Friday, December 27, 2024
Homeകേരളംകെഎസ്ആർടിസി ശബരിമല തീർഥാടകർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം ഓൺലൈൻ ടിക്കറ്റും ലഭ്യമാക്കും

കെഎസ്ആർടിസി ശബരിമല തീർഥാടകർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം ഓൺലൈൻ ടിക്കറ്റും ലഭ്യമാക്കും

പത്തനംതിട്ട: ശബരിമല തീർഥാടകർ ദർശനത്തിനു ബുക്ക് ചെയ്യുമ്പോൾ കെഎസ്ആർടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭ്യമാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി കെബി ഗണേഷ്കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.

40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസംമുമ്പ് കെഎസ്ആർടസിയിൽ സീറ്റ് ബുക്ക് ചെയ്യാൻ കഴിയും. യാത്ര പുറപ്പെടുന്ന സ്ഥലം സ്‌റ്റേഷനിൽനിന്ന്‌ 10 കിലോമീറ്ററിനുള്ളിലാണെങ്കിൽ അവിടെയത്തി തീർഥാടകരെ കയറ്റും. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്‌. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടും.

നിലക്കൽ പമ്പ ചെയിൻ സർവീസിൽ അരമിനിറ്റ്‌ ഇടവിട്ട് 200 ബസുകളാണ് ഉണ്ടാവുക. ത്രിവേണി യു ടേൺ, നിലയ്ക്കൽ സ്റ്റേഷനുകളിൽ തീർഥാടകർക്ക് ബസിൽകയറാൻ പാർക്കിങ്ങ് സ്ഥലത്തുതന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേൺ മുതൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻവരെ റോഡിന്‍റെ ഇരുവശത്തും സ്വകാര്യവാഹനങ്ങളുടെ അനധികൃതപാർക്കിങ്‌ നിരോധിക്കും.

പമ്പയിൽനിന്ന്‌ ആവശ്യത്തിന് തീർഥാടകർ കയറിയാൽ നിലയ്ക്കലിൽ പോകാതെ ബസ് നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക്‌ തിരിക്കും. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തും. വാഹനങ്ങളുടെ കൃത്യമായ എണ്ണം ലഭിക്കാൻ ഓട്ടോമേറ്റഡ് വെഹിക്കിൾ കൗണ്ടിങ്‌ സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിൾ നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവയും സജ്ജമാക്കും.

മോട്ടോർ വാഹന വകുപ്പിന്‍റെ 20 സ്ക്വാഡുകൾ 2.50 കിലോമീറ്റർ ദൂരം ഉണ്ടാകും. അപകടം സംഭവിച്ചാൽ ഏഴ് മിനിറ്റിനകം സംഘം സംഭവസ്ഥലത്തെത്തും. ഇലക്ട്രിക്‌ വാഹനങ്ങളാകും പട്രോളിങ്ങിന് ഉപയോഗിക്കുക. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കും. തമിഴ് തീർഥാടകർക്കായി ആര്യങ്കാവിൽനിന്ന് പമ്പയിലേക്ക് ബസ് ഏർപ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു. അപകടരഹിത യാത്രയ്ക്കായി ഡ്രൈവർമാരെ ബോധവൽക്കരിക്കാൻ ആറു ഭാഷകളിൽ വീഡിയോ പ്രദർശിപ്പിക്കും.

മണ്ഡലകാലത്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യു എടുക്കാന്‍ കഴിയാത്ത തീർഥാടകര്‍ക്കായി മൂന്ന് സ്ഥലങ്ങളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ബുക്കിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്‌പോട്ട് ബുക്കിങ് ചെയ്യുന്നവര്‍ക്ക് ഫോട്ടോ പതിച്ച പാസ് നൽകാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് കൗണ്ടര്‍ തുറക്കുക. പമ്പയിലെ വലിയ തിരക്ക് പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. കഴിഞ്ഞ തീർഥാടന കാലത്തും മാസപൂജയ്‌ക്കും മൂന്നു കൗണ്ടറായിരുന്നു ഉണ്ടായിരുന്നത്. അത് ആറായി ഉയര്‍ത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments