കാലത്ത് നല്ല ചൂടുള്ള കഞ്ഞി കുടിയ്ക്കുന്നത് പ്ലാവില കൊണ്ടുള്ള കോരി കൊണ്ടാണ് . കഞ്ഞികുടിയ്ക്കുന്നത് പ്ലാവിലയുടെ മണം ആസ്വതിച്ചുകൊണ്ടാണ്. മാങ്ങ ഉപ്പിലിട്ടത്, പലതരം ചമന്തികളും കൂടെ കഴിയ്ക്കാന്‍ ഉണ്ടാകും. കഞ്ഞികുടി കഴിഞ്ഞാല്‍ ഓട്ടം പറമ്പിലേയ്ക്ക്തന്നെ. അവിടെ ഉഴിഞ്ഞാല്‍ ആട്ടം, ഓടി കളികളൊക്കെ നടക്കുന്നതിനിടയ്ക്ക് . കരിയ്ക്കുമായി കോരപ്പാപ്പൻ വരും. കളിച്ച് വിയര്‍ത്തിരിയ്ക്കുന്ന ആസമയത്ത് കിട്ടിയ കരുക്ക് വെള്ളം ആര്‍ത്തിയോടെ കുടിയ്ക്കും. കുടികഴിഞ്ഞാല്‍ അതിനുള്ളിലെ കാമ്പ് തിന്നുന്നത് ബെല്ലം കൂട്ടിയിട്ടാണ് . ഇതിനിടയ്ക്ക് തോട്ടികൊണ്ട് കുല,കുലയായി നിൽക്കുന്ന നെല്ലിക്ക പൊട്ടിക്കും അതിൽ മൂത്തത് ഒന്നൊ, രണ്ടൊ എണ്ണം ഉപ്പ് കൂട്ടി തിന്നും . ഇതിനിടയ്ക്ക് അമ്മാമ്മ മൺകലത്തിൽ മോരിൽ പച്ചമുളക് , ഇഞ്ചി,വേപ്പില അതിൽ ചെറുനാരങ്ങ പിഴിഞ്ഞ് കലക്കി വെച്ച സംഭാരം ദാഹം വരുബോൾ കുടിയ്ക്കും .ചില ദിവസങ്ങളിൽ ഉച്ചയോടെ അമ്മാമ്മ കൊള്ളി പുഴുങ്ങിയതും കൂടെ കഴിക്കാൻ ഉള്ളി ചമ്മന്തിയും മേശമേൽ വെയ്ക്കും. ഓടികളിയുടെയിടയിൽ അതും കഴിയ്ക്കും. നല്ല പഴുത്ത പപ്പക്കായ കിട്ടിയാൽ കഴിയ്ക്കും.
അങ്ങിനെ തീറ്റ യോട് തീറ്റ. ഉച്ചയ്ക്ക് ഊണു കഴിക്കാൻ പറ്റാറില്ല. ഊണിന് നല്ല കട്ട തൈര് കാണും. ഉപ്പേരി,ചാറ്കറി എല്ലാം പച്ചക്കറികൾ തന്നെ. ഊണ് കഴിഞ്ഞാൽ വെയിൽ ആറുന്നതു വരെ വീടിനകത്ത് ഇരുന്ന് കവടി കളിയൊ മറ്റൊ കളിയ്ക്കും.

സാധാരണ ഉച്ചയ്ക്ക് ഊണുകഴിഞ്ഞാല്‍ കുറച്ചു നേരം കിടന്ന് മയങ്ങാറുള്ള അമ്മാമയ്ക്ക് ഞങ്ങളുവന്നാല്‍ ആ പരിപാടിയില്ല. നാലുമണിയാകുമ്പോള്‍ മേശപുറത്ത് ചായയും, പലഹാരവും വെച്ച് അമ്മാമ്മ ഞങ്ങളെ അത് കഴിക്കാന്‍ വിളിയ്ക്കും. ഓരോദിവസവും മാറി,മാറി പലഹാരങ്ങള്‍ കാണും. പൂട്ടാണെങ്കില്‍ കൂടെ കഴിയ്ക്കാന്‍ ചെറുപഴം കാണും. നൂലപ്പത്തിന്റെ കൂടെ തേങ്ങാപാല്. പാച്ചോറിനൊടൊപ്പം ചക്കര നീര്. നേന്ത്രപഴം പുഴുങ്ങിയതിന്റെ കൂടെ പപ്പടം. അവലോസ് ഉണ്ട.കൊഴുക്കട്ട ,പീച്ചംപൊടി .അങ്ങിനെ പലതും. ഇതിൽ പീച്ചംപൊടി മാത്രം ഇനിയ്ക്ക് തീരെ കണ്ടുകൂട. കോരാപ്പാപ്പന്റെ സൗകര്യം പോലെ ഇട്ലിയ്ക്ക് കല്ലിൽ ആട്ടിയാൽ കാലത്ത് ഇട്ലിയും ,വൈകുന്നേരം ചായയുടെ കൂടെ മസാലദോശയും ഉണ്ടാകും.ചായ കുടി കഴിഞ്ഞാല്‍ ഓട്ടം പറമ്പിലേയ്ക്ക് തന്നെ . നേരം ഇരുട്ടിയാല്‍ കളിമതിയാക്കും. പിന്നെ കുളി കഴിഞ്ഞാല്‍ വൈകും നേരത്തെ പ്രാര്‍ത്ഥന.

