ഡ്രൈവിങ് സ്‌കൂളുകാരും മോട്ടോര്‍വാഹനവകുപ്പും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതിന്റെ ആശ്വാസത്തില്‍ ലൈസന്‍സെടുക്കാനെത്തിയവര്‍ വ്യാഴാഴ്ച നിരാശരായി മടങ്ങി. ഇത്തവണ ഡ്രൈവിങ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ്വേറാണ് പണിമുടക്കിയത്. ഇടയ്ക്കിടെ സാങ്കേതികത്തകരാര്‍ പതിവുള്ള സോഫ്റ്റ്വേര്‍ ഇത്തവണ അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് സേവനം നിര്‍ത്തിവെച്ചിട്ടുള്ളത്.
ശനിയാഴ്ച പത്തുമുതല്‍ മാത്രമേ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ. 20 മുതലേ ഡ്രൈവിങ് ടെസ്റ്റ് പൂര്‍ണതോതിലാകൂ. ലൈസന്‍സ് ടെസ്റ്റിന് അനുമതി ലഭിച്ചവരുടെ പട്ടിക സാരഥി സോഫ്റ്റ്വേറില്‍നിന്നാണ് ഉദ്യോഗസ്ഥരെടുത്തിരുന്നത്. ഇത് ലഭ്യമല്ലാതായതോടെ ടെസ്റ്റ് നിര്‍ത്തിവെക്കുകയായിരുന്നു. നേരത്തേ പ്രിന്റെടുത്തുവെച്ചിട്ടുള്ള അപേക്ഷകര്‍ക്ക് അത് ഹാജരാക്കി ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണ്.
വ്യാഴാഴ്ച ഭൂരിഭാഗം ഓഫീസുകളിലും ടെസ്റ്റ് നടന്നില്ല. അംഗീകൃത പരിശീലകര്‍തന്നെ പഠിതാക്കളെ ഗ്രൗണ്ടില്‍ എത്തിക്കണമെന്ന നിര്‍ദേശവും ഡ്രൈവിങ് സ്‌കൂളുകാരുടെ നിസ്സഹകരണത്തിന് ഇടയാക്കി. പരിശീലകര്‍തന്നെ പഠിതാക്കളുമായി എത്തണമെന്ന നിബന്ധന മന്ത്രിയാണ് വെച്ചത്. ഇളവുതേടി ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും മന്ത്രി ഗണേഷ്‌കുമാറിനെ സമീപിച്ചു.
ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകളിലും അംഗീകൃത പരിശീലകര്‍ രേഖകളില്‍ മാത്രമാണുള്ളത്. നടത്തിപ്പ് ലൈസന്‍സിനുവേണ്ടി ഇവരുടെ രേഖകള്‍ ഹാജരാക്കുകയും മറ്റുള്ളവര്‍ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ മാത്രമാകും അംഗീകൃത പരിശീലകര്‍ സ്ഥലത്തെത്തുക. ഇതിനെതിരേ പ്രതിഷേധിച്ചാല്‍ പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കില്ലെന്നതിനാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള നീക്കത്തിലാണ് ഡ്രൈവിങ് സ്‌കൂള്‍ സംഘടനകള്‍.