കോട്ടയ്ക്കലിൽ എയ്ഡ്പോസ്റ്റ്
– – – – – –
കോട്ടയ്ക്കൽ.-ഏറെ കാലമായി ഉയരുന്ന ആവശ്യത്തിനൊടുവിൽ| നഗരസഭാ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ്പോസ്റ്റ് വരുന്നു. ബസുടമകളുടെ സഹകരണത്തോടെയാണ് എയ്ഡ്പോസ്റ്റ് ഒരുക്കുന്നത്.
പഴയ സ്‌റ്റാൻഡിൽ ആദ്യകാലത്ത് എയ്ഡ്പോസ്‌റ്റ് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവായി. പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനും മറ്റുമായാണ് എയ്ഡ്‌പോസ്റ്റ് ഉപയോഗിച്ചിരുന്നത്. ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതാണ് പദ്ധതിക്കു വിലങ്ങുതടിയായത്. കഴിഞ്ഞ മേയിൽ പുതിയ സ്റ്റാൻഡ് വന്നപ്പോഴും എയ്ഡ്‌പോസ്റ്റ് വേണമെന്ന ആവശ്യമുയർന്നു. സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം പതിവായതും സാമൂഹികവിരുദ്ധരുടെ ശല്യം ഏറിയതും എയ്ഡ്‌പോസ്റ്റിന്റെ ആവശ്യകത വർധിപ്പിച്ചു.
കഴിഞ്ഞയാഴ്ച ചേർന്ന ട്രാഫിക് റഗുലേറ്ററി സമിതി യോഗത്തിലാണ് എയ്ഡ്പോസ്റ്റ് നിർമിക്കാൻ തീരുമാനമായത്. സ്റ്റാൻഡിൽ പ്രവേശനകവാടത്തോടു ചേർന്നാണ് എയ്ഡ്പോസ്റ്റ് നിർമിക്കുന്നത്. ഇതുസംബന്ധിച്ച് സ്ഥലപരിശോധന നടത്തി.
എയ്ഡ്പോസ്റ്റ് നിർമാണ ചെലവ് ബസുടമകൾ വഹിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി എം.സി.കുഞ്ഞിപ്പ പറഞ്ഞു.
— – – – – – – – – –