മുംബൈ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം. രേഷ്മ മുസാഫർ ഖ്വാസി (41)യാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്.അമ്മയ്ക്ക് തന്നേക്കാൾ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു.
മകനോടൊപ്പമായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് ഇളയ മകളെ കാണാൻ പോയതായിരുന്നു സാബിറ. മൂന്നു പെൺമക്കളാണ് ഇവർക്കുള്ളത്. ഇതിൽ ഏറ്റവും ഇളയവളായ രേഷ്മയാണ് കൊല നടത്തിയത്.
മകളുടെ വീട്ടിലെത്തിയതും അമ്മ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് രേഷ്മ ആരോപിച്ചു. ഏറ്റവും മൂത്തമകളായ സൈനബിയോടാണ് അമ്മയ്ക്ക് കൂടുതൽ ഇഷ്ടമെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. ഇത് ഒടുവിൽ കൈയാങ്കളിയിലെത്തി. തുടർന്ന് പ്രതി അടുക്കളയിൽ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു
സാബിറ ബാനോ ഖുറേഷിയുടെ കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിൽ മറ്റെന്തിലും കാരണമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അമ്മയുടെ മരുന്ന് വാങ്ങൽ അടക്കമുള്ള കാര്യങ്ങൾ താനാണ് നോക്കിയിരുന്നുതെന്നും സാബിറ കൂടുതൽ സമയവും തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും സൈനബി പൊലീസിനോട് പറഞ്ഞു. ഇതേ ചൊല്ലി സഹോദരി തന്നോട് വഴക്കിടാറുണ്ടെന്നും സൈനബി പറഞ്ഞു. 2021ൽ ഇത്തരമൊരു വഴക്കിൽ രേഷ്മ സൈനബിക്കെതിരെ പരാതി നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രേഷ്മയുടെ വീട്ടിൽ സാബിറ സൈനബിയെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുമായിരുന്നുവെന്നും ഇത് ഇളയ സഹോദരിക്ക് അത്ര ഇഷ്ടമല്ലായിരുന്നുവെന്നും ഇത് പലപ്പോഴും വാക്കുതർക്കങ്ങൾക്ക് കാരണമായെന്നും സൈനബി പൊലീസിനോട് പറഞ്ഞു.