ന്യൂഡൽഹി :-കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ കുട്ടികളുടെ ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചതായും നവംബർ 2-ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.2023 ഏപ്രിൽ 10ലെ സുപ്രീം കോടതി ഉത്തരവും കേന്ദ്രം പരാമർശിച്ചു. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും സർക്കാർ, സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
ആർത്തവകാലത്തെ അവബോധത്തിൻ്റെ തടസ്സങ്ങളെ മറികടക്കാൻ ഗവൺമെൻ്റ് സ്കൂൾ സംവിധാനത്തിനുള്ളിൽ ആർത്തവ ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും നയത്തിൽ ലക്ഷ്യമിടുന്നു. ദോഷകരമായ സാമൂഹ്യധാരണകൾ ഇല്ലാതാക്കാനും സുരക്ഷിതമായ ആർത്തവ ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതായും കേന്ദ്രം പറഞ്ഞു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.
സർക്കാർ, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാർഥികൾക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദില്ലി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ലക്ഷ്യങ്ങൾ കൈവരിച്ചായും മുൻ കോടതി ഉത്തരവുകൾ പാലിക്കുന്നതായും കേന്ദ്രം അറിയിച്ചു.
ആൺകുട്ടികൾക്കായി 16 ലക്ഷം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി 17.5 ലക്ഷം ടോയ്‌ലറ്റുകളും 10 ലക്ഷം സർക്കാർ സ്‌കൂളുകളിലായി നിർമിച്ചു. പശ്ചിമ ബംഗാളിൽ 99.9 ശതമാനം സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഉത്തർപ്രദേശിൽ 98.8 ശതമാനം സ്‌കൂളുകളിൽ ഇത്തരം പ്രത്യേക സൗകര്യങ്ങളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ 99.7, കേരളത്തിൽ 99.6, സിക്കിം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ 99.5, ഛത്തീസ്ഗഡിൽ 99.6, കർണാടകയിൽ 98.7, മധ്യപ്രദേശിൽ 98.6, മഹാരാഷ്ട്രയിൽ 97.8, രാജസ്ഥാനിൽ 98, ബിഹാറിൽ 98.5, ഒഡീഷയിൽ 96.1 ശതമാനവും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.