പത്തനംതിട്ട: മലയാലപ്പുഴ താഴംവഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രന്‍ എന്ന് വിളിപ്പേരുള്ള ചന്ദ്രനെ (52) യാണ് കേരള പോലീസ് സാഹസികമായി പിടികൂടിയത്. വർഷങ്ങൾക്ക് മുന്നെ തമിഴ്നാട്ടിലേക്ക് പോയ ഇയാൾ തൃച്ചിയിൽ പറങ്കിമാവു തോട്ടത്തിൽ തൂങ്ങി മരിച്ചെന്നായിരുന്നു കരുതിയത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളിലെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചോളം മോഷണക്കേസുകളിൽ ലോംഗ് പെൻഡിംഗ് വാറണ്ടും വിവിധ ജില്ലകളിൽ മറ്റ് മോഷണക്കേസുകളും ചന്ദ്രന്റെ പേരിലുണ്ട്. ഇയാൾ പകൽ ഹോട്ടലുകളിൽ ജോലി ചെയ്യും. രാത്രി കാലങ്ങളിൽ കറങ്ങി നടന്നാണ് മോഷണം നടത്തുന്നത്. നിലവിൽ ഇയാൾക്കെതിരെ 5 മോഷണക്കേസുകളുണ്ട്. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
15 വർഷം മുമ്പ് മലയാലപ്പുഴയിൽ നിന്നും വീടും വസ്തുവും വിറ്റിട്ടാണ് ചന്ദ്രൻ തമിഴ്നാട്ടിലേക്ക് നാടുവിട്ടത്. പിന്നീട് ഇയാളെ ആരും കണ്ടിരുന്നില്ല. ജാമ്യക്കാരനായ മോഹനൻനായർ തമിഴ്നാട്ടിലെ പാണ്ടിചന്ദ്രന്റെ ജന്മസ്ഥലമായ തൃച്ചിയില്‍ ഇയാളെപ്പറ്റി അന്വേഷിച്ചു. 10 വര്‍ഷം മുന്‍പ് ഇയാള്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരം. എന്നാൽ, ഈ മറുപടിയിൽ തൃപ്തരാകാത്ത പത്തനംതിട്ട സ്റ്റേഷനിലെ കോടതി ഡ്യൂട്ടിക്കാരന്‍ സി.പി.ഓ രജിത്. കെ. നായര്‍ തമിഴ്നാട്ടുകാരായ പലരോടും പാണ്ടി ചന്ദ്രനെ അന്വേഷിച്ചു.
ഈ അന്വേഷണത്തിലാണ് ശബരിമല കേന്ദ്രീകരിച്ച് ഹോട്ടല്‍ ജോലി ചെയ്യുന്ന ചന്ദ്രനെ കുറിച്ച് പൊലീസ് അറിയുന്നത്. ഈ ചന്ദ്രന്റെ പേരിൽ മോഷണകേസുകൾ ഉണ്ടെന്നും അറിഞ്ഞു. ഇയാളുടെ മകൻ മുതുകുളത്ത് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തി രഹസ്യമായ അന്വേഷണവും നടത്തി. ഒടുവിൽ, ചന്ദ്രൻ എപ്പോൾ വന്നാലും അറിയിക്കണമെന്ന് അയൽക്കാരോട് പറഞ്ഞതിന് ശേഷം പൊലീസ് മടങ്ങി
ഒടുവിൽ, അഞ്ച് മാസം കഴിഞ്ഞതിന് ശേഷമാണ് നവംബർ 13-ന് പുലർച്ചെ 1.30ന് പാണ്ടി ചന്ദ്രൻ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് അയൽക്കാർ പൊലീസിൽ അറിയിച്ചത്. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ പാണ്ടി ചന്ദ്രൻ മകന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്ന്, പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിക്ക് സമീപം വച്ച് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇയാളെ കണ്ടെത്തി. അക്രമാസക്തനായ പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. എസ്.ഐ ഷിജു. പി. സാം, എസ്.സി.പി.ഓ വിജീഷ്, സി.പി.ഓമാരായ രജിത്ത്, രാജേഷ്, സൈദലി, രഞ്ജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.