ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ എൻസിസിയുടെ (നാഷണൽ കേഡറ്റ് കോർപ്സ്) പേരിൽ വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ മുഖ്യ പ്രതി ജീവനൊടുക്കി.
അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ മുൻ നാം തമിഴർ പാർട്ടിയുടെ നേതാവ് കൂടിയായ ശിവരാമൻ (30)എലി വിഷം കഴിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ ശിവരാമന്റെ അച്ഛൻ വ്യാഴാഴ്ച രാത്രി റോഡപകടത്തിൽ മരിച്ചിരുന്നു. മദ്യപിച്ച് ഇരുചക്രവാഹനം ഓടിച്ച് അപകടത്തിൽപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിന് ഒടിവ് സംഭവിച്ച് ചികിത്സയിലായിരുന്ന ഇയാളെ കൃഷ്ണഗിരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സേലത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.
ശിവരാമൻ ഉൾപ്പെടെ 11 പേരെ ബർഗൂർ ഓൾ വനിതാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ നടന്ന വ്യാജ എൻസിസി ക്യാമ്പിൽ 17 പെൺകുട്ടികൾ ഉൾപ്പെടെ 41 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടി മാതാപിതാക്കളോട് തനിക്ക് നേരിട്ട വിവരം പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്.
പീഡന വിവരം അറിഞ്ഞ സ്കൂൾ അധികൃതർ, സംഭവം പൊലീസിനെ അറിയിക്കാൻ തയാറായില്ല. ഇക്കാര്യം പുറത്തറിയിക്കാതെ മറച്ചുവെക്കാൻ കുട്ടികളെ നിർബന്ധിച്ചെന്നും ജില്ലാ പൊലീസ് മേധാവി പി തങ്കദുരൈ പറഞ്ഞു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.