തിരുവനന്തപുരം:–ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പാപ്പനംകോട്ടെ ഏജൻസിയിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത തുടരുന്നു. തീപിടിത്തത്തിൽ മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹ സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.
ഏജൻസിയിലെ ജീവനക്കാരിയായ പാപ്പനംകോട് ദിക്കുബലികളം റോഡ് ശിവപ്രസാദത്തിൽ വൈഷ്ണ (35) മരിച്ചത്. മരിച്ച രണ്ടാമത്തെയാൾ ഇവരുടെ രണ്ടാം ഭർത്താവ് നരുവാമൂട് സ്വദേശി ബിനു ആണെന്ന സംശയത്തിലാണ് പോലീസ്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ്.
പാപ്പനംകോട് സിഗ്നലിനു സമീപത്തെ കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ഏജൻസിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വൻ പൊട്ടിത്തെറിയോടെ തീപിടിത്തമുണ്ടായത്.
ശക്തമായ തീയും പുകയും ശ്രദ്ധയിൽപെട്ട പരിസരവാസികൾ ഉടൻതന്നെ വെള്ളം കോരിയൊഴിച്ചു തീ നിയന്ത്രണവിധേയമാക്കി. പിന്നീലെ ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. തുടർന്ന്, ഫയർ ഫോഴ്സ് സംഘം മൃതദേഹങ്ങൾ പുറത്തെത്തിച്ചു. ഓഫീസിലെ ചില്ലുകളെല്ലാം പൊട്ടിത്തെറിച്ച നിലയിലാണ്.
രണ്ടാമത്തെ മൃതദേഹം പുരുഷൻ്റേതാണെന്ന് ഏറെ വൈകിയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ തിരിച്ചറിയാനായി അന്വേഷണം തുടങ്ങിയതിനിടെ, വൈഷ്ണയ്ക്ക് കുടുംബപ്രശ്നങ്ങൾ ഉണ്ടെന്ന് ഏജൻസിയുടമ പോലീസിന് വിവരം നൽകി. നാല് വർഷം മുൻപ് ആദ്യ ഭർത്താവുമായി പിരിഞ്ഞ വൈഷ്ണ ബിനുവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതിനെ തുടർന്ന് ഏഴു മാസമായി വൈഷ്ണ മക്കൾക്കൊപ്പം മാറിത്താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആറു മാസം മുൻപ് ബിനു ഏജൻസിയിലെത്തി ബഹളം വെച്ചതായും പോലീസിന് വിവരം ലഭിച്ചു.
ബിനുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ബിനു വീട്ടിൽനിന്ന് ഇറങ്ങിയെന്ന് മാതാവ് പോലീസിന് മൊഴി നൽകി. സാഹചര്യത്തെളിവുകളുടെ അടക്കം അടിസ്ഥാനത്തിലാണ് മരിച്ച രണ്ടാമത്തയാൾ ബിനു ആണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാനായി മൃതദേഹ സാംപിൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.
ചൊവ്വാഴ്ച ഉച്ചയക്ക് 12 മണിയോടെ ബിനു കത്തിയും പെട്രോളുമായി ഏജൻസിയിൽ എത്തുകയായിരുന്നുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൈഷ്ണയെ കത്തി ഉപയോഗിച്ചു കുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ് നിഗമനം. തീപിടിത്തത്തിന് തൊട്ടുമുൻപ് ഏജൻസിയിലേക്ക് ഒരാൾ കയറിപ്പോകുന്ന ദൃശ്യം സമീപ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ഫൊറൻസിക് പരിശോധനയിൽ വൈഷ്ണയെ കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെത്തിയിട്ടുണ്ട്. മുറിക്കുള്ളിൽ ഇന്ധന സാന്നിധ്യവും കണ്ടെത്തി. എസി പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. നേമം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഏഴു വർഷമായി ജോലി ചെയ്തുവരികയായിരുന്നു വൈഷ്ണ. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്