ബിജെപി അംഗത്വ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അംഗത്വം പുതുക്കി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് അംഗത്വം പുതുക്കി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് ബിജെപി ദേശീയ ആസ്ഥാനത്താണ് ഉദ്ഘാടന സമ്മേളനം. നിലവിലുള്ള എല്ലാ അംഗങ്ങളും അംഗത്വം പുതുക്കേണ്ടതുണ്ട്. ബിജെപിയുടെ ഭരണഘടനയനുസരിച്ച്, ഓരോ ആറു വർഷത്തിലൊരിക്കൽ മെമ്പർഷിപ്പ് വിതരണം നടത്തും.
2014ലും 2019ലും മോദിയാണ് അംഗത്വ വിതരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. 2014 മുതല്‍ 2019 വരെ ഏകദേശം 18 കോടി പേരാണ് അംഗങ്ങളായത്. പ്രാഥമിക അംഗത്വവിതരണത്തിന്റെ ആദ്യഘട്ടം സെപ്റ്റംബർ 2 മുതല്‍ 25 വരെയും രണ്ടാംഘട്ടം ഒക്ടോബർ ഒന്ന് മുതല്‍ 15 വരെയുമാണ്. ഒക്ടോബർ 16 മുതല്‍ 31 വരെ സജീവ അംഗത്വ കാമ്പയിന്‍ നടക്കും. നവംബര്‍ ഒന്നു മുതല്‍ 10 വരെ പ്രാഥമിക, സജീവ അംഗത്വ രജിസ്റ്റര്‍ തയാറാക്കും.
വ്യക്തികൾക്ക് മിസ്ഡ് കോള്‍ ചെയ്തും നമോ ആപ്പ് വഴിയും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പാര്‍ട്ടി വെബ്‌സൈറ്റിലൂടെയും അംഗങ്ങളാകാം.മെമ്പര്‍ഷിപ്പ് കാമ്പയിന്റെ വിജയത്തിനായി ദേശീയതലം മുതല്‍ ശക്തികേന്ദ്രതലം വരെ വിശദമായ മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ ഒന്‍പതംഗ സമിതിയും സംസ്ഥാന തലത്തില്‍ നാലു മുതല്‍ ആറ് അംഗങ്ങള്‍ വരെയുള്ള സമിതിയുമുണ്ട്. ജില്ലാതലത്തിലും ഡിവിഷണല്‍ തലത്തിലും സമിതികളുണ്ട്.