Friday, December 27, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 29) ' സീത ' എന്ന ചിത്രത്തിലെ "പാട്ടുപാടിയുറക്കാം...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 29) ‘ സീത ‘ എന്ന ചിത്രത്തിലെ “പാട്ടുപാടിയുറക്കാം ഞാൻ താമരപ്പൂംപൈതലേ..” എന്ന ഗാനം.

നിർമ്മല അമ്പാട്ട്

പ്രിയമുള്ളവരേ ,
ഈ ഗാനം മറക്കുമോ എന്ന എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഇന്ന് നമ്മൾ കേൾക്കുന്നത് 1960-ൽ ഇറങ്ങിയ സീത എന്ന ചിത്രത്തിലെ പാട്ടുപാടിയുറക്കാം ഞാൻ താമരപ്പൂംപൈതലേ എന്ന ഗാനമാണ്.
സാഹിത്യഭംഗിയിൽ ഓമനത്തിങ്കൽ കിടാവോ എന്ന ഗാനവും സംഗീതഭംഗിയിൽ മധുരംനിറഞ്ഞ് തുളുമ്പി നിൽക്കുന്നത് ഈ ഗാനവുമാണ്. മലയാളത്തിലെ ഏറ്റവുമികച്ച താരാട്ട് ഇതാണെന്ന്തന്നെ അർത്ഥശങ്കക്കിടയില്ലാതെ പറയാം.
അഭയദേവിന്റെ വരികൾക്ക് ദക്ഷിണാമൂർത്തിയുടെ സംഗീതം. പി സുശീലയുടെ ആലാപനവും ചേർന്നപ്പോൾ മലയാളം ഒരിക്കലും മറക്കാത്ത ഒരു താരാട്ട് പിറന്നുവീണു. പതിഞ്ഞ സ്വരത്തിൽ ആരെയും ഉറക്കാൻ കഴിയുന്ന പ്രതേക ഈണത്തിലുള്ള, മാതൃത്വത്തിന്റെ അർത്ഥം ഉൾക്കൊണ്ട ശബ്ദം താരാട്ടിന് തങ്കപ്പതക്കം കെട്ടി.

തൊട്ടിൽ ആടുന്ന ഈണത്തിലുള്ള പശ്ചാത്തലസംഗീതധാരയിൽ ഒഴുകിയെത്തുന്നു പാട്ടിന്റെ തുടക്കം. “നിന്നാലീ പുൽമാടം പൂമേടയായെടാ … ” ചെറ്റക്കുടിലായാലും ഉണ്ണി പിറക്കുമ്പോൾ അമ്മക്കവിടം പൂമേട തന്നെ. അമ്മമനസ്സ് ഒപ്പിയെടുത്തിട്ടുണ്ട് അഭയദേവ് ഈ ഗാനത്തിനിൽ. “താമരപ്പൂം പൈതലേ” എന്ന ആ ഒറ്റ വിളിയിൽ പാട്ടിന്റെ മുഴുവൻ മധുരവും നിറഞ്ഞു തുളുമ്പുന്നുണ്ട്. ഈ പാട്ടിന്റെ ഗ്രേസ് മാർക്ക് ആ വരിയിലാണ്. “മറക്കാതെ അന്ന് തൻ താതൻ ശ്രീരാമനെ എന്ന് മകനെ താരാട്ടിലൂടെ ഓർമ്മിപ്പിക്കുമ്പോൾ ഒരു സ്ത്രീക്ക് അവളുടെ ഭർത്താവിനോടുള്ള സ്നേഹവും വിശ്വസ്തതയും കൂടി നമ്മളെ ഉത്ബോധിപ്പിക്കുന്നു അഭയദേവ്.
നമുക്ക് പാട്ടിന്റെ വരികളിലേക്ക് വരാം.

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ കരളിന്റെ കാതലേ
നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ
നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ
കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ വന്നെടാ
പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ കരളിന്റെ കാതലേ
രാജാവായ് തീരും നീ ഒരു കാലമോമനേ
രാജാവായ് തീരും നീ ഒരു കാലമോമനേ
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ രാമനേ
പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ കരളിന്റെ കാതലേ
രാരി രാരോ രാരിരോ രാരി രാരോ രാരിരോ
രാരി രാരോ രാരിരോ രാരി രാരോ രാരിരോ

വരികൾ വായിച്ചുവല്ലോ.
ഗാനം കേട്ടാൽ തന്നെ കഥ ഏറെക്കുറെ മനസിലാവുന്ന വിധത്തിൽ ആശയസമ്പുഷ്ടമാണ് അന്നത്തെ ഗാനങ്ങൾ. പി സുശീലയുടെ മലയാളത്തിലേക്കുള്ള കാൽവെപ്പ് ഈ ഗാനത്തിലൂടെയാണ്.
ഏറ്റവും അധികം അമ്മമാർ പാടിയതും ഏറ്റവുമധികം ഉണ്ണികൾ കേട്ടുറങ്ങിയതും ഈ ഗാനം തന്നെയെന്ന് നമുക്കറിയാമല്ലോ. നിങ്ങൾക്കായി ഈ താരാട്ട് ഞാൻ ഇവിടെ ഇടുന്നു. ചെറുപ്പത്തിൽ കേട്ടത് ഒന്നുകൂടി കേൾക്കൂ…ഒരു നിമിഷം ഈ തൊട്ടിലിൽ ഒന്ന് കിടക്കൂ

മനോഹരമായ താരാട്ട് കേട്ടുവല്ലോ.. എന്റെ ടീൻ ഐജിൽ ഞാൻ നിത്യവും പടിയിരുന്നു ഈ താരാട്ട്. എന്റെ മക്കളെ ഉറക്കിയതും ഈ താരാട്ട് പാടിയിരുന്നു.

നിങ്ങളുടെ ഇഷ്ഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.

സ്നേഹപൂർവ്വം,

നിർമ്മല അമ്പാട്ട് 🙏🏾.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments