ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടിൽ യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ്, ഭർതൃ മാതാവ്, ഭർതൃ സഹോദരൻ, ഇവരുടെ ബന്ധു എന്നിവരെയാണ് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 24നാണ് ആഷിക പർവീണിനെ (22) വിഷം കഴിച്ച നിലയിൽ ഭർതൃഗൃഹത്തിൽ കണ്ടെത്തിയത്. തുടർന്ന് ആഷികയെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ ആഷികയുടെ ഭർത്താവ് ഇമ്രാൻ (30), ഭർതൃമാതാവ് യാസ്മിൻ (49), ഭർതൃ സഹോദരൻ മുഖ്താർ (23), ഇവരുടെ ബന്ധു ഖാലിബ് (56) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.
മകളുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ യുവതിയുടെ വീട്ടുകാർ ഇതോടെ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശ പ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കൊല്ലപ്പെട്ട യുവതി ക്രൂരമായ മർദനത്തിനിരയായതായി തിരിച്ചറിഞ്ഞിരുന്നു.
കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ, ഭർത്താവും വീട്ടുകാരും ചേർന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.ഊട്ടി കണ്ടൽ സ്വദേശിയായ ഇമ്രാനും ആഷിക പർവീണും 2021ലാണ് വിവാഹിതരായത്. വിവാഹശേഷം ഭർത്താവും ഭർതൃമാതാവും ചേർന്ന് തന്നെ മർദിച്ചിരുന്നതായി യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു.