കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7360 രൂപയായി ഉയർന്നു.പവന്റെ വിലയിൽ 520 രൂപയുടെ വർധനയുണ്ടായി. 58,880 രൂപയായാണ് പവൻ വില വർധിച്ചത്.
സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്നിരുന്നു.ഔൺസിന് 2,741.50 ഡോളറായാണ് ഉയർന്നത്. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില റെക്കോഡിലേക്ക് എത്തിയിരുന്നു. ഔൺസിന് 2,758.37 ഡോളറായാണ് ഉയർന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും യു.എസ് തെരഞ്ഞെടുപ്പിലെ സംഭവവികാസങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണവിലയിൽ ഈ വർഷം വൻ വർധനവാണ് ഉണ്ടായത്.32 ശതമാനം വർധനയാണ് ഈ വർഷം മാത്രം ഉണ്ടായത്. പലിശനിരക്ക് കുറച്ചുള്ള ഫെഡറൽ റിസർവ് തീരുമാനം വില ഉയരുന്നതിനുള്ള കാരണമായി മാറി.
ഇതിനൊപ്പം യു.എസ് ഡോളർ ശക്തിയാർജിക്കുന്നതും വിവിധ വിപണികളിൽ സ്വർണവില ഉയരുന്നതിനുള്ള കാരണമായി മാറിയിട്ടുണ്ട്.