Friday, December 27, 2024
HomeKeralaജീര്‍ണിച്ച ആശയങ്ങള്‍ നുണപ്രചരണങ്ങളിലൂടെ തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കണം- മന്ത്രി സജി ചെറിയാന്‍.

ജീര്‍ണിച്ച ആശയങ്ങള്‍ നുണപ്രചരണങ്ങളിലൂടെ തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കണം- മന്ത്രി സജി ചെറിയാന്‍.

ആലപ്പുഴ: നവോത്ഥാന മൂല്യങ്ങള്‍ കവിതയിലേക്ക് പകര്‍ത്തിയ മഹാകവി കുമാരനാശാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എതിര്‍ത്ത ജീര്‍ണിച്ച ആശയങ്ങള്‍ പെരും നുണകളിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കുമാരനാശാന്‍ ചരമശതാബ്ദി സമ്മേളനം പല്ലന കുമാരനാശാന്‍ സ്മാരക മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകവി കുമാരനാശാന്‍ സ്മാരകത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി.

കേരളത്തിന് വെളിച്ചം പകര്‍ന്ന മഹാ വ്യക്തിത്വമായിരുന്നു ആശാന്‍. അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്‍ പോലും ചിലര്‍ നുണകള്‍ പ്രചരിപ്പിച്ചു. ആശാന്‍ പ്രധാനമായും ഇടപെട്ടത് കേരളത്തിലെ നവോത്ഥാന മേഖലയിലാണ്. മനുഷ്യ കഥകളും സാമൂഹ്യ പ്രശ്‌നങ്ങളും ശക്തമായി സാഹിത്യത്തിലേക്ക് എത്തിത്തുടങ്ങിയത് ആശാന്‍ കവിതകളിലൂടെയായിരുന്നു. മലയാള കവിതയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

നൂറ്റാണ്ടുകളായി ഒരു വലിയ ജനവിഭാഗത്തെ ആട്ടിയും അകറ്റിയും നിര്‍ത്തിയ മേലാളന്മാരുടെ ആധിപത്യം അവസാനിക്കണമെന്ന് ലോകത്തോട് പ്രഖ്യാപിച്ച മഹാനായിരുന്നു കുമാരനാശാന്‍. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന വിശ്വപ്രസിദ്ധമായ ആഹ്വാനം നടത്താന്‍ അദ്ദേഹത്തിനായി. മിന്നല്‍കൊടി പോലെ മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കി നൈമിഷികമായി ജീവിതം അവസാനിപ്പിക്കുന്നതാണ് ഏറ്റവും മഹനീയം എന്ന് വീണ പൂവില്‍ അദ്ദേഹം പറയുന്നുണ്ട്. അങ്ങനെ ഒരു ജീവിതമായിരുന്നു ആശാന്റേത്. അതുകൊണ്ട് തന്നെ നൂറു വര്‍ഷത്തിനിപ്പുറവും അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നു.

കുമാരനാശാന്‍ ചരമശതാബ്ദിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങള്‍, ആശയ വിനിമയങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ആശാന്‍ സ്മരണകള്‍ രേഖപ്പെടുത്തുന്ന കേന്ദ്രം സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാമപുരം ചന്ദ്രബാബു അധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാര്‍ പണ്ഡവത്ത്, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന്‍, കുമാരനാശാന്‍ സ്മാരക സമിതി സെക്രട്ടറി ടി. തിലകരാജന്‍, സംഘാടകസമിതി ചെയര്‍മാന്‍ എം. സത്യപാലന്‍, മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാര്‍, സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാന്‍, തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി. ജയപ്രകാശ്, കാര്‍ത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എന്‍.എന്‍. നമ്പി, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം സി. ശ്രീകുമാര്‍ ഉണ്ണിത്താന്‍, പല്ലന എം.കെ.എം.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ എ. ഹമീദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്യാംസുന്ദര്‍, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ കുമാരനാശാന്‍ സ്മാരക സമിതി ട്രഷററുമായ പി.എ. സജീവ് കുമാര്‍, മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പല്ലന കുമാരനാശാന്‍ സ്മാരക സമിതിയുടെയും തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കുട്ടികളുടെ കലാമത്സരങ്ങള്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ ഉദ്ഘാടനം ചെയ്തു. കുമാരനാശാന്‍ സ്മാരക സമിതി അംഗം കുമാരകോടി ബാലന്‍ അധ്യക്ഷനായി. തുടര്‍ന്ന് തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ ഗ്രാമപഞ്ചായത്തുകളിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ കലാപരിപാടികള്‍ അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments