ന്യൂഡൽഹി: തദ്ദേശീയമായി രൂപകൽപന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ 2023 ഡിസംബറോടെ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
കൽക-ഷിംല പൈതൃക നഗരങ്ങളിലൂടെയാകും ട്രെയിൻ ഓടുക. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് വന്ദേ മെട്രോ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഭാരതത്തിന്റെ ചരിത്രം ഉറങ്ങുന്ന പാതകളായ ഡാർജിലിംഗ്- ഹിമാലയൻ റെയിൽവേ, നീൽഗിരി മൗണ്ടൻ റെയിൽവേ, കൽക- ഷിംല റെയിൽവേ, മതേരൻ ഹിൽ റെയിൽവേ, കാംഗ്ര വാലി, ബിൽമോറ വാഗയ്, മാർവാർ- ദേവ്ഗാർഹ് മദ്രിയ എന്നിവയിലൂടെയാണ് ആദ്യ ഹൈഡ്രജൻ ട്രെയിൻ തുടക്കത്തിൽ ഓടുക. 1950-കളിലും 60-കളിലും രൂപകൽപന ചെയ്ത വന്ദേ മെട്രോ ട്രെയിനുകൾക്ക് പകരമുള്ള ലോകോത്തര നിലവാരമുള്ള വന്ദേ മെട്രോയാണ് റെയിൽവേ നിർമിച്ചത്.
വന്ദേ ഭാരത് ട്രെയിനുകൾ ഡിസൈൻ ചെയ്ത എഞ്ചീനിയർമാരാണ് വന്ദേ മെട്രോയും രൂപകൽപന ചെയ്തത്.
ഹൈഡ്രജൻ ട്രെയിനുകൾ കാർബൺ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയവ പോലുള്ള മാരക വാതകങ്ങൾ പുറന്തള്ളുകയില്ല എന്നുള്ളതിനാൽ യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നു. കാറ്റ്, സൗരോർജ്ജം, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും എന്നതാണ് ഇത്തരം ട്രെയിനുകളുടെ പ്രത്യേകത.