Sunday, November 24, 2024
Homeകേരളംകോഴിക്കോട് ഇനി യുനെസ്കോയുടെ സാഹിത്യനഗരം.

കോഴിക്കോട് ഇനി യുനെസ്കോയുടെ സാഹിത്യനഗരം.

കോഴിക്കോട്: കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എംബി രാജേഷ്. ഞായറാഴ്ച വൈകിട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ ഇന്ത്യയിൽ ആദ്യമായി യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടുന്ന നഗരമായി കോഴിക്കോട് മാറി.

കേരളത്തിന് അഭിമാന നേട്ടമാണിതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ കുറേ കാലത്തിനിടെ ഇത്തരം അനേകം നേട്ടങ്ങൾ കേരളം കൈവരിച്ചിട്ടുണ്ട്. ദേശീയ, സാർവദേശീയ തലത്തിൽ നേട്ടങ്ങളുടെ ഒരു നീണ്ടനിര തന്നെ നമുക്കുണ്ട്. അതിൽ തിളങ്ങി നിൽക്കുന്ന ഒന്നാണ് സാഹിത്യനഗര പദവിയെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്താൽ വിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ചെറിയ നഗരമാണ് കോഴിക്കോട്. കൊൽക്കത്ത പോലൊരു നഗരത്തെ പിന്നിലാക്കി കോഴിക്കോടിന് ഈ പദവി സ്വന്തമാക്കാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. സാഹിത്യ – സാംസ്കാരിക – ചലച്ചിത്ര പ്രതിഭകൾ എണ്ണംകൊണ്ട് ഏറെയുള്ള കൊൽക്കത്തയെ മറികടന്ന് പദവി കൈവരിക്കാൻ കഴിഞ്ഞതിൽ നമുക്ക് അങ്ങേയറ്റം അഭിനന്ദിക്കാമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്. ലോക നഗര ദിനത്തിൽ യുനെസ്കോ പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോടിന് ഇടംനേടാനായത്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചത്. യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടാനായി ഒന്നര വർഷത്തോളം കോർപറേഷൻ പരിശ്രമം നടത്തിയിരുന്നു. ഇതിനായി സാഹിത്യനഗര പദവി ആദ്യമായി ലഭിച്ച പ്രാഗ് നഗരത്തിലെ സർവകലാശാലയുടെ സഹായവും കോർപറേഷൻ തേടിയിരുന്നു.

സാഹിത്യനഗര പദവി ലഭിച്ചതോടെ നഗരത്തിൽ നാലു വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാർക്കുകളും സാഹിത്യ, സാംസ്കാരിക പരിപാടികൾക്ക് വേദിയാകും. കോഴിക്കോട് 500ലേറെ ഗ്രന്ഥശാലകളും 70ലേറെ പുസ്തക പ്രസാധകരും ഉണ്ടെന്നാണ് കണക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments