Thursday, November 14, 2024
Homeകേരളംഗര്‍ഭപാത്രം തകര്‍ന്ന് ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം.

ഗര്‍ഭപാത്രം തകര്‍ന്ന് ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം.

കോഴിക്കോട്: കോഴിക്കോട് എകരൂലില്‍ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

എകരൂല്‍ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

സംഭവത്തേക്കുറിച്ച്‌ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

പിന്നീട് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറില്‍ ഓപ്പറേഷൻ തിയേറ്ററിലേക്ക്കൊണ്ടുപോകുന്നതാണ് ബന്ധുക്കള്‍ കണ്ടത്. പിന്നീട് ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഗർഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗർഭപാത്രം നീക്കംചെയ്തു.

ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്.

അമ്മയും കുഞ്ഞും മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച്‌ ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്‍കി. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.

അതേസമയം, കുഞ്ഞിന് 37 ആഴ്ച എത്തിയിരുന്നുവെന്നും രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. പിന്നീട് രക്തസമ്മർദ്ദം നിയന്ത്രണത്തിലായി. നോർമല്‍ ഡെലിവറിക്കുവേണ്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടതോടെ സിസേറിയനുവേണ്ടി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. വയറ് തുറന്നപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നും ഗർഭപാത്രം തകർന്നിരുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. അശ്വതിക്ക് രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയും ഉണ്ടായി തുടർന്നാണ് ഗർഭപാത്രം നീക്കംചെയ്തത്. എഗ്മോ സംവിധാനം ആവശ്യമുള്ളതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും വിശദീകരണത്തില്‍ പറയുന്നു.

മരിച്ച അശ്വതിയുടെ പിതാവ്: സുധാകരൻ, മാതാവ്: രത്നകുമാരി മകൻ,ധ്യാൻ, സഹോദരി:അമൃത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments