തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുമ്പോഴും ക്ഷേമവികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന്റെ വികസന, ക്ഷേമ നടപടികളെ പിന്നോട്ടടിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കേരളത്തിന് അർഹതപ്പെട്ടവ നിഷേധിക്കുന്നു. ഈ ഘട്ടത്തിലും ഒരൊറ്റ ക്ഷേമ വികസന പദ്ധതികളിൽനിന്നും സംസ്ഥാന സർക്കാർ പിന്നോട്ടുപോകില്ല. അതിന്റെ ദൃഷ്ടാന്തമാണ് ശബരി കെ റൈസ്.
16,25,000 മെട്രിക് ടൺ ഭക്ഷ്യധാന്യം കേരളത്തിനു കിട്ടിക്കൊണ്ടിരുന്നത് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയശേഷം 14,25,000 ആയി കുറഞ്ഞു. ഇതിൽ 10,26,000 മെട്രിക് ടൺ, 43 ശതമാനം വരുന്ന മുൻഗണനാ വിഭാഗത്തിന് നൽകാനുള്ളതാണ്. 33,294 മെട്രിക് ടൺ മാത്രമാണ് 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്ക് നൽകാനാകുക.
ഈ സാഹചര്യത്തിലാണ് എഫ്‌സിഐയിൽനിന്ന് ഒഎംഎസ് പദ്ധതിവഴി ലേലത്തിൽ പങ്കെടുത്ത് 29 രൂപ നിരക്കിൽ അരി വാങ്ങി 23ഉം 24 ഉം രൂപയ്‌ക്ക് വിതരണം ചെയ്‌തിരുന്നത്. കേരളം ചെയ്‌തുകൊണ്ടിരുന്ന ഈ ഇടപെടലാണ് കേന്ദ്രം തടഞ്ഞത്. ഇത് ഫെഡറൽ സംവിധാനം അംഗീകരിച്ച രാജ്യത്തിന് യോജിച്ച നടപടിയല്ല.
തങ്ങൾക്ക് തോന്നിയത് ചെയ്യും എന്ന മനോഭാവമാണ് കേന്ദ്ര സർക്കാരിനെന്നും കെ റൈസ് സംസ്ഥാനതല വിതരണോദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.