ന്യൂഡൽഹി> ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖാ ശർമയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗാൾ എംപി മഹുവാ മൊയ്‌ത്രയ്‌ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.
പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 79–-ാം വകുപ്പ് (സ്‌ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുംവിധമുള്ള വാക്ക്, പ്രവൃത്തി, ആംഗ്യം) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഹാഥ്‌രസ് ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ രേഖാ ശർമ സന്ദർശിച്ച ഘട്ടത്തിൽ അവർക്കായി മറ്റൊരാൾ കുട പിടിച്ചുനിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ ചിത്രം പങ്കുവച്ച മഹുവ നൽകിയ അടിക്കുറിപ്പ് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനിതാ കമീഷന്റെ പരാതിപ്രകാരമാണ് മഹുവയ്‌ക്കെതിരായി ഡൽഹി പൊലീസ് കേസെടുത്തത്. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയോടും രേഖാ ശർമ പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം എത്രയും വേഗം നടപടിയെടുക്കാൻ ഡൽഹി പൊലീസിനെ മഹുവ വെല്ലുവിളിച്ചു.