വീടിന്റെ ചുറ്റുമുള്ള മുറ്റം ചാണകം മെഴുകിയ കളങ്ങളാണ്. നെല്ല് കൊയിത് മെതിയ്ക്കുന്നതും മറ്റും അവിടെയാണ്. പ്രാര്‍ത്ഥനകഴിഞ്ഞ് അപാപ്പനും,അമാമ്മയ്ക്കും സ്തുതി കൊടുത്തു കഴിഞ്ഞാല്‍ രാത്രി അത്താഴം ആണ്. ഉച്ചയ്ക്കുണ്ടായിരുന്ന കറികള്‍ തന്നെയാകും രാത്രിയിലും. ഭക്ഷണം കഴിഞ്ഞാല്‍ മുന്നിലെ വരാന്തയില്‍ ഇരിയ്ക്കും. അറിയുന്ന പാട്ടുകള്‍ പാടാം. ഇതിനിടയ്ക്ക് അപാപ്പന്‍ കഥകള്‍ പറയും .കടും കഥകള്‍ ചോദിയ്ക്കും. പകല്‍ മുഴുവന്‍ ഓടികളിച്ചതിന്റെ ക്ഷീണം കാരണം പലരും ഉറക്കം തൂങ്ങിതുടങ്ങും .പിന്നെ നേരെപോയി പായയിൽ കിടക്കും.

അവധിയ്ക്ക് ഞങ്ങൾ വരുന്നതിൽ കൂടുതൽ ഉത്സാഹം അപാപ്പനായിരുന്നു. കാരണം അപ്പോൾ മാത്രമെ അമ്മാമയുടെ അടുക്കള സജീവമാകു .പലഹാരങൾ മാറി,മാറിയുണ്ടാക്കുക അപ്പോളാണെന്ന് ചുരുക്കം. അമ്മാമ ഒരു കണിശകാരികൂടിയാണ് വെറുതെ കുറെ പലഹാരം ഉണ്ടാക്കില്ല. ഉണ്ടാക്കുന്നത് ബാക്കി വരില്ല.

മടങ്ങേണ്ട ദിവസമായി. കാലത്തെ കഞ്ഞികുടി കഴിഞ്ഞ് തയ്യാറായി.ഉച്ചയ്ക്ക് ഊണിനു മുമ്പ് വീട്ടിലെത്തണം. പുറപെടാന്‍ നേരത്ത് അമ്മാമ്മ ഞങ്ങളെ കെട്ടിപിടിച്ച് തുടരെ ഉമ്മതന്നു. അടുത്ത അവധിയ്ക്ക് വരാം എന്നു പറഞ്ഞ് അപാപ്പന്റെ കൂടെ യാത്രയായി.
അമ്മാമ്മയെ പിരിഞ്ഞു വരുമ്പോൾ ശരിക്കും സങ്കടം വരും. പിന്നെ വീട്ടിൽ തിരുച്ചു വന്ന് അമ്മയെ കാണുന്നതോടെ അതു മാറും. വീണ്ടും പഴയപോലെ നഗര ജീവിതത്തിന്റെ ഭാഗമാകും.

എന്നെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിയ്ക്കാന്‍ അപ്പന്‍ ഡ്രൈവര്‍ ഔസേപ്പ് ചേട്ടനെയാണ് ഏല്‍പ്പിച്ചത്. ആക്കാലത്ത് തുകലന്റെ സൈക്കിള്‍ കടയില്‍ പല തരത്തിലുള്ള സൈക്കിളുകള്‍ വാടകയ്ക്ക്കിട്ടും. കുട്ടി സൈക്കിള്‍ മുതല്‍ ഉണ്ടായിരുന്നതില്‍ അര സൈക്കിലാണ് വാടകയ്ക്ക് എടുത്തത്. സീറ്റില്‍ ഇരുന്നാല്‍ കാല് നിലത്ത് തൊടാം. ഞായറാഴ്ചകളില്‍ കാലത്ത് തൃശ്ശൂര്‍ ലത്തീന്‍ പള്ളിയുടെ വലത്തെ ഭാഗത്തെ റോഡിലാണ് ചവിട്ടിപ്പടിയ്ക്കല്‍ .ഔസേപ്പേട്ടന്‍ സീറ്റില്‍ പിടിച്ച് എന്നോട് ചവട്ടാന്‍ പറയും. സൈക്കിൽ ചവിട്ടുമ്പോള്‍ പിന്നാലെ ഓടി അദ്ദേഹം കിതയ്ക്കും . പിടി വിട്ടാല്‍ സൈക്കിള്‍ അടക്കം ഞാനും വീഴും. ഇത് പല ഞായറാഴ്ചകളിലായി ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഒരു ഞായറാഴ്ച കുറെ നേരം ശ്രമിച്ചിട്ടും ഞാൻ പഠിക്കാതായപ്പോൾ ഔസേപ്പേട്ടന് സങ്കടവും, ദേഷ്യവും വന്നു. സൈക്കിളില്‍ എന്നെ ഇരുത്തി ആഞ്ഞ് ഒരു തള്ള് തള്ളി. കുറച്ചു ദൂരം ശരിയ്ക്കും ചവട്ടിയപ്പോള്‍ ഔസേപ്പേട്ടന്‍ പിന്നില്‍ പിടിച്ചിട്ടുണ്ടൊ എന്ന് തിരിഞ്ഞു നോക്കിയതും ദാ കിടക്കുന്നു,ഞാനും സൈക്കളും കൂടി ചാലില്. ഏതായാലും ആ വീഴ്ച്ചയോടെ സൈക്കിൾ ചവിട്ടാന്‍ ഞാൻ പഠിച്ചു.

