Tuesday, November 26, 2024
Homeകേരളംഎറണാകുളം പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യയ്ക്കും മക്കൾക്കും സഹായവുമായി ലുലു ഗ്രൂപ്പ്

എറണാകുളം പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യയ്ക്കും മക്കൾക്കും സഹായവുമായി ലുലു ഗ്രൂപ്പ്

കൊച്ചി: കുടുംബത്തിൻ്റെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കാമെന്ന് കൊച്ചി ലുലു ഗ്രൂപ്പ് പിആർഒ പറവൂർ സ്വദേശി സന്ധ്യയെ അറിയിച്ചു. സന്ധ്യയുടെ ദുരിതം സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പിആർഒയ്ക്ക് നിർദേശം നൽകുകയായിരുന്നു.

ഒരു രാത്രിപോലും കുടുംബത്തെ പുറത്തുകിടക്കാൻ അനുവദിക്കരുതെന്ന് യൂസഫലി പിആർഎയ്ക്ക് നിർദേശം നൽകി. സന്ധ്യയുടെ മുഴുവൻ ബാധ്യതയും ഏറ്റെടുത്തതിനു പുറമേ 10 ലക്ഷം രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് കൂടി കുടുംബത്തിൻ്റെ പേരിൽ ബാങ്കിൽ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. രാത്രി ഒൻപതരയോടെ ലുലു ഗ്രൂപ്പ് പിആർഒയുടെ സാന്നിധ്യത്തിൽ ധനകാര്യ സ്ഥാപന അധികൃതർ എത്തി സന്ധ്യയ്ക്കും കുടുംബത്തിനും വീട് തുറന്നുനൽകി.

എല്ലാവർക്കും നന്ദിയുണ്ടെന്നും വലിയ ആശ്വാസമായെന്നും സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. 2019ൽ ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിൻ്റെ നിർമാണം പൂർത്തിയാക്കാനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് നാല് ലക്ഷം രൂപയാണ് സന്ധ്യ വായ്പ എടുത്തത്. രണ്ട് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. വായ്പാ തിരിച്ചടവ് എട്ടു ലക്ഷം രൂപയായതോടെ ധനകാര്യ സ്ഥാപനം ജപ്തി നടപടിയിലേക്ക് കടക്കുകയായിരുന്നു.

സന്ധ്യയെ ജോലിസ്ഥലത്തുനിന്ന് വിളിച്ചുവരുത്തിയ ശേഷമാണ് ധനകാര്യ സ്ഥാപന അധികൃതർ തിങ്കളാഴ്ച വീട് ജപ്തി ചെയ്തത്. ഇതോടെ സന്ധ്യയും പറക്കമുറ്റാത്ത കുട്ടികളും അടങ്ങുന്ന കുടുംബം പെരുവഴിയിലായി. വീട്ടുമുറ്റത്തുതന്നെ ഇരിക്കുമെന്നും എവിടേയ്ക്കും പോകില്ലെന്നും സന്ധ്യ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ധ്യയെ ബന്ധപ്പെട്ടിരുന്നു. അതേസമയം നിയമപരമായി മാത്രമാണ് മുന്നോട്ടുപോയതെന്നാണ് ധനകാര്യ  സ്ഥാപന അധികൃതരുടെ വിശദീകരണം.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സന്ധ്യയ്ക്ക് മാസവരുമാനം 9,000 രൂപയാണ്. 8,000 രൂപയാണ് ധനകാര്യ സ്ഥാപനത്തിലേക്ക് മാസം അടക്കേണ്ടിയിരുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ രണ്ട് വർഷമായി അടവ് മുടങ്ങിയിരുന്നു. ബാങ്കിന് നൽകേണ്ട എട്ടു ലക്ഷത്തിന് പുറമേ നാല് ലക്ഷം രൂപയുടെ മറ്റ് കടങ്ങളും സന്ധ്യയ്ക്കുണ്ട്. അതേസമയം സന്ധ്യയുടെ ഭർത്താവിൻ്റെ പേരിലാണ് നിലവിൽ വീട് ഉൾപ്പെടുന്ന ഭൂമിയുള്ളത്. ഇത് തൻ്റെ പേരിലേക്ക് മാറ്റാനുള്ള സഹായവും സന്ധ്യ അധികൃതരിൽനിന്ന് തേടുന്നുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments