Wednesday, September 25, 2024
Homeഇന്ത്യഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത ലോറിയിൽ നിന്ന് ലഭിച്ച മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത ലോറിയിൽ നിന്ന് ലഭിച്ച മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

ഷിരൂർ :- കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറിയാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിൽ കണ്ടെടുത്തത്. കണ്ടെടുത്ത മൃതദേഹം ഡിഎൻഎ പരിശോധന നടത്തിയ ശേഷം ബന്ധപ്പെട്ടവർക്ക് വിട്ടുനൽകുമെന്ന് ജില്ലാ കളക്ടർ കെ ലക്ഷമിപ്രിയ പറഞ്ഞു.

ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ കാർവാറിലെ ആശുപത്രിയിലേക്ക് മാറ്റി.ഡിഎൻഎ പരിശോധന ഒഴിവാക്കി മൃതദേഹം അർജുൻ്റെ കുടുംബത്തിന് വിട്ടുനൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മൃതദേഹത്തിൻ്റെ സാംപിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനും ശരീരം ബന്ധുക്കൾക്ക് കൈമാറുമെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ അർജുൻ ഓടിച്ചിരുന്ന ലോറിയിലെ ക്യാബിനിൽ നിന്ന് ലഭിച്ച മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ കളക്ടർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

രണ്ട് ദിവസത്തിനകം ഡിഎൻഎ പരിശോധനാഫലം ലഭിക്കുമെന്ന് കളക്ടർ അറിയിച്ചു. അർജുൻ്റെ ബന്ധുക്കളുടെ ഡിഎൻഎ സാംപിളികൾ ശേഖരിച്ചിട്ടുണ്ട്. അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിൽ നിന്നുള്ള സാംപിളുകൾ ശേഖരിക്കും. മറ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കളക്ടർ അറിയിച്ചു.

ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ അർജുൻ്റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധന നടപടികൾക്കായി മൃതദേഹം അയക്കും. മംഗളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ നടത്തുക. പരിശോധനാ ഫലം ലഭിച്ച ശേഷമാകും മൃതദേഹം അർജുൻ്റേതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയെന്നും എംഎൽഎ വ്യക്തമാക്കി.

മൃതദേഹം അർജുൻ്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന വേണമെന്ന് കുടുംബവും നിലപാടറിയിച്ചു. അർജുൻ്റെ വീട്ടിൽ എത്തിയ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയോട് കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടു. കളക്ടറുമായി സംസാരിക്കുമെന്നും ആവശ്യമായ എല്ലാ സഹായവും സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും രവീന്ദ്രൻ എംഎൽഎ അർജുൻ്റെ കുടുംബത്തിന് ഉറപ്പുനൽകി.

അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയടക്കം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ലോറി പൂർണമായും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞതാണ് തിരച്ചിൽ ഫലം കാണാൻ സഹായമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments