ചങ്ങനാശേരി:ചങ്ങനാശേരി അതിരൂപത കത്തിഡ്രൽ ദേവാലയത്തിൽ ചടങ്ങുകൾക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിൽപ്പ് മാർ. റഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കർദിനാളന്മാർ, മെത്രാൻമാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരടങ്ങുന്ന 4000-ൽ അധികം പ്രതിനിധികൾ പങ്കെടുത്തു. ആർച്ച് ബിഷപ്പ് കൂവക്കാട് ഡിസംബർ ഏഴിന് കർദിനാളായി ഉയർത്തപ്പെടും.
സീറോ മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ളീമീസ് വചന സന്ദേശവും നൽകി. ചടങ്ങിന് ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ ആർച്ച്ബിഷപ് എഡ്ഗാർ പെഞ്ഞ പാറത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെയും പേരിൽ നിയുക്ത കർദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന് ആശംസകൾ നേർന്നു.
1973 ആഗസ്റ്റ് പതിനൊന്നിന് ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺസിഞ്ഞോർ ജോർജ് ജനിച്ചത്. 2004 ജൂലൈ 20-നാണ് ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. കാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടി. 2006 മുതൽ അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നൂൺഷ്യേച്ചറുകളിൽ സേവനമനുഷ്ഠിച്ചു. 2020 ജൂലൈ 10 മുതൽ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ പൊതുകാര്യ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരവേ 2021-ൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന് തന്റെ വിദേശയാത്രയുടെ സംഘാടകച്ചുമതല ഏൽപ്പിച്ചു.
മെത്രാന്മാരാണ് കത്തോലിക്കാ സഭയിൽ കർദിനാൾമാരായി ഉയർത്തപ്പെടുന്നത്. ജോർജ് കൂവക്കാടിനെ വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി നിയമിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നും നേരിട്ട് കർദിനാൾ പദവിയിലെത്തുന്ന ആദ്യ വൈദികൻ കൂടിയാണ് ജോർജ് കൂവക്കാട്.