കൊച്ചിയില്‍ നടത്തിയ പുകപരിശോധനയില്‍ പരാജയപ്പെട്ട വാഹനത്തിന് കോയമ്പത്തൂരില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചുകൊണ്ടുവന്ന സംഭവത്തിനുപിന്നാലെ നടത്തിയ പരിശോധനയില്‍ പുറത്തുവന്നത് അന്തഃസംസ്ഥാന തട്ടിപ്പുകളുടെ വിവരങ്ങള്‍. ദിവസങ്ങള്‍ക്കു മുന്‍പ് എറണാകുളം ആര്‍.ടി.ഒ. നല്‍കിയ വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ പുകപരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങളും ക്രമക്കേടും കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് 20 സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ടു. 50-ഓളം സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ചില കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ കൊണ്ടുവരാതെ തന്നെ പുക പരിശോധന പാസായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി കണ്ടെത്തി. മിക്കയിടങ്ങളിലും പുക പരിശോധനകേന്ദ്രം നടത്തുന്നതിന് പരിശീലനം ലഭിച്ച ആളുകളില്ലായിരുന്നു. മൂന്ന് സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കിയ ഇടത്തിനു പകരം അനധികൃതമായി മറ്റൊരിടത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
നാലുസ്ഥാപനങ്ങളില്‍ ക്യാമറ സ്ഥാപിച്ചിട്ടില്ല, ഭൂരിഭാഗം പുക പരിശോധനാകേന്ദ്രങ്ങളിലും ഫീസ് നിരക്കുകളുടെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് നിയമം പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ തമിഴ്‌നാട് വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസമാണ് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ രണ്ടുതവണയായി നടത്തിയ പുക പരിശോധനയില്‍ പരാജയപ്പെട്ട ബൈക്കിന് രണ്ടാമത്തെ പരിശോധന കഴിഞ്ഞ് മിനിറ്റുകള്‍ക്കകം കോയമ്പത്തൂരിലെ കേന്ദ്രത്തില്‍നിന്ന് അനധികൃതമായി പുക പരിശോധന പാസായതായി സര്‍ട്ടിഫിക്കറ്റ് കിട്ടിയ സംഭവമുണ്ടായത്.
ഇക്കാര്യം ശ്രദ്ധയില്‍പെട്ട എറണാകുളം ആര്‍.ടി. ഓഫീസ് ഉദ്യോഗസ്ഥര്‍ ചേരാനല്ലൂര്‍ സ്വദേശിയായ ബൈക്കുടമയെ വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തുവന്നു. എറണാകുളം ആര്‍.ടി.ഒ. കെ. മനോജിന്റെ നിര്‍ദേശത്തേത്തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തഃസംസ്ഥാനതലത്തില്‍ വാഹന പുകപരിശോധനയില്‍ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച വിവരം സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി.