Thursday, November 14, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 06 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 06 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

ജീവിതം അതിൻ്റെ സ്വാഭാവികതയിൽ
നിലനിർത്താൻ ആകട്ടെ
———————————————————————————————

തൻ്റെ വീട്ടിലെത്തിയ ഗുരുവിനോടു ഗൃഹനാഥൻ പറഞ്ഞു: “എനിക്കും എൻ്റെ കുടുംബത്തിനും സന്തോഷം തരുന്ന ഒരു വാചകം എഴുതിത്തരണം” ഗുരു ഒരു കടലാസ് വാങ്ങി, അതിൽ എഴുതി: ”അച്ഛൻ മരിക്കുന്നു; മകൻ മരിക്കുന്നു; ചെറു മകൻ മരിക്കുന്നു”. ഗ്ലഹനാഥനു ദേഷ്യം വന്നു. അയാൾ ഗുരുവിനോടു ചോദിച്ചു: “സന്തോഷം പകരുന്ന വാക്കുകൾ എഴുതിത്തരണമെന്നു പറഞ്ഞപ്പോൾ, അങ്ങെന്തിനാണു മരണത്തേക്കുറിച്ച് എഴുതിയത്?” ഗുരു പറഞ്ഞു: “നിങ്ങളുടെ മകൻ നിങ്ങൾക്കു മുൻപേ മരിച്ചാൽ, അതു ദു:ഖകരമായിരിക്കും. നിങ്ങളുടെ ചെരുമകൻ നിങ്ങളുടെ മകനു മുമ്പായി മരിച്ചാൽ, അതും ദു:ഖകരമായിരിക്കും. എന്നാൽ, ഞാൻ എഴുതിയതു പോലെയാണു സംഭവിക്കുന്നതെങ്കിൽ അത് സ്വാഭാവിക നിയമവും , കുടുംബത്തെ സന്തോഷകരമായി മുമ്പോട്ടു നയിക്കുന്ന കാര്യവുമായിരിക്കും”.

ജീവിതത്തിൽ, സ്വാഭാവികമായി സംഭവിക്കേണ്ട ചില കാര്യങ്ങളുണ്ട്; നമുക്കവ സ്വീകാര്യമാണെങ്കിലും അല്ലെങ്കിലും. ആയുസ്സിൻ്റെ ഭംഗിയും ഗുണമേന്മയും നിശ്ചയിക്കുന്നത് അതാണ്. എല്ലാറ്റിനേയും ജീവിതത്തിൽ നിന്നൊഴിവാക്കാനാവില്ല. ചിലതിനോടു സമരം ചെയ്യേണ്ടി വരും; എന്നാൽ, ചിലതിനോടു സമരസപ്പെടേണ്ടിയും വരും. മരണത്തെ ഒഴിവാക്കാനാഗ്രഹിക്കുന്ന ആർക്കും, സന്തോഷത്തോടെ ജീവിക്കാനാവില്ല. ലോകത്തോടു നാം വിട പറയുന്ന സമയം ഏതെന്നു നമുക്കറിയില്ല എന്നതാണ് മനുഷ്യജീവിതത്തിൻ്റെ സന്തോഷപൂർണ്ണമായ നിലനില്പിൻ്റെ തന്നെ മുഖ്യ കാരണം.

ക്രമമാണ് ആനന്ദം; ക്രമരാഹിത്യം അപകടവും. എപ്പോഴും ഇരുൾ മാത്രമോ, എപ്പോഴും പ്രകാശം മാത്രമോ ആകരുത്. പ്രിയങ്കരമായവ മാത്രം നടന്നാൽ, അത് ക്രമവിരുദ്ധമാകും. ആകസ്മീകമായവയേക്കൂടി ഉൾക്കൊള്ളാൻ കഴിയുമ്പോഴാണ്, ജീവിതത്തിന് ക്രമവും ചിട്ടയും ഉണ്ടാകുക. ആഗ്രഹിച്ചതു പോലെ തന്നെ കാര്യങ്ങൾ നടക്കുമ്പോൾ, അത് ആസൂത്രണമികവ്! അപ്രതീക്ഷിതമായതിനെക്കൂടി അംഗീകരിക്കാനാകുമ്പോൾ, അത്, അതിജീവന മികവ്. ദൈവം സഹായിക്കട്ടെ … എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments