തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഡിസംബർ 1, 2 തീയതികളിൽ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കും
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ ഇന്ന് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ഓറഞ്ച് അലേർട്ട് ആണ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്രന്യുനമർദം ഫെയ്ൻജൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇത് ഇന്ന് ഉച്ചക്ക് ശേഷം ( നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
തെക്കൻ കേരള തീരത്ത് ഇന്നും (30/11/2024) കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 01/12/2024 മുതൽ 03/12/2024 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്രന്യൂനമർദം അടുത്ത 6 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
30/11/2024: തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.