ഞാന്‍ നന്നെ ചെറുപ്പകാലത്ത് വള്ളി ടൗസറാണ് ധരിച്ചിരുന്നത്. പുറത്ത് സ്കൂളിലൊ മറ്റൊ പോകുമ്പോള്‍ അതിനു മീതെ ഷര്‍ട്ടും ഇടും. വള്ളി ട്രൗസർ ഏകദേശം 1960 വരെ കുട്ടികള്‍ ധരിച്ചിരുന്നതായി ഓര്‍ക്കുന്നു. ഇവിടെ വള്ളി ട്രൗസർ വിഷയ മാക്കുന്നത് അതു ധരിച്ചു നടന്ന പഴയ തലമുറയിലുള്ളവര്‍ക്ക് അവരുടെ ചെറുപ്പകാലത്ത് വള്ളി ടൗസര്‍ ഇട്ടു നടന്നത് ഓര്‍ത്ത് എടുക്കാന്‍ വേണ്ടിയാണ്. അര ഭാഗം അയഞ്ഞ് തയ്യിച്ചതു കൊണ്ട് ഊരി പോകാതിരിയ്ക്കുന്നതിനാണ് രണ്ട് വള്ളികള്‍. ഓടി കളിയ്ക്കുമ്പോൾ ചുമലില്‍ നിന്ന് ഊരി പോകുന്ന വള്ളി കൈകൊണ്ട് ചുമലിലേയ്ക്ക് കയറ്റി ഇടും. ഇതു കൂടാതെ ചുമലിലേയ്ക്ക് കയറ്റിയിടാന്‍ കൈയ്യും ചുമലും കൂടി വെട്ടിയ്ക്കുന്ന ഒരു പരിപാടിയുണ്ട് അങ്ങിനെ പലതും . ഒരു ദിവസം ഞാന്‍ വള്ളി ട്രൗസർ സറില്‍ നിന്ന് വള്ളിയില്ലാ ട്രൗസർ ധരിച്ചു തുടങ്ങി .കുട്ടിയില്‍ നിന്ന് മുതിര്‍ന്നതായൊരു തോന്നല്‍ ഏതായാലും കുറച്ചു പത്രാസൊക്കെയുണ്ടായിരുന്നു .ആദ്യമായി മുണ്ടുടുത്ത് പോയത് പള്ളിയിലേയ്ക്കാണ്. പള്ളിയില്‍ കുര്‍ബ്ബാനയില്‍ ലയിച്ച് ഭക്തിപൂര്‍വ്വം നില്‍ക്കുമ്പോള്‍ മുണ്ട് അഴിഞ്ഞു വീണു. മുണ്ടിന്റെ രണ്ടു തലയും ഒന്നിച്ചു പിടിയ്ക്കാന്‍ കഴിയാതെ നിന്നു വിയര്‍ത്തു. പള്ളിയില്ലുള്ളവര്‍ എല്ലാവരും എന്നെ ശ്രദ്ധിയ്ക്കുന്നതായി ഒരു തോന്നല്‍ .എന്റെ പരാക്രമം കണ്ട് ഏതൊ ഒരു ചേട്ടന്‍ വന്ന് മുണ്ട് ഉടുപ്പിച്ചുതന്നു .പിന്നെ ഞാന്‍ മുണ്ട് അഴിഞ്ഞ് പോകാതിരിയ്ക്കാന്‍ രണ്ടു കൈകൊണ്ടും പിടിച്ച പിടി വിട്ടത് വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ്.

ഈ എഴുപത്തി ആറാം വയസില്‍ ഇത്രയും എഴുതാന്‍, കുട്ടി കാലത്തേയ്ക്ക് സഞ്ചരിച്ചപ്പോള്‍ തന്നെ ഞാന്‍ ഇപ്പോള്‍ ഒരു കുട്ടി ആയോ എന്നൊരു സംശയം.
രചന: സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments