Friday, January 17, 2025
Homeകേരളംലൈംഗിക വിദ്യാഭ്യാസം: ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ.

ലൈംഗിക വിദ്യാഭ്യാസം: ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ.

തൃശ്ശൂർ :ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവർഷം ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുൾപ്പെടുത്തുക. കൗമാരകാല ഗർഭധാരണമുൾപ്പെടെയുള്ള പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സ്കൂൾ പാഠപുസ്തകത്തിൽ വിഷയം ഇടംപിടിച്ചത്. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്ന് എസ്.സി.ഇ.ആർ.ടി. അധികൃതർ പറഞ്ഞു.

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ കഴിഞ്ഞ വർഷം മേയിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗർഭം അലസിപ്പിക്കാൻ അനുമതി തേടി മാതാപിതാക്കൾ നൽകിയ ഹർജിയിലായിരുന്നു കോടതി ഇടപെടൽ.

കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാംഭാഗത്തിലുണ്ടാവുക. ഒൻപതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ ‘പ്രത്യുത്പാദന ആരോഗ്യം’ എന്ന അധ്യായത്തിൽ വിശദമായി വിഷയം പഠിപ്പിക്കും. കൗമാരകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, ആർത്തവകാല ശുചിത്വം, ഗർഭധാരണം എങ്ങനെ, ഭ്രൂണവളർച്ച, ഗർഭനിരോധന മാർഗങ്ങൾ, പ്രസവപ്രക്രിയ, ഗർഭഛിദ്രം, ഗർഭഛിദ്രത്തിന്റെ അപകടസാധ്യതകൾ തുടങ്ങിയവ പഠിപ്പിക്കും. ലൈംഗികാതിക്രമണത്തിനിരയായാൽ എന്തുചെയ്യണം, ആരെ സമീപിക്കണം തുടങ്ങിയ അറിവുകളും ദിശ ഹെൽപ് ലൈൻ നമ്പറും പാഠഭാഗത്തിലുണ്ട്.

പത്താംക്ലാസ് പഠനത്തിനുശേഷം സയൻസ് വിദ്യാർഥികൾക്കുമാത്രമാണ് നിലവിൽ ലൈംഗികതയും പ്രത്യുത്പാദനവും സംബന്ധിച്ച ശാസ്ത്രീയ അറിവുകൾ ലഭിക്കുന്നത്. മറ്റ് വിദ്യാർഥികൾക്കുകൂടി ഇവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ ഇവ ഉൾപ്പെടുത്തുന്നത്.

സിലബസ് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി എസ്.സി.ഇ.ആർ.ടി. വിദ്യാർഥികൾക്കിടയിൽ സർവേ നടത്തി ലൈംഗികത സംബന്ധിച്ച അറിവുകൾ എത്രത്തോളമെന്ന് പഠിച്ചിരുന്നു.

അടുത്ത ദിവസം മുതൽ തുടങ്ങുന്ന അധ്യാപക പരിശീലനത്തിലും കൗമാരക്കാർക്കിടയിലെ ശാരീരിക, മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനാവശ്യമായ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments