തിരുവനന്തപുരം: പതിനൊന്ന് ദിവസമായി വെള്ളമില്ലാതെ തിരുവനന്തപുരം നഗരം വലയുകയാണ്. കോർപ്പറേഷന് കീഴിലുള്ള വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 11 ദിവസമായി വെള്ളമില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. വഞ്ചിയൂരിലെ ചില ഭാഗങ്ങളിൽ വെള്ളം ലഭിച്ചിട്ട് രണ്ടാഴ്ചയാകാറായി. വാട്ടർ അതോറിറ്റിയെ ബന്ധപ്പെട്ടിട്ട് പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്നാണ് ഇവരെല്ലാവരും പറയുന്നത്.
തിരുവനന്തപുരം വഞ്ചിയൂരിലെ കമ്മട്ടം ലൈനിൽ പ്രവർത്തിക്കുന്ന ഗേൾസ് ഹോസ്റ്റലിൽ വെള്ളം കിട്ടാതായിട്ട് 11 ദിവസമായി. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ വെള്ളമില്ലാതായതോടെ പണം നൽകിയാണ് ഇവർ വെള്ളം സംഘടിപ്പിക്കുന്നത്. കോർപ്പറേഷനിൽ വെള്ളം ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് 2000 ലിറ്റർ വെളളത്തിന് 1400 രൂപ നൽകിയാണ് കുട്ടികൾ ഈ ദിവസങ്ങൾ തള്ളി നീക്കിയത്.
300 കുടുംബങ്ങളാണ് ഇവിടെ ജലപ്രതിസന്ധിയിൽ വലയുന്നത്. സ്മാർട് സിറ്റി റോഡ് നിർമാണമാണ് വെളളം വരാൻ തടസമായതെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. നിലവിൽ പമ്പിങ് നടക്കാത്തതാണ് ജലവിതരണം മുടങ്ങിയതെന്നും പറഞ്ഞ് വാട്ടർ അതോറിറ്റി ഉരുണ്ടുകളിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.
കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭ പരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. മന്ത്രി വി ശിവൻ കുട്ടിയുടെ നിർദ്ദേശപ്രകാരം കളക്ടർ അവധി പ്രഖ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ 44 വാർഡുകളിൽ നാല് ദിവസമായിട്ടും വെള്ളം കിട്ടാതായതോടെ കഴിഞ്ഞ ദിവസം ആളുകൾ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളും സർക്കാരിനെ പ്രതിരോധത്തിലാക്കി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ വീഴ്ചയെന്ന് പ്രതിപക്ഷം വിമർശിച്ചു.
ഇപ്പോഴും പലയിടത്തും വെള്ളമെത്താത്തതിൽ ഇന്ന് കോർപ്പറേഷന് മുന്നിൽ കെഎസ്‍യു പ്രതിഷേധിച്ചു. നഗരസഭയ്ക്ക് അകത്ത് കുത്തിരുന്നാണ് പ്രതിഷേധം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടക്കം സ്തംഭിപ്പിച്ച നടപടിയിലാണ് കെഎസ്‍യു പ്രതിഷേധം കടുപ്പിക്കുന്നത്. നഗരസഭ ഓഫീസിൽ അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.ഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ഇന്നലെ രാത്രിയോടെ താത്കാലിക പരിഹാരമായെങ്കിലും ഇനിയും പലയിടത്തും വെള്ളമെത്തിയിട്ടില്ല. ആറ്റുകാല്‍, ഐരാണിമുട്ടം എന്നീ സ്ഥലങ്ങളില്‍ രാവിലെ വെള്ളം എത്തി. ഇന്ന് പുലർച്ചയോടെ താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം എത്തിത്തുടങ്ങിയത്. വെെകിട്ടോടെ ഉയർന്ന മേഖലകളിലേക്കും വെള്ളം എത്തുമെന്നാണ് കരുതുന്നത്. പൈപ്പ് ലൈന്‍ നിർമാണം പൂർത്തിയായെന്നും നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നും മന്ത്രി റോഷി അഗസ്റ്റിനും മേയർ ആര്യ രാജേന്ദ്രനും അറിയിച്ചിരുന്നു.അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താൽക്കാലികമായി പൂട്ടിയതും തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി പമ്പിങ് നിർത്തിയതുമാണ് ജലപ്രതിസന്ധിയ്ക്ക് ഇടയാക്കിയത് എന്നാണ് വിശദീകരണം.48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍.
നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി വാല്‍വ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൈന്‍ ചാര്‍ജ് ചെയ്തപ്പോള്‍ വാല്‍വില്‍ അപ്രതീക്ഷിതമായി സംഭവിച്ച ചോര്‍ച്ചയാണ് പ്രതിസന്ധിയിക്ക് കാരണമായത്. വാല്‍വ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു ഒരേ ഒരുവഴി. എന്നാൽ ഇതിന് ചാര്‍ജ് ചെയ്തപ്പോള്‍ പൈപ്പില്‍ നിറഞ്ഞിരുന്ന വെള്ളം മുഴുവന്‍ മാറ്റേണ്ടിയിരുന്നു. കഴിഞ്ഞ നാലുദിവസമായി തിരുവനന്തപുരത്തെ 44 വാർഡുകളിലാണ് ജല വിതരണം മുടങ്ങിയിരിക്കുന്നത്.