ശബരിമല ക്ഷേത്ര സമയം (24.11.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും
സന്നിധാനത്ത് കാണാതാകുന്നവർക്ക് സഹായമായി അനൗൺസ്മെന്റ് സംവിധാനം
സന്നിധാനത്ത് തിരക്കിൽ കാണാതാകുകയോ ഒറ്റപ്പെട്ട് പോകുകയോ ചെയ്യുന്നവർക്ക് സഹായമാണ് നടപ്പന്തലിനു സമീപത്തെ ദേവസ്വം ബോർഡിന്റെ അനൗൺസ്മെന്റ് സംവിധാനം. ഈ തീർഥാടന കാലത്ത് ഇതുവരെ 260 ഓളം പേരെ ഇതുപയോഗിച്ച് കണ്ടെത്തി.
പോലീസിൽ റിപ്പോർട്ട് ചെയ്യുന്ന മിസിംഗ് കേസുകളിൽ അടിയന്തരമായി അനൗൺസ്മെന്റ് നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെയുണ്ട്. കാണാതാകുന്നവരുടെ ഭാഷയിൽ തന്നെ അനൗൺസ്മെന്റ് നടത്താനാകും. സന്നിധാനം മുതൽ പമ്പ വരെ കേൾക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനൗൺസ്മെന്റ് നടത്തും. 25 വർഷമായി വിവിധ ഭാഷകളിൽ ഇവിടെ അനൗൺസ്മെന്റ് നടത്തുന്ന കർണാടക ചിക്കമംഗളൂർ സ്വദേശി കുമാർ ഉൾപ്പെടെ നാല് അനൗൺസർമാരാണുള്ളത്.
പമ്പയിലും കാണാതാകുന്നവരുടെ വിവരങ്ങൾ അറിയിക്കാൻ സമാന സംവിധാനമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പബ്ളിക് റിലേഷൻസ് ഓഫീസർ ജി എസ് അരുണാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. നടതുറക്കുമ്പോഴുള്ള അയ്യപ്പ സുപ്രഭാതം മുതൽ രാത്രിയിലെ ഹരിവരാസനം വരെ കേൾപ്പിക്കുന്നതിനുള്ള സംവിധാനം ഇവിടെ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെത്തുന്ന തീർഥാടകർക്കുള്ള ദേവസ്വം ബോർഡിന്റെ അറിയിപ്പുകളും നിർദ്ദശങ്ങളും ഇവിടെ നിന്ന് നൽകുന്നുണ്ട്.
കളരി അഭ്യാസം അവതരിപ്പിച്ചു ചാവക്കാട് വല്ലഭട്ട കളരിസംഘം
നീണ്ട 42 വർഷമായി അയ്യപ്പന് മുൻപിൽ കളരി അഭ്യാസം അവതരിപ്പിച്ചു ചാവക്കാട് വല്ലഭട്ട കളരിസംഘം. കൃഷ്‌ണദാസ് ഗുരുക്കളുടെ ശിക്ഷണത്തിൽ 14 പേര് അടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശ്രീ ധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിഅഭ്യാസ പ്രകടനം കാഴ്ച വച്ചത്.
കൃഷ്‌ണദാസ് ഗുരുക്കളുടെ പിതാവ് പത്മശ്രീ ഗുരു ശങ്കരനാരായണ മേനോൻ തുടങ്ങി വച്ച ശബരിമല സന്നിധാനത്തെ കളരി അഭ്യാസ പ്രകടനം മകൻ തുടർന്ന് പോരുന്നു. തൃശൂർ ജില്ലയിൽ 14 ബ്രാഞ്ചുകൾ ഉള്ള കളരിസംഗത്തിൽ 117 പേർ കളരി അഭ്യസിക്കുന്നുണ്ട് .
കളരി വന്ദനം ,പുലിയങ്ക പയറ്റ് ,മുച്ചാൺ പയറ്റ് ,കാലുയർത്തി പയറ്റ് ,മെയ്പ്പയറ്റ് , കഠാര പയറ്റ് ,ഉടവാൾ പയറ്റ് ,മറപിടിച്ച കുന്തം ,വടിവീശൽ ,ഉറുമി പയറ്റ് കത്തിയും തടയും ,ഒറ്റച്ചുവട് ,കൂട്ടചുവട് കളരി വന്ദനം എന്നിവയാണ് സംഘം അവതരിപ്പിച്ചത്. ഗോവ നാഷണൽ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാക്കളായ അജീഷ് ,ഗോകുൽ, ആനന്ദ് ,വിനായക് ഖേലോ ഇന്ത്യ ഖേലോ സ്വർണ്ണ മെഡൽ ജേതാക്കളായ അഭിനന്ദ് ,ഗോകുൽ കൃഷ്ണ ,തുടങ്ങിയവർ അഭ്യാസ പ്രകടനങ്ങൾ കാഴ്ച വച്ചു .കൃഷ്ണദാസ് ഗുരുക്കളോടൊപ്പം രാജീവ് ഗുരുക്കളും ദിനേശൻ ഗുരുക്കളും സംഘത്തെ അനുഗമിച്ചു.
തീർത്ഥാടകർ ശ്രദ്ധിക്കാൻ
ശബരിമല തീർഥാടകർ സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കരുത്. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം ചെയ്യുകയോ അവയ്ക്ക് ഭക്ഷണ പദാർഥങ്ങൾ നൽകുകയോ ചെയ്യരുത്.
പമ്പയിലും ശരണപാതയിലും സന്നിധാനത്തും സജ്ജീകരിച്ചിട്ടുള്ള ശൗചാലയങ്ങൾ ഉപയോഗിക്കണം. സുരക്ഷിതവും സുഗമവുമായി തീർഥാടനം നടത്തുന്നതിന് സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
എം എം കുമാർ; ശബരിമലയുടെ ബഹുഭാഷാ അനൗൺസർ
സന്നിധാനം മുതൽ പമ്പവരെ തീർഥാടകർക്കാവശ്യമായ കാര്യങ്ങൾ അനൗൺസ് ചെയ്യുന്നവരിലെ പ്രധാനി എം.എം. കുമാർ 25 വർഷം പൂർത്തിയാക്കുന്നു. കർണാടക ചിക്കമംഗലൂർ സ്വദേശിയായ ഇദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനായാസം അനൗൺസ് ചെയ്യും. എല്ലാ വർഷവും മണ്ഡല മകര വിളക്ക് കാലത്ത് മുഴുവൻ ശബരിമലയിലുണ്ടാകും.
അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്നാട്. കുട്ടിക്കാലത്തേ കുടുംബം കർണാടകത്തിലാണ്. അതിനാൽ ഈ മൂന്ന് ഭാഷകളും നന്നായി അറിയാമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും സ്കൂളിൽ നിന്ന് പഠിച്ചു. മറ്റ് ഭാഷകൾ തീർഥാടകരുമായുള്ള സമ്പർക്കത്തിലൂടെയും പഠിച്ചുവെന്ന് എം.എം. കുമാർ പറഞ്ഞു. 1999 ൽ സന്നിധാനത്തെത്തിയപ്പോഴാണ് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യുന്ന ഒരാളെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതും കുമാറിനെ ചുമതല ഏൽപ്പിക്കുന്നതും. മകരവിളക്ക് കഴിഞ്ഞ് ചിക്കമംഗലൂരുവിലേക്ക് മടങ്ങും. അവിടെ ചെറിയ ജോലിയുണ്ട്. ഭാര്യ പഞ്ചായത്തംഗമാണ്. വിദ്യാർഥിനികളായ രണ്ട് പെൺമക്കളുമുണ്ട്.
എം.എം.കുമാറിനു പുറമേ മലയാളത്തിൽ 25 വർഷമായി അനൗൺസ് ചെയ്യുന്ന കോഴഞ്ചേരി സ്വദേശി എ.പി. ഗോപാലൻ, തമിഴ്നാട് സ്വദേശികളായ ബാല ഗണേഷ്, നരസിംഹമൂർത്തി എന്നിവരും സന്നിധാനത്തെ അനൗൺസ്മെന്റ് കേന്ദ്രത്തിലുണ്ട്.