ഡൽഹി: ഉത്തരേന്ത്യയിൽ തണുപ്പ് കൂടുന്നു. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മഞ്ഞുവീഴ്ച ശക്തമായതിനാലും കാഴ്ച പരിമിതി കുറവായതിനാലും ഹിമാചൽ പ്രദേശ് , ഉത്തരാഖണ്ഡ് , ജമ്മു കശ്മീർ എന്നിവടങ്ങളിലെ മിക്ക പ്രധാനപാതകളും അടച്ചിരിക്കുകയാണ്. കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മൈനസ് 3 മുതൽ 6 വരെയാണ് താപനില രേഖപ്പെടുത്തിയത്.
ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമായി തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 6 മുതൽ 8 ഡിഗ്രിവരെയാണ് തണുപ്പ് രേഖപ്പെടുത്തിയത്. അതേസമയം, തണുപ്പ് ആസ്വദിക്കാനായി ജമ്മു കശ്മീരിലേക്കും ഹിമാചൽ പ്രാദേശിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി പലയിടങ്ങളിലും പോലീസ് വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. പലയിടങ്ങളിലുമായി കുടുങ്ങി കിടക്കുന്ന സഞ്ചാരികളെ പോലീസും സുരക്ഷ സേനയും ചേർന്ന് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നുണ്ട്.
കശ്മീരിൽ ജനുവരി 4 മുതൽ 6 വരെ മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ജമ്മു കശ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കശ്മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസുവഴിയുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, തണുത്ത താപനില കാരണം വിതരണ പൈപ്പുകളും ടാപ്പുകളും രാത്രിയിൽ മരവിച്ചതിനാൽ ഇത് ജലവിതരണത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. നാളെ മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗമെത്തുമെന്നും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
ശൈത്യകാലം ആരംഭിച്ചതോടെ വിവിധയിടങ്ങളിൽ നിന്നും സഞ്ചാരികൾ പങ്കുവെയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കഴിഞ്ഞ ദിവസം മണാലിയിൽ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുന്ന ട്രക്കിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഈ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇതോടൊപ്പം ഡൽഹിയിലും അതിശൈത്യം തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഞ്ഞുമൂലം കാഴ്ച പരിമിതി കുറവായിരിക്കുമെന്നും അത്യാവശ്യഘട്ടങ്ങളിൽ മാത്രം വാഹങ്ങൾ നിരത്തിൽ ഇറക്കിയാൽ മതിയെന്നും മുന്നറിയിപ്പിൽ പറയുന്നു.