Friday, January 3, 2025
Homeകേരളംമലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി

യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാൻ വഴി ഒരുങ്ങുന്നത്.

തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ അമ്മ പ്രേമകുമാരി യെമനില്‍ എത്തിയിരുന്നു. കേസില്‍ വിചാരണ കോടതിയുടെ വിധി യെമന്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം തള്ളുകയും ചെയ്തു. 2012ലാണ് നിമിഷപ്രിയ നഴ്‌സായി യെമനില്‍ എത്തിയത്.

മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി 16.71 ലക്ഷം രൂപ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ കഴിഞ്ഞ ജൂണിൽ നിക്ഷേപിച്ചിരുന്നു. മോചനത്തിനുള്ള ദിയാധനത്തെക്കുറിച്ച് കൂടിയാലോചനയ്ക്കായി എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളര്‍ കൈമാറാന്‍ അനുവദിക്കണമെന്നഭ്യർത്ഥിച്ച് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കേന്ദ്ര വിദേശകാര്യമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്ദുല്ലാ അമീർ ചർച്ചകളാരംഭിക്കാൻ രണ്ടാം ഗഡുവായി 16.60 ലക്ഷം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചർച്ചകൾ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണു മോചനശ്രമം നിലച്ചത്. ആദ്യ ഗഡുവായി 19871 ഡോളറിന്റെ ചെക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണു ചർച്ചകൾ ആരംഭിക്കാൻ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നൽകണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലായിരുന്നു അഭിഭാഷകൻ.

സനയിലെ ഒരു ക്ലിനിക്കില്‍ നഴ്സായിരുന്ന നിമിഷ 2014ലാണ് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നത്. 2015ല്‍ നിമിഷയും തലാലും ചേർന്ന് അവിടെ ഒരു ക്ലിനിക്ക് ആരംഭിക്കുന്നു. ക്ലിനീക് ലാഭത്തിലായതോടെയാണ് തലാലിന്റെ ഉപദ്രവം തുടങ്ങിയത്. നിമിഷ പോലും അറിയാതെ അയാള്‍ ക്ലിനിക്കിന്റെ ഷെയര്‍ ഹോള്‍ഡറായി തന്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിച്ചു. പിന്നീട് തന്റെ ഭര്‍ത്താവാണെന്ന് അയാൾ പലരോടും പറഞ്ഞു. ഇത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

അയാള്‍ നിമിഷയെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. സുഹൃത്തുക്കള്‍ ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് 2017 ജൂലൈയില്‍ മയക്കുമരുന്ന് കുത്തിവച്ച് നിമിഷ തലാലിനെ കൊല്ലപ്പെടുത്തുന്നത്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് നിമിഷയുടെ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments