കണ്ണൂർ: എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിൻ്റെ അഭിഭാഷകൻ, പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ഉണ്ടാക്കിയത് ദിവ്യയാണെന്ന് അഭിഭാഷകൻ വാദിച്ചു. സംഭവത്തിന് ശേഷവും എഡിഎമ്മിന് താറടിച്ചു കാണിക്കുകയാണ് പ്രതി. വിജിലൻസ് അന്വേഷണം ആരംഭിച്ചു എന്നത് തെറ്റായ വാദമാണ്. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട പരാതികളിൽ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസവും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അഴിമതി നടന്നെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക വഴിയിലാണെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ ദിവ്യ നടത്തിയത് വ്യക്തിഹത്യയാണ്. കളക്ടർക്ക് ഉൾപ്പടെ ദിവ്യ പരാതി നൽകണമായിരുന്നു. നന്നായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയർത്തിയത്. ഭരണഘടന ഉത്തരവാദിത്വമുള്ള എഡിഎമ്മിനെയാണ് ഭീഷണിപ്പെടുത്തിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ എഡിഎമ്മിനോട് സ്ഥലം സന്ദർശിക്കാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ എങ്ങനെയാണ് നിർദേശിക്കുന്നതെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ ചോദിച്ചു.
പ്രശാന്തും ദിവ്യയും ഒരേ നേക്സസിന്റെ ഭാഗമാണെന്നും അഭിഭാഷകൻ പറഞ്ഞു. പെട്രോൾ പമ്പ് ബിനാമി ഇടപാടാണ്. ഇതിലെ ദിവ്യയുടെ ബന്ധവും അന്വേഷിക്കണം. ഇതെന്തെങ്കിലും നടക്കുമോ എന്നാണ് ദിവ്യ എഡിഎമ്മിനോട് ചോദിച്ചത്. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിധിയിൽ വരുന്നതല്ല. പിന്നെ എങ്ങിനെ ദിവ്യ ഇടപെട്ടു? ദിവ്യയുടെത് ആസൂത്രിത നടപടിയാണ്. അപമാനിക്കണം എന്ന ഉദ്ദേശതോടെ ചെയ്തതാണ്.
നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് ദിവ്യക്ക് വൈരാഗ്യം വരാൻ കാരണമെന്ന് അഭിഭാഷകൻ കുറ്റപ്പെടുത്തി. പെട്രോൾ പമ്പിന് അനുമതി നൽകണമെന്ന് ഫോണിലൂടെ ദിവ്യ ആവശ്യപ്പെട്ടു. നിയമം നോക്കി ചെയ്യാമെന്നാണ് എഡിഎം പറഞ്ഞത്. ഇതാണ് വൈരാഗ്യത്തിന് കാരണം. ഉപഹാരം നൽകുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാൻ ഉദ്ദേശിച്ചാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. അതിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം. ആ വേദിയിൽ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യതയാണെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.
ഇത് ആത്മഹത്യ പ്രേരണ തന്നെയാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണ്. ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നിൽ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടത്. ദിവ്യ ഒരു പരിഗണനയും അർഹിക്കുന്നില്ല എന്നും അഭിഭാഷകൻ പറഞ്ഞു.