മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച പി വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ ജനാവലി. നിലമ്പൂരിലെ ചന്തക്കുന്നത്ത് നടന്ന പൊതുയോഗത്തിലേക്ക് ജനം ഒഴുകിയെത്തി.
ആറരക്ക് പ്രഖ്യാപിച്ച പൊതുയോഗത്തിലേക്ക് നാലു മണി മുതല്‍ തന്നെ ജനം ഒഴുകിയെത്തി. ഏഴു മണിയോടെയാണ് അന്‍വര്‍ വേദിയിലേക്ക് എത്തിയത്. ഇതോടെ ആവേശം അണപൊട്ടി. ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യത്തോടെയാണ് പ്രവര്‍ത്തകരും അനുകൂലികളും അന്‍വറിനെ സ്വീകരിച്ചത്. സിപിഎം അണികള്‍ മാത്രമല്ല പ്രദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പൊതുയോഗത്തിന് സ്വാഗതം പറഞ്ഞത് തന്നെ സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകുവായിരുന്നു.
പ്രാദേശിക നേതാക്കള്‍ കൂടി അന്‍വറിനൊപ്പം നില്‍ക്കുന്നതോടെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് സിപിഎമ്മിന് വ്യക്തമായിട്ടുണ്ട്
പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്.
പരാതിനല്‍കിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.