സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ 2,905 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022-ൽ ഇത് 773 ആയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാജ ഐഡി എന്നിവയിലൂടെയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടന്നിരിക്കുന്നത്. കൂടാതെ, ഫോട്ടോകൾ മോർഫ് ചെയ്തും, നഗ്നചിത്രങ്ങൾ കാട്ടിയും നിരവധി തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇതിൽ നിന്നെല്ലാം വൻ തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
സൈബർ തട്ടിപ്പുകൾക്ക് പുറമേ, 2023-ൽ മറ്റ് ക്രൈം കേസുകളും കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022-നേക്കാൾ 5,101 ക്രൈം കേസുകളാണ് 2023-ൽ രജിസ്റ്റർ ചെയ്തത്. കൊലപാതകശ്രമം, കവർച്ച, മോഷണം, തട്ടിപ്പ്, വിശ്വാസവഞ്ചന, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇക്കാലയളവിൽ വർദ്ധിച്ചിട്ടുള്ളത്. 2022-ൽ 2,35,858 ഐപിസി കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2023-ൽ ഇത് 2,40,959 എണ്ണമായാണ് ഉയർന്നത്.