എറണാകുളം: പുതുവർഷ ആഘോഷ വേളയിൽ ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവർക്ക് ഡ്രൈവറെ ഏർപ്പാടാക്കി നൽകണമെന്നും മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിന് നിർദേശം നൽകണമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
മദ്യപിച്ചുണ്ടാകുന്ന റോഡ് അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ്. പ്രഫഷണൽ ഡ്രൈവർമാരുടെ സേവനം ബാർ വളപ്പിൽ ലഭ്യമാക്കണമെന്നാണ് ആർടിഒ (എൻ ഫോഴ്സസ്മെന്റ്) ജില്ലയിലെ ബാർ ഹോട്ടൽ മാനേജർമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ഡ്രൈവറുടെ സേവനം ലഭ്യമാകുന്ന വിവരം ബാറിലെത്തുന്നവരെ അറിയിക്കണമെന്നും മദ്യപിച്ചു വാഹനം ഓടിക്കുമ്പോഴുണ്ടാകാവുന്ന അപകട സാധ്യതകളെ കുറിച്ചു അറിയിപ്പ് രേഖപ്പെടുത്തണമെന്നുമാണ് നിർദേശം.
ഡ്രൈവറുടെ സേവനം ആരൊക്കെയാണ് തേടിയതെന്ന് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. ഉപഭോക്താക്കൾ ഡ്രൈവറുടെ സേവനം നിരസിക്കുകയും മദ്യപിച്ചു വാഹനമോടിക്കാൻ ശ്രമിക്കുകയും ചെയ്താൽ ബാർ അധികൃതർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആർടിഒ (എൻഫോഴ്സസ്മെന്റ്) ഓഫിസിനെയോ അറിയിക്കണമെന്നാണ് നിർദേശം.