തൃശ്ശൂർ : ശാസ്ത്രബോധവും മതനിരപേക്ഷ ജനാധിപത്യസംസ്കാരവും പരസ്പരപൂരകമാണെന്നും ഇവ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ശാസ്ത്രസമൂഹം മുന്നോട്ടുവരണമെന്നും തൃശ്ശൂരിൽ ചേർന്ന ശാസ്ത്രജ്ഞക്കൂട്ടായ്മ ആവശ്യപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ശാസ്ത്രാവബോധ സമിതിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
ജനോപകാരപ്രദമായ ഗവേഷണങ്ങൾക്ക് ഫണ്ട് നൽകുന്നില്ല, മിത്തുകളും വിശ്വാസങ്ങളും ശരിയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് വൻതോതിൽ സാമ്പത്തിക സഹായം നൽകുന്നു, പാഠപുസ്തകളിൽനിന്ന് പരിണാമസിദ്ധാന്തവും ആവർത്തനപ്പട്ടികയും വെട്ടിമാറ്റുന്നു, ദേശീയ ശാസ്ത്രകോൺഗ്രസ് വേണ്ടെന്നുവെക്കുന്നു തുടങ്ങിയ ആരോപണങ്ങൾ കൂട്ടായ്മ മുന്നോട്ടുവെച്ചു. കാലഘട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ശാസ്ത്രസമൂഹം മുന്നോട്ടുവരണമെന്നും ശാസ്ത്രജ്ഞർ അഭ്യർഥിച്ചു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ.സി. വിമല അധ്യക്ഷത വഹിച്ചു. ഡോ.സി. ജോർജ് തോമസ്, പ്രൊഫ.വി.ആർ. രഘുനന്ദനൻ, ഡോ.കെ.കെ. അബ്ദുള്ള, പ്രൊഫ.ബി. ലക്ഷ്മിക്കുട്ടി, ഡോ. ടി.വി. സജീവ്, പ്രൊഫ. പി.എസ്. വിജോയ്, ഡോ. ജിജി എ. മാത്യു, ഡോ.സി.ആർ. പ്രമോദ് എന്നിവർ സംസാരിച്ചു.”