ഇടുക്കി: കാലവർഷം കനിഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനവ്. കഴിഞ്ഞ വർഷത്തേക്കാൾ 26 അടിയിലധികം വെള്ളം ഇടുക്കി ജലസംഭരണിയിലിപ്പോഴുണ്ട്. 2357.32 അടിക്കു മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 52 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. കാലവർഷം തുടങ്ങിയ ജൂൺ ഒന്നിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2332.28 അടിയായിരുന്നു. ഇതുവരെ 898 മില്ലീമീറ്റർ മഴയാണ് വൃഷ്ടി പ്രദേശത്ത് പെയ്തത്.
ഇതേത്തുടർന്ന് രണ്ടു മാസം കൊണ്ട് ജലനിരപ്പിൽ 25 അടിയോളം വർധനവുണ്ടായി.വേനൽ മഴ ശക്തമായപ്പോൾ ജലനിരപ്പ് കുറക്കാനായി ഉൽപ്പാദനം കൂട്ടിയിരുന്നു. മെയ് അവസാന വാരത്തിൽ ദിവസേന 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉൽപ്പാദിപ്പിച്ചു. കടുത്ത വേനലിനു ശേഷം ശക്തമായ മഴ പെയ്യുമെന്ന് പ്രചനമുണ്ടായിരുന്നു. അങ്ങനെ വന്നാൽ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഉൽപ്പാദനം കൂട്ടിയത്. മഴ ശക്തമായതോടെ ചെറുകിട പദ്ധതികളിലെ ഉൽപ്പാദനം കൂട്ടുകയും മൂലമറ്റത്തെ ഉൽപ്പാദനം കുറക്കുകയും ചെയ്തു.
ഇതാണ് ജലനിരപ്പ് കാര്യമായി ഉയരാൻ കാരണം. 2022 ൽ ജലനിരപ്പ് റൂൾ കർവിലെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് ഏഴിന് ഷട്ടർ ഉയർത്തേണ്ടി വന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം 2331 അടി വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2379 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. ഏഴു ദശലക്ഷത്തോളം യൂണിറ്റ് വൈദ്യുതിയാണിപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്. അതിതീവ്ര മഴ പെയ്താൽ വെള്ളം തുറന്നു വിടേണ്ടി വരിമെന്നാണ് കെഎസ്ഇബി യുടെ ആശങ്ക. ചെറുകിട അണക്കെട്ടുകളിലെല്ലാം പരമാവധി സംഭരണ ശേഷിക്കടുത്താണ് ജലനിരപ്പ്. ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും കഴിഞ്ഞ വർഷത്തേക്കാൾ ഏഴടി കൂടുതലാണ്. 128 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.