നടൻ മോഹൻലാൽ ‘അമ്മ സംഘടനയിൽ നിന്നും രാജി വെച്ചു .’അമ്മ സംഘടനയിലെ 17 അംഗങ്ങളും രാജി വെച്ചു എന്നും വാർത്ത .അമ്മയിൽ കൂട്ടരാജി . ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
അതിനിടെ നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ ഏഴു പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി നടി മിനു മുനീർ. ഇ–മെയിലായിട്ടാണ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിൽ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്. 2008ൽ സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനു പറയുന്നു. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
റെസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്നു കെട്ടിപ്പിടിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും മിനു ആരോപിച്ചിരുന്നു. 2013ലാണ് ഇടവേള ബാബുവിൽ നിന്നു മോശം പെരുമാറ്റമുണ്ടായത് എന്നാണ് മിനു പറയുന്നത്. അമ്മയിൽ അംഗത്വം നേടാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ബാബു കഴുത്തിൽ ചുംബിച്ചെന്നു നടി പറയുന്നു. മിനുവിനു അമ്മയിൽ അംഗത്വം ലഭിച്ചില്ല.
നടന്‍ മുകേഷ് ഫോണിൽ വിളിച്ചും നേരിൽ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്ന് മിനു ആരോപിച്ചിരുന്നു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചെന്നും അവർ പറഞ്ഞിരുന്നു. മണിയൻപിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലിൽ മുട്ടിയെന്നും മിനു ആരോപിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളർ നോബിൾ, വിച്ചു, അഭിഭാഷകനായ ചന്ദ്രശേഖരൻ എന്നിവരാണ് മോശമായി പെരുമാറിയെന്ന് നടി ആരോപിച്ച മറ്റുള്ളവർ.